print edition ആദായനികുതി റീഫണ്ട് കിട്ടില്ല; പുതിയ നമ്പറുമായി സൈബർ തട്ടിപ്പുകാർ


ശ്രീരാജ് ഓണക്കൂർ
Published on Jun 22, 2026, 12:00 AM | 1 min read
കൊച്ചി: ആദായനികുതി റിട്ടേൺ ഫയൽ ചെയ്യുന്പോൾ റീഫണ്ട് ലഭിക്കുമെന്ന വാഗ്‌ദാനവുമായി സൈബർ തട്ടിപ്പുകാർ. സമൂഹമാധ്യമങ്ങളിൽ പരസ്യം നൽകിയും ഇ–മെയിലുകൾവഴിയുമുള്ള തട്ടിപ്പ് വ്യാപകമായിരിക്കുകയാണെന്ന് പൊലീസ് മുന്നറിയിപ്പ് നൽകുന്നു. 2025–26 സാമ്പത്തികവർഷത്തെ ആദായനികുതി റിട്ടേൺ ഫയലിങ് ആരംഭിച്ചതിന്റെ മറവിലാണ് തട്ടിപ്പുകാർ രംഗത്തെത്തിയത്. തട്ടിപ്പുകാർ ഉപയോക്താക്കൾക്ക് ഒരു ലിങ്ക് അയക്കുകയും അതിൽ ക്ലിക് ചെയ്താൽ ആദായനികുതി റീഫണ്ട് ലഭിക്കുമെന്നുള്ള വാഗ്‌ദാനം നൽകുകയുമാണ് ചെയ്യുന്നത്.
സമൂഹമാധ്യമങ്ങളിലെ പരസ്യത്തിൽ ബന്ധപ്പെട്ടാൽ നിങ്ങളുടെ ഫോൺനന്പറും മേൽവിലാസവും അടക്കമുള്ള വിവരങ്ങളാകും ആദ്യം ആവശ്യപ്പെടുക. പിന്നീട് അവർ നൽകുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യണമെന്ന് പറയും. ക്ലിക്ക് ചെയ്യുന്നതോടെ മിക്കവാറും തട്ടിപ്പുകാരന്റെ എപികെ ഫയൽ നിങ്ങളുടെ മൊബൈൽ ഫോണിൽ ഇൻസ്‌റ്റാളാകും. ഇതോടെ ഫോണിന്റെ നിയന്ത്രണവും അവരുടെ കൈയിലാകും. നിങ്ങളുടെ പേമെന്റ് ആപ്പിന്റെയും നെറ്റ് ബാങ്കിങ്ങിന്റെയും പാസ്‌വേഡുകൾ മനസ്സിലാക്കി, അക്കൗണ്ടിലെ പണം മുഴുവൻ തട്ടിയെടുക്കും.
ഇ–മെയിൽവഴിയുള്ള തട്ടിപ്പാണെങ്കിൽ നിങ്ങളുടെ ക്രെഡിറ്റ്, ഡെബിറ്റ് കാർഡുകളുടെ പിൻനന്പറുകളോ പാസ്‌വേഡുകളോ ആയിരിക്കും ആവശ്യപ്പെടുക.
ആദായനികുതി വകുപ്പ് നികുതി റിട്ടേണുകൾ ഫയൽ ചെയ്യുന്നതിന്റെ ഭാഗമായി ഇ–മെയിൽവഴി ആരുടെയും പാസ്‌വേഡോ പിൻനന്പറുകളോ ആവശ്യപ്പെടാറില്ല. ഇക്കാര്യം ആദായനികുതി വകുപ്പിന്റെ വെബ്‌സൈറ്റിൽത്തന്നെ വ്യക്തമാക്കിയിട്ടുണ്ട്. ഇത്തരം ഇ–മെയിലുകൾക്ക് ഒരുകാരണവശാലും മറുപടി നൽകരുതെന്ന് പൊലീസ് പറയുന്നു. അജ്ഞാതർ നൽകുന്ന ലിങ്കുകളിൽ ക്ലിക്ക് ചെയ്യരുത്. അറിയാതെ ലിങ്കിൽ പ്രവേശിച്ചാൽ, ബാങ്ക് അക്കൗണ്ട്, ക്രെഡിറ്റ്–ഡെബിറ്റ് കാർഡ് വിവരങ്ങൾ കൈമാറരുതെന്നും പൊലീസ് മുന്നറിയിപ്പ് നൽകുന്നു.










0 comments