ad
Deshabhimani

print edition കുടുംബവരുമാനം കണ്ടെത്താൻ കേന്ദ്ര സർവേ

Modi.jpg
avatar
അമൽ ഷൈജു

Published on May 17, 2026, 01:24 AM | 1 min read

കൊല്ലം: രാജ്യത്ത് ആദ്യമായി ഓരോ കുടുംബത്തിന്റെയും വരുമാനം കണ്ടെത്താൻ സർവേയുമായി കേന്ദ്ര മന്ത്രാലയം. സ്ഥിതിവിവര– പദ്ധതി നിര്‍വഹണ മന്ത്രാലയത്തിനുകീഴിലുള്ള ദേശീയ സാമ്പിള്‍ സർവേ ഓഫീസിന്റെ (എൻഎസ്‌ഒ) നേതൃത്വത്തിലാണ്‌ ദേശീയ കുടുംബ വരുമാന സർവേ നടത്തുന്നത്‌. സംസ്ഥാനത്ത്‌ തിരുവനന്തപുരം, കോഴിക്കോട്‌ റീജണൽ ഓഫീസുകൾക്ക്‌ കീഴിലായി നഗര, ഗ്രാമ പ്രദേശങ്ങളെ 644 മേഖലകളായി തിരിച്ച്‌ സാമ്പിൾ ശേഖരിക്കും.


കൊല്ലം ഓഫീസ് പരിധിയിലുള്ള കൊല്ലം, ആലപ്പുഴ, പത്തനംതിട്ട ജില്ലകളിലായി 52 ഗ്രാമപ്രദേശങ്ങളിലും 64 നഗരപ്രദേശങ്ങളിലും സർവേ 10 ശതമാനം പൂർത്തിയായി. 75 വർഷത്തിനിടയിലെ രാജ്യത്തെ ഗാർഹിക വരുമാന വിതരണം, ഘടനാപരമായ സാമ്പത്തിക മാറ്റങ്ങൾ എന്നിവ സർവേയിലൂടെ കണ്ടെത്തും. രാജ്യത്ത്‌ സമഗ്രമായ കുടുംബവരുമാന സർവേ ഇതുവരെ നടത്തിയിട്ടില്ലെങ്കിലും 1950 കളിലെ ഉപഭോക്തൃ ചെലവ് സർവേകളിൽ പരീക്ഷണാത്മകമായി വരുമാന വിവരം ശേഖരിക്കാനുള്ള ശ്രമങ്ങൾ നടന്നിരുന്നു.


എന്നാൽ, ഡാറ്റ ഗുണനിലവാരത്തെക്കുറിച്ചുള്ള ആശങ്കകൾ കാരണം ഫലങ്ങൾ ഔദ്യോഗികമായി പുറത്തുവിട്ടില്ല. സർക്കാർ പദ്ധതികളുടെ ഗുണഭോക്താക്കളെ കൃത്യമായി തിരിച്ചറിയാനും നയനിർണയങ്ങൾക്ക് അടിസ്ഥാനമായ വിശ്വസനീയ വിവരങ്ങൾ ശേഖരിക്കാനും സാമൂഹ്യക്ഷേമ പ്രവർത്തനങ്ങൾ ഫലപ്രദമാക്കാനുമാണ്‌ ഇപ്പോഴത്തെ സർവേ ലക്ഷ്യമിടുന്നത്‌.


വരുമാനത്തിനു പുറമെ തൊഴിൽ, വിദ്യാഭ്യാസം, മറ്റു ചെലവുകൾ തുടങ്ങിയ വിവരങ്ങളും ശേഖരിക്കും. വികസിത രാജ്യങ്ങളിൽനിന്നുള്ള മികച്ച രീതികളും വിവരശേഖരണത്തിനായി സർവേ സംഘം ഉപയോഗിക്കുന്നുണ്ട്‌. പരിശീലനം നേടിയ ഉദ്യോഗസ്ഥരാണ്‌ വീടുകളിലെത്തി വിവരങ്ങൾ ശേഖരിക്കുന്നത്‌. ഏപ്രിലിൽ ആരംഭിച്ച വിവരശേഖരണം 2027 മാർച്ചോടെ പൂർത്തിയാക്കുമെന്ന്‌ എൻഎസ്‌ഒ കേരള സ‍ൗത്ത്‌ ഡെപ്യൂട്ടി ഡയറക്ടർ ജനറൽ ഇ എം വിബീഷ്‌, കൊല്ലം സബ് റീജണൽ ഓഫീസ് അസിസ്റ്റന്റ് ഡയറക്ടർ ജോമോൻ കുഞ്ചറകാട്ട് എന്നിവർ അറിയിച്ചു.






deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home