ad
Deshabhimani

print edition ഉജ്വല സമാപ്തി ; പ്രഥമ ഇന്ത്യൻ കൾച്ചറൽ കോൺഗ്രസിന്‌ സമാപനം

Indian Cultural Congress

ഇന്ത്യൻ കൾച്ചറൽ കോൺഗ്രസ് 2026ന്റെ ലോഗോ മമ്മൂട്ടി പ്രകാശിപ്പിക്കുന്നു. ടി എം കൃഷ്ണ, രത്ന പഥക് ഷാ, 
ദിവ്യ എസ് അയ്യർ, എം അനിൽകുമാർ എന്നിവർ സമീപം

വെബ് ഡെസ്ക്

Published on Dec 23, 2025, 02:45 AM | 3 min read


കൊച്ചി

ഇന്ത്യൻ സാംസ്‌കാരിക ബഹുസ്വരതയുടെ സംഗമവേദിയായിമാറിയ പ്രഥമ ഇന്ത്യൻ കൾച്ചറൽ കോൺഗ്രസിന്‌ ആഘോഷപൂർണമായ സമാപനം. "ഒന്നിക്കാം മുന്നേറാം' എന്ന സന്ദേശം ലക്ഷ്യത്തിലെത്തിച്ചുതന്നെയാണ്‌ മൂന്നുനാൾ നീണ്ട കൾച്ചറൽ കോൺഗ്രസ്‌ സമാപിച്ചത്‌. ദർബാർ ഹാൾ ഗ്രൗണ്ടിൽ നടന്ന സമാപന സമ്മേളനം മലയാളത്തിന്റെ മഹാനടൻ മമ്മൂട്ടി ഉദ്ഘാടനം ചെയ്തു.


സംഘാടകസമിതി വര്‍ക്കിങ് ചെയര്‍മാന്‍ എം അനില്‍കുമാര്‍ അധ്യക്ഷനായി. സിപിഐ എം ജനറൽ സെക്രട്ടറി എം എ ബേബി, മന്ത്രി പി രാജീവ‍്, ഭാഷാചരിത്രകാരൻ ഗണേശ് എൻ ദേവി, സുധൻവ ദേശ്പാണ്ഡെ, രത്ന പഥക് ഷാ, ടി എം കൃഷ്ണ, എംഎല്‍എമാരായ പി വി ശ്രീനിജിന്‍, കെ ജെ മാക്സി, സാംസ്‌കാരികവകുപ്പ് ഡയറക്ടര്‍ ദിവ്യ എസ് അയ്യര്‍, മുരളി ചീരോത്ത്, പ്രമോദ് പയ്യന്നൂർ തുടങ്ങിയവർ സംസാരിച്ചു. ഉദ്ഘാടന ചടങ്ങിനു മുന്നോടിയായി മമ്മൂട്ടിക്ക് ആദർമർപ്പിച്ച് 'അഭിനയസൂര്യൻ' ദൃശ്യാവിഷ്കാരം പ്രദർശിപ്പിച്ചു.


mammootty
ഇന്ത്യൻ കൾച്ചറൽ കോൺഗ്രസ് സമാപനസമ്മേളനം നടൻ മമ്മൂട്ടി ഉദ്‌ഘാടനം ചെയ്യുന്നു


ഇന്ത്യൻ കൾച്ചറൽ കോൺഗ്രസിന്റെ രണ്ടാംപതിപ്പിന്റെ പ്രഖ്യാപനവും നടന്നു. രണ്ടാമത് ഇന്ത്യൻ കൾച്ചറൽ കോൺഗ്രസിന്റെ പ്രഖ്യാപനം ചലച്ചിത്രനടിയും സംവിധായികയുമായ രത്ന പഥക് ഷായും പ്രമുഖ എഴുത്തുകാരൻ ഗണേഷ് എൻ ദേവിയും ചേർന്ന് നിർവഹിച്ചു. രണ്ടാംപതിപ്പിന്റെ ലോഗോ നടൻ മമ്മൂട്ടി പ്രകാശിപ്പിച്ചു. ഡോക്യുമെന്ററി സംവിധായകൻ ആനന്ദ് പട് വർധന്റെ സന്ദേശം നാടകസംവിധായകൻ സുധൻവ ദേശ് പാണ്ഡെ വായിച്ചു. സംഗീതസംവിധായകൻ ടി എം കൃഷ്ണ "ഹം ദേഖേംഗേ' എന്ന ഉർദു ഗാനം അഞ്ച് ഭാഷകളിലായി പാടിയത് വേദിയും സദസ്സും ഇരുകൈയും നീട്ടി സ്വീകരിച്ചു.


