print edition കണ്ട് രസിക്കാം, അറിഞ്ഞ് മടങ്ങാം; രാജ്യത്തെ ആദ്യ ജൈവവൈവിധ്യ മ്യൂസിയം

വള്ളക്കടവിലെ ജൈവ വൈവിധ്യ മ്യൂസിയത്തിലെ സയന്‍സ് ഓണ്‍ സ്ഫിയറിനെ കുറിച്ച് വിവരിക്കുന്ന ഉദ്യോഗസ്ഥ

ആൻസ് ട്രീസ ജോസഫ്
Published on Apr 19, 2026, 05:30 AM | 1 min read
തിരുവനന്തപുരം: പ്രകൃതിയെയും ജീവജാലങ്ങളെയും ആറടി വ്യാസമുള്ള ഭീമൻഗോളത്തിൽ കണ്ടാലോ... വള്ളക്കടവിലുള്ള രാജ്യത്തെ ആദ്യ ജൈവവൈവിധ്യ മ്യൂസിയത്തിലാണ് ജീവന്റെ തുടിപ്പുകളും പ്രകൃതിയും കൺനിറയെ കാണാൻ അവസരം. ഭൂമിയും കടലിനടിയിലെ കാഴ്ചകളും കാടിന്റെ വന്യതയുമെല്ലാം ഒത്തുചേർന്ന "സയൻസ് ഓൺ സ്ഫിയറാ'ണ് പ്രധാന ആകർഷണം. കാഴ്ചയ്ക്കൊപ്പം ശബ്ദവിവരണവും ഉണ്ടാകും. 20 മിനിറ്റാണ് പ്രദർശനസമയം. ഒരേസമയം 25 പേർക്ക് ആസ്വദിക്കാം.
ജൈവവൈവിധ്യ മ്യൂസിയം സ്ഥിതിചെയ്യുന്ന
പഴയ ബോട്ടുപുരയുടെ മുന്‍വശം
ഭൂമിയെയും മൃഗങ്ങളെയും കണ്ട് ആസ്വദിക്കാൻ ഒരുക്കിയിട്ടുള്ള ത്രീഡി തിയറ്ററാണ് മറ്റൊരു സവിശേഷത. 40 സീറ്റാണുള്ളത്. "ജൈവവൈവിധ്യം- ജീവന് ആധാരം' വിഭാഗത്തിൽ ഭൂമിയുടെ തുടക്കവും പരിണാമവും കേരളത്തിലെ ജൈവവൈവിധ്യങ്ങളെക്കുറിച്ചുള്ള പ്രദർശനവുമാണ് ഉള്ളത്. ദിനോസറുകൾമുതൽ വരയാടുകൾവരെയുള്ളവയുടെ മാതൃകകളും കാണാം. വിവിധതരം ശംഖുകളും പവിഴപ്പുറ്റുകളും കാണാനും കേരളത്തിന്റെ തനത് നെല്ലിനങ്ങൾ കണ്ടറിഞ്ഞ് പഠിക്കാനും സൗകര്യമുണ്ട്. പത്തൊമ്പതാംനൂറ്റാണ്ടിന്റെ തുടക്കത്തിൽ ജലഗതാഗതത്തിലൂടെ പാർവതീപുത്തനാറിലൂടെ ചരക്കുകൾ എത്തിച്ചിരുന്നപ്പോൾ നിർമിച്ച ബോട്ടുപുരയിലാണ് മ്യൂസിയത്തിന്റെ പ്രവർത്തനം. ബോട്ടുപുരയും ബോട്ടുകൾ അടുത്തിരുന്ന ആറിന്റെ ഭാഗവും അതേപടി നിലനിർത്തിയാണ് മ്യൂസിയമായി സജ്ജീകരിച്ചത്.
ജൈവവൈവിധ്യ മ്യൂസിയത്തിന്‍റെ മുന്‍വശം
ഞായർ അവധി
തിങ്കൾ മുതൽ ശനി വരെ രാവിലെ 11 മുതൽ രാത്രി അഞ്ചുവരെയാണ് സന്ദർശനസമയം. ഞായറാഴ്ച അവധിയാണ്. സംസ്ഥാന ജൈവവൈവിധ്യ ബോർഡിനാണ് മേൽനോട്ടം. മുതിർന്നവർക്ക് 50 രൂപയും കുട്ടികൾക്ക് 40 രൂപയുമാണ് പ്രവേശനഫീസ്. അഞ്ചുവയസ്സിൽ താഴെയുള്ള കുട്ടികൾക്ക് പ്രവേശനം സൗജന്യം.










0 comments