ഐ എം വിജയൻ ഇനി ഡെപ്യൂട്ടി കമാൻഡന്റ്; സ്ഥാനക്കയറ്റം ഫുട്ബോളിന് നൽകിയ സംഭാവന പരിഗണിച്ച്

ഐ എം വിജയൻ യാത്രയയപ്പ് ചടങ്ങിനുശേഷമുള്ള സൗഹൃദസംഭാഷണത്തിൽ /ഫോട്ടോ: കെ ഷെമീർ
തിരുവനന്തപുരം: ഇന്ത്യൻ ഫുട്‌ബോൾ ഇതിഹാസം ഐ എം വിജയൻ പൊലീസ് കുപ്പായം അഴിക്കുക എംഎസ്‌പി ഡെപ്യൂട്ടി കമാൻഡന്റായി. മലപ്പുറം എംഎസ്‌പിയിൽ അസി. കമാൻഡന്റായ ഐ എം വിജയന് വിരമിക്കാൻ ഒരു ദിവസം മാത്രം ബാക്കിനിൽക്കേയാണ് സ്ഥാനക്കയറ്റം നൽകിയത്. ഫുട്ബോളിന് നൽകിയ സംഭാവനകൾ പരിഗണിച്ച് സൂപ്പർ ന്യമററി തസ്തിക സൃഷ്ടിച്ചാണ് സ്ഥാന കയറ്റം നൽകിയത്.
1969 ഏപ്രിൽ 25ന് തൃശൂർ കോലത്തുംപാടും അയനിവളപ്പിൽ മണിയുടെയും കൊച്ചമ്മുവിന്റെയും മകനായാണ് ഐ എം വിജയന്റെ ജനനം. 1986ൽ എം കെ ജോസഫ് ഡിജിപിയായിരിക്കെയാണ് പൊലീസിന്റെ സെലക്ഷൻ ട്രയൽസിനിറങ്ങുന്നത്. കളിമിടുക്ക് കണ്ട് ഇഷ്ടപ്പെട്ടെങ്കിലും 18 വയസ്സ് തികയാത്തതിനാൽ ടീമിലെടുത്തില്ല. ആറുമാസത്തിലധികം അതിഥി താരമായി ടീമിൽ കളിച്ചശേഷം 1987ൽ പൊലീസ് കോൺസ്‌റ്റബിളായി നിയമിതനായി.
ഇതിനിടെ 1991ൽ കൊൽക്കത്ത മോഹൻബഗാൻ ക്ലബ്ബിനുവേണ്ടി കളിക്കാൻപോയി. അടുത്തവർഷം തിരിച്ചുവന്നു. 1993ൽ സന്തോഷ്‌ട്രോഫി കിരീടംനേടിയ കേരള ടീമിൽ അംഗമായി. അധികംവൈകാതെ വീണ്ടും പ്രൊഫഷണൽ ക്ലബ്ബുകളിലേക്ക് തിരിച്ചുപോയി. ഈസ്റ്റ് ബംഗാൾ, ജെസിടി മിൽസ് ഫഗ്വാര, എഫ്‌സി കൊച്ചിൻ, ചർച്ചിൽ ബ്രദേഴ്‌സ് തുടങ്ങിയ ടീമുകൾക്കായി ബൂട്ടുകെട്ടി. വർഷങ്ങൾക്കുശേഷം പൊലീസിൽ എഎസ്‌ഐയായി തിരിച്ചെത്തിയ വിജയൻ 2021ലാണ് എംഎസ്‌പി അസി. കമാൻഡന്റായത്. 1991മുതൽ 2003വരെ ഇന്ത്യക്കായി കളിച്ചു. രാജ്യത്തിനായി 88 കളിയിൽ 39 ഗോളടിച്ചു.










0 comments