മനുഷ്യക്കടത്തും പെൺവാണിഭവും
print edition ദുബായിലെ 2 മലയാളികൾക്കായി അന്വേഷണം

കൊച്ചി : മോഡലിങ്ങിന്റെ മറവിൽ മനുഷ്യക്കടത്തും പെൺവാണിഭവും നടത്തിയ കേസിൽ ദുബായിലുള്ള രണ്ട് മലയാളികൾക്കായി അന്വേഷണം ഉൗർജിതമാക്കി. സിന്ധുവിന്റെ (സ്‌റ്റോയ്‌സി) നിർദേശപ്രകാരം ദുബായിൽ സെക്‌സ്‌റാക്കറ്റ് പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചിരുന്നത് ഇവരാണ്. ഇരകളെ സാന്പത്തികമായും റാക്കറ്റ് നടത്തിപ്പുകാർ കബളിപ്പിച്ചതായി വ്യക്തമായി. ദുബായിൽ ജോലി ലഭിക്കാൻ നാലു ലക്ഷം രൂപമുതലാണ് സിന്ധുവും സംഘവും യുവതികളിൽനിന്ന് വാങ്ങിയത്. തുക മുഴുവൻ വാങ്ങിയശേഷമാണ് ഇവരെ വിദേശത്ത് എത്തിച്ചത്.
അവിടെ ഫ്ലാറ്റിൽ എത്തിച്ചശേഷം ശീതളപാനീയത്തിലോ മദ്യത്തിലോ മയക്കുമരുന്ന് നൽകി പീഡിപ്പിച്ച് ദൃശ്യങ്ങൾ പകർത്തും. പിന്നീട് ഇൗ ദൃശ്യങ്ങൾ കാണിച്ച് പീഡനം ആവർത്തിക്കും. യുവതികളുടെ ചിത്രങ്ങൾ വാട്‌സാപ് ഗ്രൂപ്പിലും ഓൺലെൈൻ സൈറ്റുകളിലും പങ്കുവച്ചാണ് ആവശ്യക്കാരെ കണ്ടെത്തുന്നത്.
ദൃശ്യങ്ങൾ സൂക്ഷിച്ചിട്ടുണ്ടെന്നും പുറത്തുപറഞ്ഞാൽ പരസ്യമാക്കുമെന്നും ഭീഷണിപ്പെടുത്തിയാണ് മടക്കി അയക്കുക. മരട് പൊലീസിൽ പരാതി നൽകിയ യുവതിയിൽനിന്ന് ജോലി വാഗ്‌ദാനം ചെയ്‌ത് 4.75 ലക്ഷം രൂപ സിന്ധു വാങ്ങിയിട്ടുണ്ട്. സിന്ധുവിനുപുറമെ തിരുവനന്തപുരം സ്വദേശിനി അലീന എബ്രഹാം, പൊന്നാനി സ്വദേശിനി മഞ്‌ജിമ എന്നിവരാണ് ഇതുവരെ അറസ്‌റ്റിലയത്.
"അയാൾ' വെറുതെ വിടില്ല, പണി തരും
കേസിൽ അറസ്‌റ്റിലായ അലീന എബ്രഹാം പരാതിക്കാരിയെ ഭീഷണിപ്പെടുത്തുന്ന സന്ദേശം പുറത്ത്. രഹസ്യമൊഴി നൽകിയ ദിവസമാണ് അലീന പരാതിക്കാരെ വിളിച്ചത്. ‘‘വിശദമായി ഒന്നും പറയുന്നില്ല. ഞാൻ ഇത് വിടുമായിരിക്കും. പക്ഷേ, അയാൾ പണി തരും. അതൊന്ന് ആലോചിച്ച് വച്ചേക്ക്’’ എന്നായിരുന്നു ഭീഷണി. സംഭാഷണത്തിൽ ‘അയാൾ’ എന്ന് പറയുന്ന വ്യക്തിക്കായി അന്വേഷണം തുടങ്ങിയിട്ടുണ്ട്. അലീനയ്‌ക്ക് അടുപ്പമുണ്ടായിരുന്ന ഗുണ്ടാനേതാവോ റാക്കറ്റിന്റെ തലവനോ ആയിരിക്കാമെന്നാണ് പൊലീസിന്റെ നിഗമനം.










0 comments