ad
Deshabhimani

കേരളത്തിന്റെ ആദ്യ എഐ ടൗൺഷിപ്‌

ഇൻഫോപാർക്ക്‌
 മൂന്നാംഘട്ടം ; എഐ ടൗൺഷിപ്‌
 3 വർഷത്തിനകം

infopark

ഇൻഫോപാർക്ക് മൂന്നാംഘട്ട വികസനത്തിന്റെ ഭാഗമായി ഒരുങ്ങുന്ന സംയോജിത നിർമിതബുദ്ധി ട‍ൗൺഷിപ്പിന്റെ മാതൃക

വെബ് ഡെസ്ക്

Published on Oct 01, 2025, 04:11 AM | 3 min read


കൊച്ചി

ഇൻഫോപാർക്ക് മൂന്നാംഘട്ട വികസനത്തിന്റെ ഭാഗമായി ഒരുങ്ങുന്ന സംയോജിത നിർമിത ബുദ്ധി ട‍ൗൺഷിപ്‌ (ഇന്റഗ്രേറ്റഡ്‌ എഐ ട‍ൗൺഷിപ്‌) നിർമാണം മൂന്നുവർഷത്തിനകം പൂർത്തിയാകുമെന്ന്‌ ജിസിഡിഎ ചെയർമാൻ കെ ചന്ദ്രൻപിള്ള വാർത്താസമ്മേളനത്തിൽ പറഞ്ഞു. നൂതനമായ ‘ലാൻഡ് പൂളിങ്‌' മാതൃകയിലൂടെ ജില്ലയിൽ 300 ഏക്കറിലധികം വിസ്തൃതിയിലാണ്‌ ആഗോള നിലവാരമുള്ള എഐ ടൗൺഷിപ്‌ യാഥാർഥ്യമാകുക. ആദ്യഘട്ടത്തിൽ കിഴക്കന്പലം, കുന്നത്തുനാട്‌ പഞ്ചായത്തുകളിലാണ്‌ ലാൻഡ് പൂളിങ്‌. നിർദിഷ്ട
 ഭൂമിയുടെ 75 ശതമാനം ഉടമസ്ഥരുടെ സമ്മതം ലഭിച്ചാ
ൽമാത്രമേ പദ്ധതിയുമായി മുന്നോട്ടുപോകാൻ കഴിയൂ. ഇതിനായി ഭൂവുടമകളുമായി ചർച്ച നടത്താനും പദ്ധതിയുടെ നേട്ടങ്ങൾ അവരെ ബോധ്യപ്പെടുത്താനും ജിസിഡിഎ നടപടി ആരംഭിച്ചതായി ചന്ദ്രൻപിള്ള പറഞ്ഞു.


പദ്ധതിയുടെ ഓഫീസ്‌ ഇൻഫോപാർക്ക്‌ ഫേസ്‌ വണ്ണിൽ ഒരാഴ്‌ചയ്‌ക്കകം ആരംഭിക്കും. ഏകോപനത്തിന്‌ മുതിർന്ന സർക്കാർ ഉദ്യോഗസ്ഥനെ നിയമിക്കും. എഐ ട‍ൗൺഷിപ്പിലേക്ക്‌ കൊച്ചി മെട്രോ നീട്ടുന്നതിന്‌ കെഎംആർഎല്ലിന്‌ അപേക്ഷ നൽകിയിട്ടുണ്ടെന്ന്‌ ഇൻഫോപാർക്ക് സിഇഒ സുശാന്ത് കുറുന്തിൽ പറഞ്ഞു.


കേരള സർക്കാരിന്റെ പുതിയ ലാൻഡ് പൂളിങ്‌ നിയമപ്രകാരം നടപ്പാക്കുന്ന പദ്ധതിക്ക് വിശാലകൊച്ചി വികസന അതോറിറ്റിയും (ജിസിഡിഎ) ഇൻഫോപാർക്കും ഒരുമിച്ചാണ് നേതൃത്വം നൽകുന്നത്. മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിൽ ഇൻഫോപാർക്കും ജിസിഡിഎ-യും തിങ്കളാഴ്‌ച ധാരണപത്രം ഒപ്പിട്ടിരുന്നു. ഭൂമി കണ്ടെത്തേണ്ടത് ജിസിഡിഎ-യുടെ ചുമതലയാണ്. അടിസ്ഥാന സൗകര്യങ്ങൾ ഇന്‍ഫോപാര്‍ക്ക്‌ ഒരുക്കും.


