print edition അപകടം ക്ഷണിച്ച് വരുത്തി റെയിൽവേ; സുരക്ഷാ തസ്‌തികകളിലും കരാർവൽക്കരണം


സ്വന്തം ലേഖകൻ
Published on May 18, 2026, 01:09 AM | 1 min read
തിരുവനന്തപുരം: റെയിൽവേയിൽ സുരക്ഷയ്‌ക്ക് പുല്ലുവില. സുരക്ഷാ തസ്‌തികകളിൽപ്പോലും കരാർവൽക്കരണം നടപ്പാക്കുകയാണ് കേന്ദ്രസർക്കാർ. ഞായറാഴ്‌ച തീപിടിത്തമുണ്ടായ തിരുവനന്തപുരം–ന്യൂഡൽഹി രാജധാനി എക്‌സ്‌പ്രസിൽ എസി , ഇലക്‌ട്രിക്കൽ അറ്റകുറ്റപ്പണി സ്വകാര്യ ഏജൻസിക്ക് രണ്ടുമാസം മുന്പാണ് കരാർ നൽകിയത്.
സജു ആൻഡ് സൺസ് ആണ് വിവിധ ഡിവിഷനുകളിൽ കരാർ നേടിയത്. മുന്പ് ഇലക്‌ട്രിക്കൽ ഉപകരണങ്ങളുടെ പരിശോധനയ്‌ക്കും അറ്റകുറ്റപ്പണിക്കും പത്തിലേറെ സ്ഥിര ജീവനക്കാർ ഉണ്ടായിരുന്നു. എസി പരിശോധനയ്‌ക്കും അഞ്ചിലേറെ ജീവനക്കാരുണ്ടായിരുന്നു. എന്നാൽ രണ്ടുസെക്‌ഷനെയും ഏകീകരിച്ചാണ് നിലവിൽ കരാർ നൽകിയത്. ഏജൻസി കുറഞ്ഞ തൊഴിലാളികളെ വച്ചാണ് ജോലി ചെയ്യിപ്പിക്കുന്നതെന്ന് യൂണിയനുകളും പറയുന്നു. രാജധാനി എക്‌സ്‌പ്രസിൽ ഗാർഡും ലോക്കോപൈലറ്റ്, അസി. ലോക്കോപൈലറ്റ് എന്നിവർ ഒഴിച്ച് ബാക്കിയുള്ള ജീവനക്കാർ ഡൽഹി ഡിവിഷനിൽനിന്നുള്ളവരാണ്. രാജ്യത്തെ എല്ലാ രാജധാനി ട്രെയിനുകളും ഡൽഹി ഡിവിഷനാണ് നിയന്ത്രിക്കുന്നത്.

സിഗ്‌നലിങ്, എൻജിനിയറിങ്, മെക്കാനിക്കൽ വിഭാഗങ്ങളിലും കരാർ നൽകുകയാണ്. ഇത് അപകടം ക്ഷണിച്ചുവരുത്തുന്നതിന് തുല്യമാണ്. സിഗ്‌നലിങ് വിഭാഗത്തിൽ ജോലി ചെയ്യുന്നവർക്ക് കൃത്യമായ പരിശീലനംപോലും നൽകുന്നില്ല. യോഗ്യത ഇല്ലാത്തവർക്കും നിയമനം നൽകുന്നു. ഇതിനുപുറമെ കരാർ കന്പനികളുടെ ചൂഷണവും തൊഴിലാളികൾ നേരിടേണ്ടി വരുന്നു. വിരമിച്ചവർക്ക് വീണ്ടും ലോക്കോ പൈലറ്റുമാരായി നിയമനം നൽകിയതും വിവാദമായിരുന്നു. കേരളവും തമിഴ്‌നാടും ഉൾപ്പെടുന്ന ദക്ഷിണറെയിൽവേയിൽ12,638 പേരാണ് കരാർ ജീവനക്കാരായുള്ളത്.










0 comments