ad
Deshabhimani

print edition കോൺഗ്രസ് പ്രവർത്തകന്റെ വെളിപ്പെടുത്തൽ : ഐ സി ബാലകൃഷ്ണൻ 
10 ലക്ഷം തട്ടിയെടുത്തു

ഡിസിസി ട്രഷറർ എൻ എം വിജയന്റെ മരണം

ഐ സി ബാലകൃഷ്ണൻ

വെബ് ഡെസ്ക്

Published on Mar 22, 2026, 02:07 AM | 2 min read

കൽപ്പറ്റ : ബത്തേരി അർബൻ ബാങ്കിൽ നിയമനം വാഗ്‌ദാനംചെയ്ത്‌ ഐ സി ബാലകൃഷ്‌ണൻ എംഎൽഎ 10 ലക്ഷം രൂപ കോഴവാങ്ങി വഞ്ചിച്ചെന്ന്‌ കോൺഗ്രസ്‌ പ്രവർത്തകൻ. മേപ്പാടി നത്തംകുനി ഉറവനാംതടത്തിൽ സിജോ ചാക്കോയാണ്‌ വാർത്താസമ്മേളനത്തിൽ ഇക്കാര്യം വെളിപ്പെടുത്തിയത്. സ്ഥലംവിറ്റാണ്‌ പണം നൽകിയത്‌. ഇപ്പോൾ ജോലിയും പണവുമില്ല. ജീവിതം പ്രതിസന്ധിയിലാണ്‌. താൻ ജീവനൊടുക്കിയാൽ എംഎൽഎയക്കാണ്‌ ഉത്തരവാദിത്വമെന്നും സിജോ പറഞ്ഞു.

ബാങ്കിൽ പ്യൂൺ തസ്‌തിക വാഗ്‌ദാനംചെയ്‌ത്‌ 2018ലാണ്‌ ഡിസിസി പ്രസിഡന്റായിരുന്ന ബാലകൃഷ്‌ണൻ 10 ലക്ഷം രൂപ വാങ്ങിയത്‌. എൻ എം വിജയന്റെ ബത്തേരിയിലെ വീട്ടിൽവച്ച്‌ താനും അച്ഛൻ ചാക്കോയും അമ്മയുടെ സഹോദരനും മുൻ മണ്ഡലം പ്രസിഡന്റുമായ തങ്കച്ചൻ കൊച്ചുപുരയ്ക്കലും ചേർന്നാണ്‌ പണം കൈമാറിയത്‌. എൻ എം വിജയന്റെ വീട്ടിലെത്തിയപ്പോൾ ബാലകൃഷ്‌ണൻ ഉണ്ടായിരുന്നില്ല. എംഎൽഎയെ വിജയൻ വിളിച്ചു. പത്തുമിനിട്ടിനുള്ളിൽ എംഎൽഎ വീട്ടിലെത്തി പണമടങ്ങിയ ബാഗ്‌ വാങ്ങി മടങ്ങി. രണ്ടുമാസത്തിനുള്ളിൽ പരീക്ഷയും അഭിമുഖവും നടത്തി ജോലിനൽകാമെന്നായിരുന്നു വാഗ്ദാനം. പരീക്ഷയിൽ വിജയിച്ചെങ്കിലും ജോലി നൽകിയില്ല.

പലവട്ടം എംഎൽഎയെ കണ്ടു. എൻ എം വിജയനെ സമീപിക്കാനും അദ്ദേഹം ചെക്ക്‌ നൽകുമെന്നും പറഞ്ഞു. പിന്നീട്‌ വിജയൻ പഞ്ചാബ്‌ നാഷണൽ ബാങ്ക്‌ ബത്തേരി ശാഖയിലേക്ക്‌ 10 ലക്ഷം രൂപയുടെ ചെക്ക്‌ തന്നു. ഇത്‌ മടങ്ങി. എംഎൽഎയുടെ നിർദേശപ്രകാരം വിജയൻ ബത്തേരി ദൊട്ടപ്പൻകുളത്തെ എട്ട്‌ സെന്റ്‌ സ്ഥലം നൽകാമെന്ന്‌ കരാർ എഴുതിനൽകിയെങ്കിലും സ്ഥലം വിറ്റുപോയിരുന്നു. പണം ഉടൻ തിരികെ നൽകില്ലെങ്കിൽ എംഎൽഎയുടെ വീട്ടിലും ഡിസിസി ഓഫീസിനുമുന്നിലും സമരം ആരംഭിക്കും. മുഖ്യമന്ത്രിയ്ക്കും ഡിജിപിയ്ക്കും പരാതി നൽകുമെന്നും സിജോ ചാക്കോ പറഞ്ഞു. അമ്മ ചിന്നമ്മ ചാക്കോ, തങ്കച്ചൻ കൊച്ചുപുരയ്ക്കൽ എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.


കെപിസിസി അംഗം തളിപ്പറന്പിൽ വിമതൻ

തളിപ്പറന്പ്‌ കെപിസിസി അംഗവും മുൻ ബ്ലോക്ക്‌ പഞ്ചായത്തംഗവുമായ കൊയ്യം ജനാർദനൻ തളിപ്പറന്പ്‌ മണ്ഡലത്തിൽ സ്വതന്ത്രനായി പത്രിക സമർപ്പിച്ചു. സിപിഐ എം പുറത്താക്കിയ ടി കെ ഗോവിന്ദനെ യുഡിഎഫ്‌ സ്ഥാനാർഥിയാക്കിയതിൽ പ്രതിഷേധിച്ചാണ്‌ മത്സരത്തിനിറങ്ങുന്നത്‌.

നേരത്തെ വിമതനായി പത്രിക നൽകുമെന്നറിയിച്ച യൂത്ത്‌കോൺഗ്രസ്‌ ജില്ലാ പ്രസിഡന്റ്‌ വിജിൽ മോഹനൻ തനിക്ക്‌ പൂർണപിന്തുണ പ്രഖ്യാപിച്ചതായി ജനാർദനൻ പറഞ്ഞു. പ്രവർത്തകരുടെ വികാരം മാനിക്കാതെ ടി കെ ഗോവിന്ദനെ യുഡിഎഫ്‌ സ്ഥാനാർഥിയാക്കിയതിലാണ്‌ പ്രതിഷേധമെന്നും അവരുടെ അഭ്യർഥനപ്രകാരമാണ്‌ മത്സരിക്കുന്നതെന്നും ജനാർദനൻ പ്രതികരിച്ചു.​



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home