ഒരുവർഷത്തിനകം
 റിപ്പോർട്ട്‌

സാധ്യതാപഠനം, നിക്ഷേപകരുമായി ചർച്ച, പ്രാഥമിക സർവേകൾ, വിശദ പദ്ധതിരേഖ എന്നിവ ഘട്ടംഘട്ടമായി നടക്കും. ജിസിഡിഎ ലാൻഡ് പൂളിങ്‌ പ്രക്രിയക്ക് നേതൃത്വം നൽകുമെങ്കിലും പദ്ധതിയുടെ ഉടമസ്ഥത ഇൻഫോപാർക്കിനായിരിക്കും. ലാൻഡ് പൂളിങ്‌ പൂർത്തിയാക്കി ജിസിഡിഎയും ഇൻഫോപാർക്കുംചേർന്ന് ഒരുവർഷത്തിനകം സർക്കാരിന് വിശദ റിപ്പോർട്ട് സമർപ്പിക്കും. സ്ഥലത്തിന്റെ മാസ്റ്റര്‍ പ്ലാനിങ്‌, ഐടി കമ്പനികളെ ആകര്‍ഷിക്കൽ, മാര്‍ക്കറ്റിങ്‌ തുടങ്ങിയവയും ഇന്‍ഫോപാര്‍ക്കിന്റെ ഉത്തരവാദിത്വമാണ്. ലാന്‍ഡ് പൂളിങ്ങിനും അനുബന്ധ സൗകര്യങ്ങള്‍ക്കുമുള്ള ചെലവ് ഇന്‍ഫോപാര്‍ക്ക് ജിസിഡിഎക്ക്‌ നല്‍കണം.


സ്ഥലമേറ്റെടുക്കൽ വേഗത്തിലാക്കാൻ
ലാൻഡ് പൂളിങ്‌

പരമ്പരാഗത ഭൂമി ഏറ്റെടുക്കലിലെ കാലതാമസവും നിയമപ്രശ്നങ്ങളും ഒഴിവാക്കി വികസനപദ്ധതികൾക്ക് ആവശ്യമായ ഭൂമി ലഭ്യമാക്കാൻ സർക്കാർ നടപ്പാക്കുന്ന പുതിയ സമീപനമാണ് ലാൻഡ് പൂളിങ്‌. ഇതിലൂടെ സ്വകാര്യ ഭൂവുടമകളുടെ സമ്മതത്തോടെ അവരുടെ ചെറിയ തുണ്ടുഭൂമികൾ ഒരുമിപ്പിച്ച് വലിയ പ്ലോട്ടാക്കുന്നു. ഈ ഭൂമിയിൽ റോഡുകൾ, ഐടി പാർക്കുകൾ, മറ്റ് പൊതു സൗകര്യങ്ങൾ എന്നിവ ഉൾപ്പെടുത്തി ആസൂത്രിതമായ വികസനം നടത്തുന്നു. വികസിപ്പിച്ച ഭൂമിയുടെ ഒരുഭാഗം അടിസ്ഥാന സൗകര്യങ്ങൾക്കായി ഉപയോഗിച്ചശേഷം ബാക്കി മൂല്യവർധനയോടെ ഭൂവുടമകൾക്ക് തിരികെനൽകും. പദ്ധതിയുടെ ഏറ്റവും വലിയ ആകർഷണം വികസിപ്പിച്ച ഭൂമിയുടെ മൂല്യം പലമടങ്ങ് വർധിക്കുന്നുവെന്നതാണ്. ഇത് ഭൂവുടമകൾക്ക് വലിയ സാമ്പത്തികനേട്ടം നൽകും.


കേരളത്തിന്റെ ആദ്യ എഐ ടൗൺഷിപ്‌

ഇൻഫോപാർക്ക് മൂന്നാംഘട്ടം സാധാരണ ഐടി പദ്ധതിക്കപ്പുറം കേരളത്തിന്റെ ആദ്യ നിർമിതബുദ്ധി (എഐ) ടൗൺഷിപ്പായാണ്‌ വിഭാവനം ചെയ്‌തിരിക്കുന്നത്‌. എല്ലാ നഗരപ്രവർത്തനങ്ങളെയും ഏകോപിപ്പിക്കുന്ന കേന്ദ്രീകൃത ഡിജിറ്റൽ പ്ലാറ്റ്ഫോം ഉപയോഗിച്ച് തത്സമയ ഡാറ്റാ വിശകലനത്തിലൂടെ പ്രശ്നങ്ങളെ മുൻകൂട്ടിക്കണ്ട് പരിഹാരങ്ങൾ കണ്ടെത്തും. ചുരുക്കിപ്പറഞ്ഞാൽ തലച്ചോറുള്ള ഒരു നഗരം.