ഉദ്‌ഘാടനച്ചടങ്ങിനുശേഷം മഹാരാജാസ് കോളേജ് ഗായകസംഘം മെഡ്‌ലി സംഗീതം അവതരിപ്പിച്ചു. പിന്നണിഗായിക സിതാര കൃഷ്ണകുമാറിന്റെ നേതൃത്വത്തിൽ ‘സിതാരാസ് പ്രോജക്ട് മലബാറിക്കസ്' അവതരിപ്പിച്ച സംഗീതവിരുന്നും അരങ്ങേറി.


നസറുദീൻ ഷായുടെ ഭാര്യ രത്ന പഥക് ഷാ അവതരിപ്പിച്ച ദി ലിബറേഷൻ ഓഫ്‌ സീത , പണ്ഡിറ്റ് രമേഷ് നാരായണൻ, മധുശ്രീ നാരായണൻ, മധുവന്തി നാരായണൻ എന്നിവരുടെ സംഗീത പരിപാടി, ഹിന്ദുസ്ഥാനി സംഗീതജ്ഞ അബ്രദിതാ ബാനർജിയുടെ രബീന്ദ്രസംഗീതം എന്നിവ സമാപനദിനത്തിൽ വിവിധ വേദികളിൽ അരങ്ങേറി.


sithara


ഇത്‌ പോരാട്ടഭൂമികകൂടിയാണ്‌: 
ടി എം കൃഷ്ണ

സംസ്കാരത്തെ രാഷ്ട്രീയത്തിൽനിന്ന് വേർതിരിച്ചുനിർത്താനുള്ള ശ്രമങ്ങൾ ശക്തമാകുമ്പോൾ, സംസ്കാരത്തിന്റെ രാഷ്ട്രീയത്തെക്കുറിച്ചാണ്‌ എഴുത്തുകാരൻ ടി ഡി രാമകൃഷ്ണനും സംഗീതജ്ഞൻ ടി എം കൃഷ്ണയും സംസാരിച്ചത്‌. കല, സാഹിത്യം, സംഗീതം, രാഷ്ട്രീയം എന്നിവ തമ്മിലുള്ള അന്തർബന്ധങ്ങളെ തുറന്നുകാട്ടിയ ചർച്ചയിൽ, കലാകാരന്മാർ നേരിടുന്ന ആക്രമണങ്ങൾക്കെതിരെ ശക്തമായ സാംസ്കാരികവേദികൾ ഉയർന്നുവരണമെന്ന്‌ ടി എം കൃഷ്ണ പറഞ്ഞു.


സമൂഹത്തെയും മനുഷ്യന്റെ പെരുമാറ്റങ്ങളെയും നിരീക്ഷിച്ചാണ് സാംസ്കാരിക രൂപങ്ങൾ ജനിക്കുന്നത്. അതിനാൽ അവയ്‌ക്ക്‌ അധികാരഘടനകളെ ചോദ്യംചെയ്യാനുള്ള ശേഷിയുണ്ട്‌. എന്നാൽ, ഇന്നത്തെ രാഷ്ട്രീയം ഭാവനയും സർഗാത്മകതയും നഷ്ടപ്പെട്ട നിലയിലാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കർണാടക സംഗീതത്തിന്റെ ചരിത്രം, അതിലെ ജാതി മേധാവിത്വം, ദളിത്പ്രശ്നങ്ങൾ എന്നിവയിലേക്കെല്ലാം ചർച്ച നീങ്ങി. സംസ്‌കാരികരംഗം ഒരു പോരാട്ടഭൂമിയാണെന്ന ബോധ്യത്തോടെ കല, സാഹിത്യം, സംഗീതം എന്നിവയിലൂടെ ദീർഘകാല സാമൂഹികമാറ്റം സൃഷ്ടിക്കണമെന്ന ആഹ്വാനത്തോടെയാണ് ചർച്ച അവസാനിച്ചത്.



