print edition 6 പേർക്ക് പുതുജീവനേകി ജയി മടങ്ങി; ഹൃദയം 14കാരിയിൽ മിടിച്ചു തുടങ്ങി

ജയി ജയകുമാർ (ഇടത്), ഹൃദയവുമായി തിരുവനന്തപുരത്തു നിന്ന് ഹെലികോപ്‌റ്ററിൽ കൊച്ചയിലെത്തിയപ്പോൾ (വലത്)
തിരുവനന്തപുരം/ കൊച്ചി: മരണാനന്തര അവയവദാനത്തിലൂടെ ആറുപേർക്ക് പുതുജീവൻ പകർന്ന് നൽകി ജയി ജയകുമാർ (35) യാത്രയായി. മസ്തിഷ്‌കമരണം സംഭവിച്ച കിളിമാനൂർ കായാട്ടുകോണം വൃന്ദാവനം വീട്ടിൽ ജയിയുടെ ഹൃദയം എറണാകുളം ലിസി ആശുപത്രിയിൽ കഴിയുന്ന മലപ്പുറം മൂക്കുതലയിലെ പതിനാലുകാരിക്ക് തുന്നിച്ചേർത്തു. ഡോ.ജോസ് ചാക്കോ പെരിയപുറത്തിന്റെ നേതൃത്വത്തിലായിരുന്നു ശസ്‌ത്രക്രിയ. വൈകിട്ട് 5.30ഓടെ ഹൃദയം സ്‌പന്ദിച്ചു തുടങ്ങിയിരുന്നു. രാത്രി ഒന്പതോടെ ശസ്‌ത്രക്രിയ പൂര്‍ത്തിയായി.
വ്യാഴാഴ്ച പുലര്‍ച്ചെ നാലിനാണ് ലിസി ആശുപത്രിയിൽ നിന്ന് ഡോ.ജീവേഷ് തോമസ്, ഡോ.ജോ ജോസഫ്, ഡോ.അരുണ്‍ ജോര്‍ജ് എന്നിവരുടെ നേതൃത്വത്തിലുള്ള മെഡിക്കല്‍ സംഘം തിരുവനന്തപുരത്തേക്ക് തിരിച്ചത്. സംസ്ഥാന സര്‍ക്കാര്‍ വാടകയ്‌ക്ക് എടുത്തിരിക്കുന്ന ഹെലികോപ്റ്ററില്‍ മെഡിക്കല്‍ സംഘം ഉച്ചയ്ക്ക് 1.47ന് തിരുവനന്തപുരത്തുനിന്ന് ഹൃദയവുമായി കൊച്ചിയിലേക്ക് പുറപ്പെട്ടു. 2.42ന് കൊച്ചി ഗ്രാൻഡ് ഹയാത്തിൽ എത്തി. പൊലീസ് ഒരുക്കിയ ഗ്രീന്‍ കോറിഡോറിലുടെ നാലുമിനിറ്റ് കൊണ്ട് ലിസി ആശുപത്രിയിലേക്ക്. തുടർന്ന് വിജയകരമായ ശസ്‌ത്രക്രിയ. അടുത്ത ൪൮ മണിക്കൂര്‍ നിര്‍ണായകമാണെന്ന് ഡോ. ജോസ് ചാക്കോ പെരിയപ്പുറം പറഞ്ഞു. ലിസി ആശുപത്രിയിലെ 32–-ാമത്തെ ഹൃദയം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയാണിത്. ഇതില്‍ ഒമ്പതുതവണയും വ്യോമമാര്‍ഗമാണ് ഹൃദയം എത്തിച്ചത്. പൂര്‍ണമായും സൗജന്യമായാണ് സര്‍ക്കാര്‍ ഹെലികോപ്റ്റര്‍ വിട്ടുനല്‍കിയത്.
തിരുവനന്തപുരം സെൻട്രൽ സ്റ്റേഷനിൽനിന്ന് വ്യാഴം വൈകിട്ട് 4.05-ന് പുറപ്പെട്ട വന്ദേഭാരത് എക്സ്പ്രസിലാണ് ജയി ജയകുമാറിന്റെ ഒരു വൃക്ക കോഴിക്കോട്ടേക്ക് കൊണ്ടുപോയത്. രാത്രി 9.30- ഓടെ കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ എത്തിച്ചു. കോഴിക്കോട് സർക്കാർ മെഡിക്കൽ കോളേജിലെ രോഗിയിൽ വൃക്ക വച്ചുപിടിപ്പിക്കും. ഒരു വൃക്കയും കരളും കിംസ് ആശുപത്രിയിലെയും രണ്ട് നേത്രപടലങ്ങൾ തിരുവനന്തപുരം റീജണൽ ഒഫ്ത്താൽ മോളോജിയിലെയും രോഗികൾക്കുമാണ് നല്‍കിയത്. കെ-സോട്ടോ നേതൃത്വത്തിലാണ് നടപടികൾ ഏകോപിപ്പിച്ചത്.
കഴക്കൂട്ടം ടെക്‌നോപാർക്കിലെ ജീവനക്കാരിയായിരുന്നു ജയി. കഴിഞ്ഞ ബുധനാഴ്‌ചയാണ് കിംസ് ആശുപത്രിയിൽ ജയിയുടെ മസ്തിഷ്ക മരണം സ്ഥിരീകരിച്ചത്. തുടർന്ന് കുടുംബാംഗങ്ങൾ അവയവദാനത്തിന് സമ്മതിക്കുകയായിരുന്നു. അച്ഛൻ: ജയകുമാർ. അമ്മ: അംബിക. സഹോദരി: ജയു. മകൻ: പൃഥ്വിഷ്.









0 comments