ഇതിന്‌ സ്‌മാർട്ട്‌ ഇൻഫ്രാസ്‌ട്രക്‌ചർ സംവിധാനമാണുള്ളത്‌. മാലിന്യസംസ്‌കരണം, ഗതാഗതസംവിധാനം എന്നിവയിലടക്കം എല്ലാത്തിലും സെൻസറുകൾവച്ച്‌ ഡാറ്റ ശേഖരിക്കും. ഇ‍ൗ ഡാറ്റ എല്ലാ കാര്യങ്ങളിലും പ്രവചനത്തിന്‌ ഉപയോഗിക്കും. കുടിവെള്ളക്കുഴലിലെ ചോർച്ചയ്‌ക്കുള്ള സാധ്യതയുൾപ്പെടെ മുൻകൂട്ടി കണ്ടെത്താനാകും. മാലിന്യ സംസ്‌കരണത്തിലെ തടസ്സങ്ങളും മുൻകൂട്ടി അറിയാം. സിഗ്നലുകൾ നിയന്ത്രിച്ച്‌ ഗതാഗതക്കുരുക്ക്‌ ഒഴിവാക്കാം.


രണ്ടുകോടി ചതുരശ്രയടി ഐടി സ്‌പെയ്‌സോടെയുള്ള എഐ ടൗൺഷിപ്പാണ് നിലവിൽവരുന്നത്‌. നിലവിൽ ഇൻഫോപാർക്കിന്റെ എല്ലാ ക്യാമ്പസുകളും ചേർന്നാൽ 92 ലക്ഷം ചതുരശ്രയടി ഐടി സ്പെയ്‌സ്‌മാത്രമാണ്‌ വരുന്നത്‌. പ്രകൃതിയോട്‌ കൂടുതൽ ചേർന്നുനിൽക്കുന്ന വികസനമാണ്‌ മൂന്നാംഘട്ടത്തിൽ നടപ്പാക്കുക.


25,000 കോടി രൂപയുടെ നിക്ഷേപം പ്രതീക്ഷിക്കുന്ന പദ്ധതി നേരിട്ടുള്ള രണ്ടുലക്ഷം തൊഴിലവസരങ്ങളും നാലുലക്ഷം പരോക്ഷ തൊഴിലവസരങ്ങളും സൃഷ്ടിക്കുമെന്ന് പ്രതീക്ഷിക്കുന്നു.



പ്രത്യേകതകൾ


കാർബൺ നെഗറ്റിവിറ്റി–എഐ നിയന്ത്രിത ഊർജ സംവിധാനങ്ങളിലൂടെയും പുനരുപയോഗ ഊർജ സ്രോതസ്സുകളിലൂടെയും നഗരം കാർബൺ നെഗറ്റീവായി നിലനിർത്താൻ ശ്രമിക്കും  വാട്ടർ പോസിറ്റിവിറ്റി –മഴവെള്ളസംഭരണം, പുനരുപയോഗം തുടങ്ങിയ സംവിധാനങ്ങളിലൂടെ നഗരം ഉപയോഗിക്കുന്നതിനേക്കാൾ കൂടുതൽ ജലം സംഭരിച്ച് ജലസുരക്ഷ ഉറപ്പാക്കും


 സീറോ വേസ്റ്റ്–എഐ അടിസ്ഥാനമാക്കിയുള്ള മാലിന്യസംസ്കരണ സംവിധാനങ്ങൾ ഉപയോഗിക്കും


കണക്ടിവിറ്റി–കൊച്ചി നഗരം, ദേശീയപാത, റെയിൽവേ, മെട്രോ, വിമാനത്താവളം തുടങ്ങിയ ഗതാഗതസംവിധാനങ്ങളിലേക്കുള്ള കണക്ടിവിറ്റി


