ad
Deshabhimani

നാല് പേർക്ക് പുതുജീവനേകി ജാസ്‍ലിയ മടങ്ങി; അവയവങ്ങൾ ദാനം ചെയ്തു

Jasliya.jpg

ജാസ്ലിയ ജോൺസൺ

വെബ് ഡെസ്ക്

Published on Mar 03, 2026, 05:07 PM | 2 min read

ആലുവ: അപ്രതീക്ഷിതമായി എത്തിയ മരണം ഒരു കുടുംബത്തെ കണ്ണീരിലാഴ്‌ത്തുമ്പോഴും നാല് പേർക്ക് ജീവിതത്തിന്റെ വെളിച്ചം പകർന്നുനൽകി ജാസ്‍ലിയ ജോൺസൺ (19) മടങ്ങി. അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ജസ്ലിയ ചൊവ്വ പുലർച്ചെ 6.38 ഓടെയാണ് മരിച്ചത്. മസ്‌തിഷ്‌കമരണം സ്‌ഥിരീകരിച്ചതോടെ ബന്ധുക്കൾ അവയവദാന സന്നദ്ധത അറിയിച്ചു.


ജാസ്ലിയയുടെ അച്ഛൻ്റെ സമ്മതപ്രകാരം സർക്കാർ സംവിധാനമായ കെ-സോട്ടോ വഴിയാണ് അവയവദാന പ്രക്രിയകൾ ഏകോപിപ്പിച്ചത്. ജാസ്ലിയയുടെ കരൾ ആലുവ രാജഗിരി ആശുപത്രിയിൽ ചികിത്സയിലുള്ള രോഗിക്കും, വൃക്കകൾ കോട്ടയം മെഡിക്കൽ കോളേജ്, അമൃത ആശുപത്രി എന്നിവിടങ്ങളിലേക്കും, നേത്രപടലം അങ്കമാലി ലിറ്റിൽഫ്ലവർ ആശുപത്രിക്കും കൈമാറും.


എടവനക്കാട് സ്വദേശിയായ ജാസ്‍ലിയ അങ്കമാലി മോണിംഗ് സ്റ്റാർ കോളേജിലെ രണ്ടാം വർഷ ബികോം വിദ്യാർത്ഥിനിയായിരുന്നു. പഠനത്തോടൊപ്പം പാർട്ട് ടൈം ജോലി ചെയ്തിരുന്ന ജാസ്ലിയ, ഫെബ്രുവരി 28ന് ജോലി കഴിഞ്ഞ് മടങ്ങുന്നതിനിടെയാണ് അങ്കമാലി ടെൽക് ജംഗ്ഷനിൽ വെച്ച് അപകടത്തിൽപ്പെട്ടത്. കാർ ഇടിച്ചുണ്ടായ അപകടത്തിൽ ജാസ്‍ലിയയുടെ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. പട്രോളിംഗ് ഡ്യൂട്ടിയിലുണ്ടായിരുന്ന അങ്കമാലി പൊലീസാണ് ജാസ്ലിയയെ അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചത്. പരുക്ക് അതീവ ഗുരുതരമായതിനാൽ വിദഗ്ധ ചികിത്സയ്ക്കായി രാജഗിരി ആശുപത്രിയിലേക്ക് മാറ്റി. ഡോക്ടർമാരുടെ തീവ്രശ്രമങ്ങൾക്കും ജാസ്‍ലിയയെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാനായില്ല.


പഠനത്തോടൊപ്പം ‌സ്പോർട്‌സിലും കഴിവ് തെളിയിച്ച പ്രതിഭയായിരുന്നു ജാസ്ലിയ. ഒരു സാധാരണ കുടുംബത്തിൻ്റെ പ്രതീക്ഷയായി മോണിംഗ് സ്‌റ്റാർ കോളേജിലെത്തിയ ജാസ്ലിയ പഠനത്തോടൊപ്പം സ്പോർട്‌സിൽ യുണിവേഴ്‌സിറ്റി തലത്തിൽ നിരവധി മെഡലുകളും നേടി. വൈപ്പിൻ എടവനക്കാട് സ്വദേശിനിയായ ജാസ്‌ലിയ കളത്തിപ്പറമ്പിൽ ജോൺസന്റെയും ലീമയുടെയും മകളാണ്. സഹോദരൻ: ജാസിൻ.



ഒരുമാസത്തിനിടെ കേരളത്തിൽ നടക്കുന്ന മൂന്നാം അവയവദാനമാണിത്. സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ അവയവദാതാവായി ചരിത്രം സൃഷ്ടിച്ച ആലിന്‍റെയും ചടയമംഗലം ബ്ലോക്ക് പഞ്ചായത്ത് എൽഡി ക്ലർക്ക് ജിജിന്‍റെയും അവയവങ്ങളാണ് ഫെബ്രുവരിയിൽ കെ-സോട്ടോ വഴി ദാനം ചെയ്തത്.


10 മാസം പ്രായമുള്ള ആലിൻ ഷെറിൻ എബ്രഹാം ഫെബ്രുവരി 13നാണ് മരിച്ചത്. മസ്തിഷ്ക മരണം സംഭവിച്ചതിനെത്തുടർന്ന് കുട്ടിയുടെ അച്ഛൻ പത്തനംതിട്ട മല്ലപ്പള്ളി സ്വദേശി അരുൺ എബ്രഹാമും അമ്മ ഷെറിൻ ആൻ ജോണും അവയവദാനത്തിന് സന്നദ്ധത അറിയിക്കുകയായിരുന്നു. കരൾ, രണ്ട് വൃക്ക, ഹൃദയവാൽവ്, രണ്ട് നേത്ര പടലങ്ങൾ എന്നിവയാണ് ദാനം ചെയ്തത്. ഫെബ്രുവരി 24ന് മസ്‌തിഷ്‌കമരണം സംഭവിച്ച ജിജിന്റെ നേത്രപടലങ്ങൾ, വൃക്ക, ഹൃദയം, കരൾ, പാൻക്രിയാറ്റിക് ഗ്രന്ഥി എന്നിവയാണ്‌ ദാനം ചെയ്തത്.




deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home