Deshabhimani

print edition തമ്മിലടി മുറുകി; ജനം ഇരുട്ടിൽ

vd

എറണാകുളം മഹാരാജാസ് കോളേജ് ഓഡിറ്റോറിയത്തിൽ 
സാമൂഹ്യ ഐക്യദാർഢ്യ പക്ഷാചരണം ഉദ്‌ഘാടനം ചെയ്‌തശേഷം 
വിയർപ്പ്‌ തുടയ്‌ക്കുന്ന വി ഡി സതീശൻ ഫോട്ടോ: വി കെ അഭിജിത്‌

വെബ് ഡെസ്ക്

Published on Oct 03, 2026, 01:30 AM | 1 min read

തിരുവനന്തപുരം : ചേരിതിരിഞ്ഞ്‌ ഏറ്റുമുട്ടാനും സ്വന്തം പക്ഷത്ത്‌ ആളെക്കൂട്ടാനും മുഖ്യമന്ത്രിയും മന്ത്രിമാരും തുനിഞ്ഞിറങ്ങിയതോടെ സംസ്ഥാനത്ത്‌ ഭരണസ്‌തംഭനം. ജനങ്ങളെ ബാധിക്കുന്ന പ്രശ്‌നങ്ങളിൽ നടപടിയെടുക്കാതെ പോരടിക്കുകയാണ്‌ മന്ത്രിമാർ. സർക്കാരിന്റെയും മുഖ്യമന്ത്രിയുടെയും പോക്ക്‌ ശരിയല്ലെന്ന്‌ ഭരണമുന്നണിയുടെ കൺവീനർതന്നെ വ്യാഴാഴ്‌ച തുറന്നടിച്ചപ്പോൾ സർക്കാരുമായി ചില അഭിപ്രായ വ്യത്യാസമുണ്ടെന്നും അഭിപ്രായം പാർടിവേദിയിൽ പറയുമെന്നുമാണ്‌ എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ വെള്ളിയാഴ്‌ച അട‍ൂരിൽ മാധ്യമങ്ങളോട്‌ പറഞ്ഞത്‌.


അധികാരമേറ്റ്‌ നാലുമാസമായിട്ടും അടിസ്ഥാനപ്രശ്‌നങ്ങൾക്ക്‌ പരിഹാരമില്ല. യുഡിഎഫ്‌ ഭരണത്തിൽ പഴയ ഇരുണ്ടകാലത്തേക്ക്‌ തിരിച്ചുപോകുകയാണ്‌ കേരളം. വൈദ്യുതിക്ഷാമം പരിഹരിക്കാൻ തൽക്കാലം മാർഗമില്ലെന്ന്‌ പറഞ്ഞ്‌ സർക്കാർ തടിയൂരി. അതിരൂക്ഷ വിലക്കയറ്റം പിടിച്ചുനിർത്താനും ശ്രമമില്ല. യുഡിഎഫ്‌ അധികാരത്തിൽ വന്നാൽ സാമ്പത്തികരംഗത്ത്‌ വിസ്‌മയം ഉണ്ടാക്കുമെന്ന്‌ പറഞ്ഞ മുഖ്യമന്ത്രി മുണ്ട്‌ മുറുക്കിയുടുക്കാൻ ആഹ്വാനം ചെയ്യുന്നു. ക്രമസമാധാനം തകർക്കാൻ മന്ത്രിമാർതന്നെ നേതൃത്വം നൽകുന്ന അസാധാരണ സാഹചര്യം. മന്ത്രിയെ തെരുവിൽ തടഞ്ഞ്‌ ഒ‍ൗദ്യോഗിക വാഹനത്തിൽനിന്ന്‌ ഇറക്കിവിട്ടാലും ഒന്നും സംഭവിക്കാത്ത നാടായി കേരളം.


ആകെ തകർന്ന ആരോഗ്യമേഖലയ്‌ക്കെതിരെ യുഡിഎഫ്‌ മാധ്യമങ്ങൾപോലും രംഗത്തെത്തി. കേരളം പനിച്ചുവിറയ്‌ക്കുന്പോൾ സർക്കാർ ആശുപത്രികളിൽ പാരസെറ്റാമോൾ ഗുളിക പോലുമില്ല. മുറിവിൽവച്ചുകെട്ടാനുള്ള പഞ്ഞിക്കും ക്ഷാമം. ഫ്രീസർ കേടായി മോർച്ചറിയിൽ മൃതദേഹങ്ങൾ അഴുകുന്നു. വൈദ്യുതിയും ഉപകരണങ്ങളുമില്ലാതെ ശസ്‌ത്രക്രിയകൾ മുടങ്ങുന്നു. ചികിത്സ പിഴച്ചുള്ള മരണങ്ങളും നിത്യവാർത്തയാകുന്നു.


ഫണ്ട്‌ നൽകാതെ തദ്ദേശഭരണ സ്ഥാപനങ്ങളുടെ പ്രവർത്തനവും സ്‌തംഭിപ്പിച്ചു. വയോജന കമീഷനെ നിർജീവമാക്കി. സ്‌കൂൾ വിദ്യാർഥികൾക്ക്‌ കൈത്തറി യൂണിഫോംപോലും നൽകിയില്ല. പ്രശ്നങ്ങൾ പരിഹരിക്കേണ്ട മന്ത്രിമാർ സ്‌പോൺസർഷിപ്പ്‌ യാത്രകളിൽ അഭിരമിക്കുന്നു.മന്ത്രിമാർക്ക്‌ ശരിയായ നിർദേശംനൽകി വകുപ്പുകളെ ചലിപ്പിക്കേണ്ട മുഖ്യമന്ത്രിയുടെ നീക്കങ്ങൾ അടിമുടി ദുരൂഹമാണെന്ന്‌ ആക്ഷേപമുയരുന്നത്‌ കോൺഗ്രസിൽനിന്ന്‌ തന്നെയാണ്‌. ചോദ്യങ്ങൾക്ക്‌ മറുപടിയില്ലാത്തതിനാൽ മാധ്യമങ്ങളെ കാണാതെ ഒളിച്ചുനടക്കുകയാണ്‌ മുഖ്യമന്ത്രി.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home