print edition മൗനം സമരക്കാർക്ക് ഭൂഷണമോ: പിഎം ശ്രീയിൽ വെട്ടിലായി കെഎസ്‌യുവും എംഎസ്‌എഫും


സ്വന്തം ലേഖകൻ
Published on Jun 09, 2026, 12:01 AM | 1 min read
തിരുവനന്തപുരം: എൽഡിഎഫ് സർക്കാർ ഉപേക്ഷിച്ച പിഎം ശ്രീ പദ്ധതി നടപ്പാക്കാനുള്ള യുഡിഎഫ് സർക്കാർ തീരുമാനത്തിൽ വെട്ടിലായി കോൺഗ്രസ്, ലീഗ് വിദ്യാർഥി സംഘടനകൾ. പിഎം ശ്രീക്കെതിരെ വിദ്യാഭ്യാസബന്ദും അക്രമസമരവും നടത്തിയ കെഎസ്‌യുവും എംഎസ്‌എഫും അണികൾക്ക് മറുപടിയില്ലാതെ വിയർക്കുകയാണ്. എംഎസ്‌എഫ് സംസ്ഥാന പ്രസിഡന്റ് പി കെ നവാസ് എംഎൽഎ പദ്ധതിക്ക് പച്ചക്കൊടി കാട്ടിയ സർക്കാരിന്റെ ഭാഗവുമാണ്. പൊതുവിദ്യാഭ്യാസ വകുപ്പ് കൈകാര്യംചെയ്യുന്നത് ലീഗാണെന്നതും എംഎസ്‌എഫിനെ പ്രതിരോധത്തിലാക്കുന്നു.
കഴിഞ്ഞ ഒക്ടോബർ 30നാണ് യുഡിഎസ്‌എഫ് പി എം ശ്രീക്കെതിരെ വിദ്യാഭ്യാസബന്ദ് നടത്തിയത്. കോഴിക്കോടും കണ്ണൂരും സമരം അക്രമാസക്തമായി. തലസ്ഥാനത്ത് പൊലീസിനെയടക്കം അക്രമിച്ചു. കണ്ണൂരിൽ കെഎസ്‌യു പ്രവർത്തകർ മുഖ്യമന്ത്രി പിണറായി വിജയനെയും വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയേയും കരിങ്കൊടികാട്ടി. പിഎം ശ്രീക്കെതിരെ നെടുനീളൻ പ്രസ്‌താവനയും കെഎസ്‌യു, എംഎസ്‌എഫ് നേതാക്കൾ നടത്തി.
നിലപാട് മാറ്റത്തിൽ അണികൾക്കിടയിൽ പ്രതിഷേധം ശക്തമാണ്. കെഎസ്‌യു സംസ്ഥാനകമ്മിറ്റി യോഗം അടുത്തദിവസം തിരുവനന്തപുരത്ത് ചേരും. എൻഎസ്‌യു പ്രസിഡന്റ് പങ്കെടുക്കുന്ന യോഗത്തിൽ പിഎം ശ്രീ ഉന്നയിക്കാനാണ് ചില നേതാക്കളുടെ നീക്കം. സതീശൻ ഗ്രൂപ്പ് അതിനെ പ്രതിരോധിക്കാനും തീരുമാനിച്ചിട്ടുണ്ട്. എന്നാൽ എംഎസ്‌എഫ് ഇക്കാര്യം ഇതുവരെ ചർച്ച ചെയ്‌തിട്ടില്ല. സംസ്ഥാന പ്രസിഡന്റ് എഫ്‌ബി പോസ്‌റ്റിട്ട് രക്ഷപ്പെട്ടിരിക്കുകയാണ്. അടുത്തദിവസം എംഎസ്‌എഫിലും വിഷയം കത്തും.










0 comments