ശബരിമല നെയ്യ് വിൽപ്പനയിൽ ക്രമക്കേട്; സുനില്‍കുമാര്‍ പോറ്റി റിമാൻഡിൽ

പത്തനംതിട്ട: 2025ലെ ശബരിമല മണ്ഡല, മകരവിളക്ക് കാലത്ത് ആടിയ ശിഷ്ടം നെയ്യ് വിൽപ്പനയിൽ ക്രമക്കേട് നടത്തിയ കേസിൽ അറസ്റ്റിലായ സുനിൽ കുമാർ പോറ്റി റിമാൻഡിൽ. 14 ദിവസമാണ് റിമാൻഡ് കാലാവധി. ചാലിയേക്കര ഭദ്രകാളി ക്ഷേത്രത്തിലെ ശാന്തിയായിരുന്ന സുനിലിനെ വിജിലൻസ് പത്തനംതിട്ട യൂണിറ്റ് അറസ്റ്റ് ചെയ്തിരുന്നു. ആലപ്പുഴ അരൂർ സ്വദേശിയാണ്. മണ്ഡല മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ച് ശബരിമലയിൽ ആടിയ ശിഷ്ടം നെയ് വിൽപ്പന ചുമതല ദേവസ്വം ബോർഡ് നൽകിയിരുന്നത് സുനിൽ കുമാറിനായിരുന്നു.
ക്രമക്കേട് നടത്തി 36 ലക്ഷത്തോളം രൂപ ജീവനക്കാർ തട്ടിയെടുത്തതാണ് കേസ്. അഭിഷേകത്തിന് ശേഷമുള്ള ആടിയ ശിഷ്ടം നെയ്യ് പായ്ക്കറ്റിലാക്കി വിൽപ്പന നടത്തുന്നതിനായി തിരുവിതാംകൂർ ദേവസ്വം ബോർഡിന് കീഴിലെ ജീവനക്കാരെ ചുമതലപ്പെടുത്തിയിരുന്നു. നെയ്യ് പാക്കറ്റുകൾ വിൽപ്പന നടത്തിയതിന് ശേഷം ലഭിച്ച മുഴുവൻ തുകയും ബോർഡിൽ അടയ്ക്കാതെ ജീവനക്കാർ സ്റ്റോക്കിൽ ക്രമക്കേട് നടത്തുകയായിരുന്നു. ഇതിലൂടെ ദേവസ്വം ബോർഡിന് 36,24,400 രൂപയുടെ സാമ്പത്തിക നഷ്ടം ഉണ്ടായി.അറസ്റ്റ് ചെയ്ത പ്രതിയെ കൊല്ലം വിജിലൻസ് കോടതിയിൽ ഹാജരാക്കും.









0 comments