ദേശീയ വിദ്യാഭ്യാസനയത്തിന്‌ 
മനുസ്മൃതിയുടെ കരിക്കുലം: 
പ്രൊഫ. സി രവീന്ദ്രനാഥ്‌

വിദ്യാഭ്യാസത്തെ വരേണ്യയുക്തിയിലേക്ക് കൊണ്ടുപോകാനുള്ള ശ്രമമാണ് ആർഎസ്എസിനാൽ നയിക്കപ്പെടുന്ന കേന്ദ്രസർക്കാർ നടത്തുന്നതെന്ന് പ്രൊഫ. സി രവീന്ദ്രനാഥ്. ഇന്ത്യൻ കൾച്ചറൽ കോൺഗ്രസിന്റെ ഭാഗമായി സുഭാഷ് പാർക്കിൽ (പിക്കാസോ വേദി) സംഘടിപ്പിച്ച ‘വിദ്യാഭ്യാസ മേഖലകളിലെ സമകാലിക പ്രതിസന്ധികൾ' പാനൽചർച്ചയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ദേശീയ വിദ്യാഭ്യാസനയം മുന്നോട്ടുവയ്ക്കുന്നത് മനുസ്മൃതിയുടെ കരിക്കുലമാണ്. രാജ്യത്താകെ പ്രതിലോമ വിദ്യാഭ്യാസം നടപ്പാക്കുമ്പോൾ കേരളത്തിൽ പൊതുവിദ്യാഭ്യാസ മേഖലയെ ശാക്തീകരിച്ച് പുരോഗമന വിദ്യാഭ്യാസം സാധ്യമാക്കുന്നതായും അദ്ദേഹം പറഞ്ഞു.


icc


ഇന്ത്യയിൽ പൊതുവിദ്യാലയങ്ങൾ കുറയുന്നതിന്റെ പത്തിരട്ടി മതരാഷ്ട്രവാദികൾ നേതൃത്വം കൊടുക്കുന്ന വിദ്യാലയങ്ങൾ പെരുകുന്നുവെന്നും അപകടകരമായ ദിശയിലേക്കാണ് ഇന്ത്യൻവിദ്യാഭ്യാസത്തിന്റെ സഞ്ചാരമെന്നും വി ശിവദാസൻ എംപി പറഞ്ഞു. ദേശീയ വിദ്യാഭ്യാസനയത്തിൽനിന്ന് മതനിരപേക്ഷതയും സോഷ്യലിസവും പുറത്താണെന്നും വിദ്യാഭ്യാസത്തെ വർഗീയവഴിയിലേക്ക് നയിക്കുന്നത് ആപൽക്കരമാണെന്നും ടി കെ മീരാഭായി പറഞ്ഞു. ഡോ. രാജൻ വർഗീസ്‌ മോഡറേറ്ററായി.


കലാപ്രകടനങ്ങളുമായി "ലിറ്റിൽ പീപ്പിൾ ട്രസ്റ്റ്‌'

