ആർഎൽഡിഎക്ക് സ്ഥലം കൈമാറി
print edition 300 കോടിയുടെ റെയിൽവേ ഭൂമി സ്വകാര്യ പാട്ടത്തിന്

പ്രതീകാത്മക ചിത്രം
സിറിൾ രാധാകൃഷ്‌ണൻ
Published on Jun 10, 2026, 12:00 AM | 1 min read
കൊച്ചി: എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷനോടുചേർന്ന് 300 കോടിയോളം രൂപ വിലമതിക്കുന്ന മൂന്നേക്കറോളം റെയിൽവേ ഭൂമി സ്വകാര്യ കമ്പനികൾക്ക് കൈമാറാൻ നീക്കം. പ്രധാന കവാടത്തിലെ മെട്രോ സ്റ്റേഷനടുത്ത് റെയിൽവേ കോളനിയിലെ കെട്ടിടങ്ങൾ പൊളിച്ചുമാറ്റിയാണ് 11000 ചതുരശ്ര മീറ്റർ ഭൂമി (2.71 ഏക്കർ) സ്വകാര്യപാട്ടത്തിന് നൽകുന്നത്. ഇതിനായി റെയിൽ ലാൻഡ് ഡെവലപ്മെന്റ് അതോറിറ്റി (ആർഎൽഡിഎ)യ്ക്ക് സ്ഥലം കൈമാറിക്കഴിഞ്ഞു. ആർഎൽഡിഎ ടെൻഡർ വിളിച്ച് കമ്പനികൾക്ക് പാട്ടത്തിന് നൽകും. 40 വർഷത്തേക്ക് നൽകാനാണ് ആലോചന.
സ്ഥലപരിമിതിമൂലം സൗത്ത് റെയിൽവേ സ്‌റ്റേഷൻ വീർപ്പുമുട്ടുന്പോഴാണ് കൈവശമുള്ള ഭൂമി മറ്റാവശ്യങ്ങൾക്ക് സ്വകാര്യകന്പനികൾക്ക് വിട്ടുനൽകുന്നത്. യാത്രക്കാർക്ക് ഡിപ്പാർച്ചർ, അറൈവൽ കേന്ദ്രം ഒരുക്കാവുന്ന കണ്ണായ സ്ഥലമാണിത്. സ്‌റ്റേഷനിലേക്കെത്തുന്ന വാഹനങ്ങൾക്ക് സഞ്ചരിക്കാൻ വീതിയേറിയ റോഡ് പോലും ഇപ്പോഴില്ല. വാഹന പാർക്കിങ് സൗകര്യവും തീരെ കുറവ്. ശബരിമല സീസണിൽ നൂറോളം അധിക പാർക്കിങ് പെർമിറ്റുകൾ റെയിൽവേ നൽകാറുണ്ട്. അതിനായി റെയിൽവേ കോളനി സ്ഥലം ഉൾപ്പെടെയാണ് ഉപയോഗിക്കുന്നത്. ദീർഘകാല സ്വകാര്യ പാട്ടക്കരാർ സ്‌റ്റേഷന്റെ ഭാവിവികസനം മുരടിപ്പിക്കുമെന്ന ആക്ഷേപമുയർന്നിട്ടുണ്ട്.
വാണിജ്യത്തിനായി വിട്ടുനൽകാവുന്ന, റെയിൽവേ ഭൂമി നഗരത്തിൽ വേറെയുണ്ട്. മട്ടാഞ്ചേരി ഹാൾട്ടിൽ 40 ഏക്കറോളവും മംഗളവനം പ്രദേശത്ത് 38 ഏക്കറോളവും ഭൂമി റെയിൽവേയുടെ ഉടമസ്ഥതയിലൂണ്ട്. നിലവിൽ ഇരുസ്ഥലങ്ങളും ഉപയോഗശൂന്യമായ നിലയിലാണ്.










0 comments