ad
Deshabhimani

ഇസ്രയേൽ–ഇറാൻ സംഘർഷം ; ജിപിഎസ്‌ സംവിധാനം പാളുന്നു , കപ്പലുകൾക്ക്‌ ലക്ഷ്യസ്ഥാനം പിഴയ്‌ക്കുന്നു

Israel Iran Conflict gps jammed
വെബ് ഡെസ്ക്

Published on Jun 18, 2025, 12:00 AM | 1 min read


കൊച്ചി

ഇസ്രയേൽ–ഇറാൻ സംഘർഷം മൂർഛിച്ചതോടെ ഗൾഫ് സമുദ്രമേഖലയിലും ഹോർമുസ് കടലിടുക്കിലും ജിപിഎസ് (ഗ്ലോബൽ പൊസിഷനിങ് സിസ്റ്റം), ഡിജിപിഎസ് (ഡിഫറെൻഷ്യൽ ജിപിഎസ്) സേവനങ്ങൾ മുടങ്ങുന്നു. സേവനം ലഭിക്കാതെ ഏകദേശം 900 യാനങ്ങൾ ലക്ഷ്യസ്ഥാനത്തേക്ക്‌ പോകാൻ വഴിയില്ലാതെ നടുക്കടലിൽ പ്രതിസന്ധിയിലായി.


കപ്പൽക്കമ്പനികൾ പല കപ്പലുകളെയും തുറമുഖങ്ങളിലേക്ക്‌ തിരികെവിളിച്ചു. ചിലത്‌ സുരക്ഷിത ഇടങ്ങളിൽ നങ്കൂരമിടാൻ നിർദേശിച്ചു. എണ്ണക്കപ്പലുകളും ചരക്കുകപ്പലുകളും ടഗ്ഗുകളും മീൻപിടിത്ത കപ്പലുകളുമാണ്‌ ലക്ഷ്യസ്ഥാനത്തെത്താതെ നങ്കൂരമിട്ടത്‌. ജിപിഎസ്, ഡിജിപിഎസ് ഉപകരണങ്ങളുടെ സഹായമില്ലെങ്കിൽ നാവിഗേഷൻ അസാധ്യമാകും. കരയിലെ കൺട്രോൾ സ്റ്റേഷനുകൾക്കും കപ്പലുകളെ നിയന്ത്രിക്കാനാകില്ല.


ആക്രമണങ്ങൾ തുടരുന്നതിനാൽ ഇറാനും ഇസ്രയേലും ജിപിഎസ്, ഡിജിപിഎസ് സേവനം പലപ്പോഴും താൽക്കാലികമായി നിർത്തിവയ്ക്കും. ജാമറുകളുപയോഗിച്ചും ജിപിഎസ് ലഭ്യത തടയുന്നുണ്ട്‌. തെറ്റായ ഡാറ്റ നൽകി ഉപകരണങ്ങളെ കബളിപ്പിക്കുന്നതും പ്രതിസന്ധിയുണ്ടാക്കുന്നു. വെള്ളിയാഴ്‌ച മുതലാണ്‌ ജിപിഎസ്‌ സേവനം തകരാൻ തുടങ്ങിയത്‌.


ഇറാനിയൻ തുറമുഖമായ ബന്ദർ അബ്ബാസിൽനിന്നുള്ള ജിപിഎസ്‌ സിഗ്നലുകൾ തടസ്സപ്പെടുന്നുണ്ടെന്ന് പ്രദേശം നിരീക്ഷിക്കുന്ന അന്താരാഷ്ട്ര നാവിക ദൗത്യസേന ജോയിന്റ് മാരിടൈം ഇൻഫർമേഷൻ സെന്റർ ഞായറാഴ്ച മുന്നറിയിപ്പ് നൽകി.

ലോകത്തിലെ എണ്ണ വ്യാപാരത്തിന്റെ നാലിലൊന്നിലധികം കൈകാര്യം ചെയ്യുന്ന ഹോർമുസ് കടലിടുക്കിൽ ഉപരോധ സാധ്യതയുണ്ടെന്ന് ജെഎംഐസി (ജോയിന്റ്‌ മാരിടൈം ഇൻഫർമേഷൻ സെന്റർ) പറഞ്ഞു. കപ്പലുകൾ ഓട്ടോമേറ്റഡ്‌ സംവിധാനത്തിലൂടെ സ്ഥാനങ്ങൾ റിപ്പോർട്ട് ചെയ്യുന്നതിനെ ജിപിഎസ്‌ തകരാർ രൂക്ഷമായി ബാധിക്കുന്നതിൽ യുകെ മാരിടൈം ട്രേഡ് ഓപ്പറേഷൻസും ആശങ്ക പ്രകടിപ്പിച്ചു.

ഡ്രില്ലിങ്ങിനും ട്രാക്കിങ്ങിനുമുൾപ്പെടെ ജിപിഎസ് സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തുന്ന എണ്ണക്കിണറുകളുടെ പ്രവർത്തനവും ഇതോടെ വൻ പ്രതിസന്ധിയിലാണ്. എണ്ണ ഉൽപ്പാദനത്തെയും വിതരണത്തെയും ഇത്‌ ഗുരുതരമായി ബാധിച്ചിട്ടുണ്ട്‌.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home