കാണികൾക്ക് ആവേശം പകരുന്ന കലാ പ്രകടനങ്ങളുമായാണ് "ലിറ്റിൽ പീപ്പിൾ ട്രസ്റ്റ്' അംഗങ്ങൾ ഇന്ത്യൻ കൾച്ചറൽ കോൺഗ്രസ് വേദിയിൽ എത്തിയത്. പാട്ടും നൃത്തവുമായി 15 പേര്‍ അരങ്ങിൽ എത്തി. ഒരുക്കങ്ങൾക്ക് വേഗംപകർന്ന് അണിയറയിലും കുറച്ചുപേർ ഉണ്ടായി. തിരുവനന്തപുരത്ത്‌ പാരാ അത്‌ലറ്റിക്‌ ചാമ്പ്യൻഷിപ്പിൽ പങ്കെടുത്തശേഷം ക്ഷീണം വകവയ്‌ക്കാതെയാണ്‌ പലരും കൾച്ചറൽ കോൺഗ്രസിന്റെ വേദിയിലെത്തിയത്‌. പ്രഥമ ഇന്ത്യൻ കൾച്ചറൽ കോൺഗ്രസിന്റെ ഭാഗമാകാനായതിൽ സന്തോഷമുണ്ടെന്നും അവർ പറഞ്ഞു.


icc



‘കോമ്രേഡ് വി എസ് 
ദ ലാസ്‌റ്റിങ്‌ ക്യാമ്പയിൻ’ 
പ്രദർശിപ്പിച്ചു

മുൻ മുഖ്യമന്ത്രി വി എസ്‌: അച്യുതാനന്ദനെക്കുറിച്ച് ബ്രിട്ടീഷ് സംവിധായകൻ ഇവാൻ മക്ഡൊണാൾഡ് തയ്യാറാക്കിയ ഡോക്യു ഫിലിം - ‘കോമ്രേഡ് വി എസ്: ദ ലാസ്‌റ്റിങ്‌ ക്യാന്പയിൻ’ ഇന്ത്യൻ കൾച്ചറൽ കോൺഗ്രസിൽ പ്രദർശിപ്പിച്ചു. ചാവറ കൾച്ചറൽ സെന്ററിലെ നിറഞ്ഞ സദസ്സിലായിരുന്നു പ്രദർശനം. ​


2016ലെ നിയമസഭാ തെരഞ്ഞെടുപ്പുകാലത്ത്‌ ജനസഹസ്രങ്ങളെ ആകർഷിച്ച വി എസിന്റെ പ്രചാരണയോഗങ്ങൾക്കൊപ്പംസഞ്ചരിച്ച്‌ തയ്യാറാക്കിയതാണ് ഡോക്യുമെന്ററി. എൽഡിഎഫ് കേരളത്തിലാകെ സൃഷ്ടിച്ച രാഷ്ട്രീയമുന്നേറ്റത്തിന്റെ അനുഭവസാക്ഷ്യങ്ങൾക്കൊപ്പം വി എസിന്റെ കർക്കശമായ ജീവിതചര്യകളും ചിത്രത്തിലുണ്ട്. 88 മിനിറ്റ് ദൈർഘ്യമുള്ളതാണ് ചിത്രം. രാജ്യത്തെ ആദ്യ പ്രദർശനമായിരുന്നു ഇത്‌.


ജീവിതപങ്കാളിയും ചലച്ചിത്രനിർമാതാവുമായ ഗീത ജെയുമായി ചേർന്നാണ് ഇവാൻ മക്ഡൊണാൾഡ് ഡോക്യുമെന്ററി തയ്യാറാക്കിയത്. ഛായാഗ്രഹകനും ഇവാൻതന്നെ. മികച്ച സംവിധായകനുള്ള ഇത്തവണത്തെ സംസ്ഥാന ചലച്ചിത്ര പുരസ്കാരത്തിന്‌ അർഹനായ ചിദംബരമാണ്‌ സഹഛായാഗ്രാഹകൻ. ‘അൽഗൊരിതംസ്' പോലെ രാജ്യാന്തര പ്രശസ്തമായ ഒരു ഡസനിലേറെ ഡോക്യുമെന്ററികൾ ഇവാൻ മക്ഡൊണാൾഡ് സംവിധാനം ചെയ്‌തിട്ടുണ്ട്‌.


icc

icc


എഴുത്ത്‌

എസ്‌ ശ്രീലക്ഷ്‌മി , നിധിൻ രാജു

ചിത്രം

വി കെ അഭിജിത്‌








deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home