കോൺഗ്രസിൽ അടിമൂത്തു; നേതാവാര്

സുജിത് ബേബി
Published on Jan 06, 2025, 01:48 AM | 1 min read
തിരുവനന്തപുരം > നേതാവാരെന്നതിനെ ചൊല്ലി കോൺഗ്രസിൽ പോര് മുറുകി. സാമുദായിക നേതാക്കളുടെ പിന്തുണയുറപ്പിച്ച് മുൻനിരക്കാരനാകാനുള്ള രമേശ് ചെന്നിത്തലയുടെ ഓട്ടത്തിന് കടിഞ്ഞാണിടാൻ പ്രതിപക്ഷ നേതാവ് വി ഡി സതീശനു പിന്നാലെ കൂടുതൽ പേർ രംഗത്തിറങ്ങി. യുഡിഎഫിലെ പ്രബല കക്ഷിയായ മുസ്ലിം ലീഗ് ചെന്നിത്തലയ്‌ക്ക് പച്ചക്കൊടി കാണിച്ചതോടെയാണ് ഇതിനെതിരെ അണിയറ നീക്കം സജീവമായത്. കെ മുരളീധരനും യുഡിഎഫ് കൺവീനർ എം എം ഹസനുമാണ് ചെന്നിത്തലക്കെതിരെ ഞായറാഴ്‌ച രംഗത്തെത്തിയത്.
കൂടുതൽ ചടങ്ങുകളിൽ പങ്കെടുത്തതുകൊണ്ട് ഒരാൾ മുഖ്യമന്ത്രിയാകുന്നതെങ്ങിനെയെന്ന് ഹസൻ തുറന്നടിച്ചു. കെ മുരളീധരനും സമാനമായ അഭിപ്രായ പ്രകടനമാണ് നടത്തിയത്. ആരെങ്കിലും പുകഴ്‌ത്തി പറഞ്ഞാൽ മുഖ്യമന്ത്രിയാകുമോ എന്നായിരുന്നു ചോദ്യം. ആദ്യം പഞ്ചായത്ത്, നിയമസഭാ തെരഞ്ഞെടുപ്പുകൾ ജയിക്കുമോയെന്ന് നോക്കാം – മുരളീധരൻ നിലപാട് വ്യക്തമാക്കി. ചെന്നിത്തലയെ പുകഴ്‌ത്തി ലീഗ് സംസ്ഥാന പ്രസിഡന്റ് സാദിഖ് അലി ശിഹാബ് തങ്ങൾ വീണ്ടും രംഗത്തെത്തിയിതിന് പിന്നാലെയാണ് മുരളീധരന്റെ പ്രതികരണം. സ്ഥാനത്തിനുവേണ്ടി നീതിയുടെ വഴി ഉപേക്ഷിക്കില്ലെന്ന് പുതുപ്പള്ളിയിൽ കോട്ടയം ഭദ്രാസനത്തിന്റെ പരിപാടിയിൽ സതീശൻ പറഞ്ഞതും ചെന്നിത്തലയെ ലക്ഷ്യംവച്ചാണ്. മാരാമൺ കൺവെൻഷനിലടക്കം പങ്കെടുത്ത് ക്രൈസ്‌തവ സഭകളുടെ പിന്തുണ തനിക്കുണ്ടെന്ന് വരുത്താനുള്ള നീക്കം സതീശനും തുടങ്ങി. എൻഎസ്‌എസ് വേദിയിലേക്ക് രമേശ് ചെന്നിത്തലയെ ക്ഷണിച്ചതോടെയാണ് നേതാവാരെന്ന ചോദ്യമുയർന്നതും തർക്കം രൂക്ഷമായതും.
ചെന്നിത്തലയെ പിന്തുണച്ചും സതീശനെ തള്ളിയും എസ്‌എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ രംഗത്തെത്തിയത് കോൺഗ്രസ് ക്യാമ്പുകളെ ഞെട്ടിച്ചിരുന്നു. മുഖ്യമന്ത്രി സ്ഥാനത്തിനുവേണ്ടിയുള്ള തർക്കമാണെന്ന് മാധ്യമങ്ങൾ വ്യാഖ്യാനിക്കുമ്പോഴും ചെന്നിത്തലയുടെ ഉന്നം കാലുവാരി തന്നെ അട്ടിമറിച്ച സതീശനെ മറികടന്ന് കോൺഗ്രസിലും യുഡിഎഫിൽ ഒന്നാമനാകുകയെന്നതാണ്. ശിവഗിരിയിൽ ഗുരുവിനെ സനാതനത്തിന്റെ തൊഴുത്തിൽകെട്ടാൻ അനുവദിക്കില്ലെന്ന് തുറന്നടിച്ച കെ സുധാകരനും താൻ സതീശനൊപ്പമല്ലെന്ന നിലപാട് വ്യക്തമാക്കി.










0 comments