'വന്ദേമാതരം' അടിച്ചേൽപ്പിക്കുന്നത് ചെറുക്കണം -ഐഎൻഎൽ

കോഴിക്കോട് : സർക്കാർ ചടങ്ങുകളിലും സ്കൂളുകളിലും ദേശീയഗാനമായ ജനഗണമനക്ക് മുമ്പായി 'വന്ദേമാതരം' പുതിയ പ്രോട്ടോകോൾ അനുസരിച്ച് ആലപിക്കണമെന്ന കേന്ദ്രസർക്കാരിൻ്റെ ഉത്തരവ് ആർ എസ്എസ് അജണ്ട നടപ്പാക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണെന്നും ഈ നീക്കത്തെ ചെറുത്തു തോൽപ്പിക്കണമെന്നും ഐഎൻഎൽ.
പശ്ചിമബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടുകൊണ്ടുള്ള ഈ രാഷ്ട്രീയ നീക്കം രാജ്യം ഇതുവരെ പിന്തുടർന്നു പോന്ന കീഴ്‌വഴക്കങ്ങൾക്കും ഭരണഘടനാ നിർദേശങ്ങൾക്കും എതിരാണ്. മഹാകവി ടാഗോറിന്റെ ജനഗണമനയെ പിറകോട്ട് തള്ളി, ദേശീയ ഗീതമായി വിശേഷിപ്പിക്കാറുള്ള വന്ദേമാതരത്തെ ഉയർത്തിക്കാട്ടാനുള്ള തീരുമാനം സംഘ്പരിവാറിൻ്റെ ചിരകാല സ്വപ്നമാണ്. 1882ൽ ബങ്കിംഗ് ചന്ദ്ര ചാറ്റർജി 'ആനന്ദമഠം' എന്ന നോവലിൽ ഉൾപ്പെടുത്തിയ 'വന്ദേമാതരം' അന്നത്തെ ബംഗാളിലെ വിവിധ ജനവിഭാഗങ്ങൾ തമ്മിൽ ഭിന്നിപ്പ് വളർത്താനും മുസ്‌ലിംകളെ രാക്ഷസീയവൽക്കരിക്കാനുമുള്ള ഗൂഢാലോചനയുടെ ഭാഗമാണെന്ന് പ്രമുഖ ചരിത്രകാരന്മാരെല്ലാം വിലയിരുത്തിയതാണ്.
സാമൂഹിക മാറ്റങ്ങൾ കെട്ടഴിഞ്ഞു വീണ 19-ാം നൂറ്റാണ്ടിലെ ബംഗാളിൽ ഹൈന്ദവ യാഥാസ്തിഥികതയും ബ്രിട്ടീഷ് ആധുനികതയും ഉൾച്ചേർത്ത് രൂപം കൊടുത്ത മുസ്‌ലിം വിരുദ്ധത ഇന്ധനമാക്കി രൂപം കൊടുത്ത വന്ദേമാതരത്തിലെ ചരണങ്ങൾ ആദ്യാവസാനം വർഗീയമാണെന്ന് പ്രമുഖ ചരിത്രകാരന്മാരും മുസഫർ അഹമ്മദിനെ പോലുള്ള ആദ്യകാല കമ്മ്യൂണിസ്റ്റ് നേതാക്കളും വിലയിരുത്തിയതാണ്. രാജ്യ വിമോചന സമരത്തിലോ രാഷ്ട്ര നിർമ്മിതിയിലോ ഒരു പങ്കും വഹിക്കാത്തവർ ബ്രിട്ടീഷ് കോളനി വാഴ്ചയിൽ ഉയർന്ന ഉദ്യോഗം വഹിച്ച്, വർഗീയമായി ജനങ്ങളെ ഭിന്നിപ്പിക്കുന്നതിൽ മുഖ്യ പങ്കുവഹിച്ച ബങ്കിംഗ് ചാറ്റർജിയുടെ വരികളെ ഇമ്മട്ടിൽ മഹത്വവൽക്കരിക്കുന്നത് മുസ്‌ലിം വിരുദ്ധത ഉയർത്തിപ്പിടിച്ചു എന്ന ഏക കാരണത്താലാണ്. ഹിന്ദുത്വ കാഴ്ചപ്പാട് രൂപപ്പെടുത്തുന്നതിൽ വിഡി സവർക്കറുടെ വഴികാട്ടിയായാണ് ബങ്കിംഗ് ചാറ്റർജിയെ നിഷ്പക്ഷരായ ചരിത്രകാരന്മാർ കാണുന്നത്. ആ ഒരൊറ്റ കാരണത്താലാണ് വന്ദേമാതരത്തിന്റെ 150-ാം വാർഷികം കൊണ്ടാടാൻ തീരുമാനിച്ചതും അടിയന്തര വിഷയങ്ങൾ മാറ്റിവെച്ച് പാർലമെൻറ് വന്ദേമാതരം ചർച്ച ചെയ്യാൻ 20 മണിക്കൂർ മാറ്റിവെച്ചതും.
വിവാദ ഗീതത്തിന്റെ ആറ് ചരണങ്ങളും ജനഗണനക്ക് മുമ്പ് ചൊല്ലണമെന്നും ഔദ്യോഗിക പ്രോട്ടോകോൾ ആദ്യമായി നിശ്ചയിച്ച് അത് പാലിക്കാൻ ഉത്തരവിട്ടതും മോദി സർക്കാരിൻ്റെ രണ്ടും കൽപ്പിച്ചുള്ള പുറപ്പാടാണ്. വിവാദ ഗീതത്തിൽ നിന്ന് രണ്ടു ചരണങ്ങൾ മാത്രം പാടിയാൽ മതിയെന്നും മുഴുവനും ചൊല്ലി വിവാദം ഉണ്ടാക്കാതിരിക്കുകയാണ് അഭികാമ്യമെന്നുമുള്ള മഹാകവി ടാഗോറിന്റെ നിർദ്ദേശമാണ് ചവറ്റുകൊട്ടയിൽ തള്ളിയിരിക്കുന്നത്. ഭരണഘടനയിൽ വന്ദേമാതരത്തിന് പ്രത്യേക പദവി ഒന്നും നൽകിയിട്ടില്ല എന്ന യാഥാർത്ഥ്യവും പുതിയ നീക്കത്തോടൊപ്പം ചേർത്ത് വായിക്കേണ്ടതുണ്ടെന്ന് ഐഎൻഎൽ സംസ്ഥാന ജനറൽ സെക്രട്ടറി കാസിം ഇരിക്കൂർ പ്രസ്താവനയിൽ പറഞ്ഞു










0 comments