print edition 200 രൂപയ്ക്ക് 2 ലക്ഷത്തിന്റെ പരിരക്ഷ ; കുടുംബശ്രീ അംഗങ്ങൾക്ക് ഇൻഷുറൻസ് പദ്ധതി


സ്വാതി സുജാത
Published on Feb 04, 2026, 02:46 AM | 1 min read
തിരുവനന്തപുരം
പ്രതിദിനം ഒരു രൂപപോലും നീക്കിവയ്‌ക്കാനാകാത്ത തന്റെ കുടുംബത്തിന്റെ ഭാവി സുരക്ഷിതമാക്കാൻ ഒരു വീട്ടമ്മയ്ക്ക് കഴിയുമോ? കഴിയുമെന്നാണ് കുടുംബശ്രീയുടെ ‘ജീവൻ ദീപം ഒരുമ’ പദ്ധതി തെളിയിക്കുന്നത്. വർഷത്തിൽ വെറും 200 രൂപ മാറ്റിവച്ച് ലക്ഷങ്ങളുടെ ഇൻഷുറൻസ് പരിരക്ഷ ലഭ്യമാക്കുന്ന പദ്ധതി സംസ്ഥാനത്ത് വിപുലമാക്കാനൊരുങ്ങി സംസ്ഥാന സർക്കാർ.
13.66 ലക്ഷം അംഗങ്ങളാണ് ഇതുവരെ പദ്ധതിയുടെ ഭാഗമായത്. 2025 മാർച്ച് മുതൽ ഇതുവരെ 4,353 കുടുംബങ്ങൾക്കായി 7.61 കോടി രൂപ സഹായമായി കൈമാറിയതിലൂടെ കേവലം ഇൻഷുറൻസ് എന്നതിലുപരി, സാധാരണക്കാരായ വീട്ടമ്മമാർക്ക് സർക്കാരിന്റെ കരുതലായി പദ്ധതി മാറി. എൽഐസിയും സംസ്ഥാന ഇൻഷുറൻസ് വകുപ്പും കൈകോർത്താണ് സ്നേഹസുരക്ഷ നടപ്പാക്കുന്നത്. 18 മുതൽ 74 വയസ്സുവരെയുള്ളവർക്ക് പദ്ധതിയുടെ ഭാഗമാകാം. സ്വാഭാവിക മരണമോ അപകട മരണമോ സംഭവിച്ചാൽ അംഗത്തിന്റെ വായ്പകൾ ഇൻഷുറൻസ് തുകയിൽനിന്ന് തിരിച്ചടച്ച ശേഷമുള്ള തുക അവകാശിക്ക് നൽകും. 18–-50 വയസ്സുകാർക്ക് 2 ലക്ഷം രൂപയും മറ്റുള്ളവർക്ക് യഥാക്രമം 80,000, 30,000, 25,000 എന്നിങ്ങനെ പ്രായത്തിനനുസരിച്ച് ആനുകൂല്യം നൽകും.
അപകട മരണമാണെങ്കിൽ 30,000 രൂപ അധികമായി ലഭിക്കും. ഇൗ വർഷം മുതൽ വായ്‌പ എടുത്തവരെയും എടുക്കാൻ ഉദ്ദേശിക്കുന്നവരെയും നിർബന്ധമായും പദ്ധതിയിൽ ചേർക്കാനാണ് കുടുംബശ്രീ ലക്ഷ്യം. എല്ലാ ജില്ലകളിലും ബീമാ മിത്രമാരെ തെരഞ്ഞെടുത്ത്, ഇവർ മുഖേന അപേക്ഷാ ഫോം ലഭ്യമാക്കും. അയൽക്കൂട്ടത്തിന്റെ ബാങ്ക് അക്കൗണ്ട് മുഖേന വാർഷിക പ്രീമിയം അടച്ച് പദ്ധതിയിൽ ചേരാം.










0 comments