 ആക്‌സസിബിലിറ്റി ആൻഡ്‌ ഇൻക്ലൂസിവിറ്റി– ഭിന്നശേഷിക്കാർ ഉൾപ്പെടെ എല്ലാ വിഭാഗം ആളുകൾക്കും എളുപ്പം എത്തിച്ചേരാനും സാങ്കേതികവിദ്യ പ്രയോജനപ്പെടുത്താനും കഴിയുന്ന രീതിയിലുള്ള രൂപകൽപ്പന


 മെയിന്റനബിലിറ്റി–ദീർഘകാലം നിലനിൽക്കുന്നതും പരിപാലിക്കാൻ എളുപ്പമുള്ളതുമായ അടിസ്ഥാന സൗകര്യങ്ങൾ


 സുരക്ഷ–എഐ നിയന്ത്രിത നിരീക്ഷണ സംവിധാനങ്ങൾ ഉപയോഗിച്ച് 24x7 സുരക്ഷ

 സാങ്കേതികവിദ്യ സംയോജനം–എല്ലാ പ്രവർത്തനങ്ങൾക്കും എഐ ഉപയോഗിക്കും. ഉദാഹരണത്തിന് ട്രാഫിക്, മാലിന്യസംസ്കരണം, പൗര സേവനങ്ങൾ തുടങ്ങിയവ


കൊച്ചി പ്രധാന
 ജിസിസി കേന്ദ്രമാകും

ഇൻഫോപാർക്ക്‌ മൂന്നാംഘട്ടം യാഥാർഥ്യമാകുന്പോൾ കൊച്ചി പ്രധാന ആഗോളശേഷി കേന്ദ്രം (ഗ്ലോബൽ കേപ്പബിലിറ്റി സെന്റർ) ആകുമെന്ന്‌ ഇൻഫോപാർക്ക്‌ സിഇഒ സുശാന്ത്‌ കുറിന്തിൽ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ആഗോള കമ്പനികൾ അവരുടെ ആസ്ഥാനത്തിന്റെ അതേ മാതൃകയിൽ ഒരുക്കുന്ന കേന്ദ്രങ്ങളാണ്‌ ജിസിസികൾ. ആഗോള കമ്പനികളുടെ ഗവേഷണ–വികസന, മാനവ വിഭവശേഷി, മാനേജ്‌മെന്റ്‌ വിഭാഗങ്ങൾ ഉൾപ്പെടുന്ന ചെറുമാതൃകകളാണ്‌ ജിസിസികൾ. ആയിരത്തി എണ്ണൂറോളം ജിസിസികൾ ഇന്ന്‌ ഇന്ത്യയിലുണ്ട്‌.


ജിസിസികൾ ഇവിടെ കൂടുതൽ വരണമെങ്കിൽ അതിനുള്ള പ്രതിഭാസന്പത്ത്‌ ഉണ്ടാകണം. അതിനുതക്ക അടിസ്ഥാനസ‍ൗകര്യ വികസനവും വേണം. ഇൻഫോപാർക്ക്‌ മൂന്നാംഘട്ടംപോലെയുള്ള അടിസ്ഥാനസ‍ൗകര്യ വികസനം കൊച്ചി നഗരത്തിലേക്ക്‌ കൂടുതൽ പ്രതിഭകളെ ആകർഷിക്കും. ഇത്തരത്തിൽ കൂടുതൽ ജിസിസികൾ ഇവിടേക്ക്‌ വരുമെന്നും അദ്ദേഹം പറഞ്ഞു.


ഐടി കെട്ടിടങ്ങള്‍ക്കുപുറമെ പാര്‍പ്പിട സൗകര്യങ്ങൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, കായിക–സാംസ്‌കാരിക സംവിധാനങ്ങൾ, ലോകോത്തര ബ്രാന്‍ഡുകളെയും ഇന്ത്യൻ മുന്‍നിര ബ്രാന്‍ഡുകളെയും സമന്വയിപ്പിച്ച ഷോപ്പിങ്‌ മാളുകൾ, ആംഫി തിയറ്റര്‍, ആധുനിക ആശുപത്രി, ബഹുനില പാര്‍ക്കിങ്‌ സംവിധാനം, തടാകങ്ങള്‍, തുറസ്സായ ഇടങ്ങൾ തുടങ്ങിയ ആധുനിക സൗകര്യങ്ങളാണ് മൂ‍ന്നാംഘട്ടത്തിൽ ഒരുക്കുന്നത്.





deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home