വർക്കലയിലെ ഹോട്ടലുകളിൽ അമിത വില ഈടാക്കുന്നതായി പരക്കെ ആക്ഷേപം

വർക്കല: വർക്കലയിലെ ഹോട്ടലുകളിൽ ഭക്ഷണസാധനങ്ങൾക്ക് തോന്നിയപോലെ പണം ഈടാക്കുന്നതായി വ്യാപക പരാതി. ചായയ്ക്കും പൊറോട്ടയ്ക്കും ഉൾപ്പെടെയുള്ള ഭക്ഷണ സാധനങ്ങൾക്ക് നിലവിലുള്ള സ്ഥിരം വിലകളിൽനിന്നും വർദ്ധന വരുത്തി ഹോട്ടലുകൾ നിശ്ചയിക്കുന്ന വില വാങ്ങുന്നതിൽ വ്യാപകമായ പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്.10 രൂപയായിരുന്ന ചായയ്ക്ക് പലയിടങ്ങളിലും 12രൂപയും 15രൂപയുമായി. തൊട്ടടുത്തുള്ള ഹോട്ടലുകളിലാണ് ഈ വില വ്യത്യാസം. അതും റോഡിൽ നിന്നാണ് ചായ കുടിക്കുന്നതും.
എന്നാൽ ഹോട്ടലുകളിൽ വേണ്ടത്ര ശുചീകരണവുമില്ല. ഇവയൊക്കെ പരിശോധിക്കാൻ ആരോഗ്യ വിഭാഗത്തെയും ലീഗൽ മെട്രോളജി, ഭക്ഷ്യ സുരക്ഷ ഉദ്യോഗസ്ഥരോടും ജനപ്രതിനിധികളോടും വിവിധ സംഘടനകളോടും നിരവധി പ്രാവശ്യം ആവശ്യപ്പെട്ടെങ്കിലും പരിശോധന പേരിന് പോലും നടത്താറില്ലെന്നാണ് ആക്ഷേപം. ഇത്തരത്തിൽ അമിതവില ഊടാക്കുന്നത് ഉപഭോക്താക്കൾക്ക് താങ്ങാൻ കഴിയില്ലെന്ന് വിവിധ സംഘടനകൾ പ്രതികരിക്കുന്നു.
കണ്ടെയ്നർ ചാർജ് , ജിഎസ്ടി മുതലായവ ഈടാക്കുന്ന ഹോട്ടലുകളിലാണ് വിലവർദ്ധനയെന്നും ചെറിയ ഭക്ഷണശാലകളിൽ നിരക്ക് വർദ്ധനയില്ലെന്നും നാട്ടുകാർ പറയുന്നു. കൂടാതെ നിയന്ത്രണമില്ലാതെ ഓൺലൈൻ ഭക്ഷണവില്പന വ്യാപകമാകുന്ന പ്രവണതയുമുണ്ട്. കച്ചവട താത്പര്യങ്ങൾ മുൻനിർത്തി ആരംഭിക്കുന്ന വാട്സ്ആപ്പ് ഗ്രൂപ്പുകളിലൂടെ ഭക്ഷണവസ്തുക്കളുടെ വിലയും കോംബോ ഓഫറുകളും വിവരിച്ചുകൊണ്ടുള്ള പോസ്റ്ററുകൾ പ്രചരിക്കുന്നു. ഇതിൽ നല്കിയിട്ടുള്ള നമ്പറുകളിൽ ബന്ധപ്പെട്ടാൽ ഭക്ഷണം പാഴ്‌സലായി വീടുകളിലെത്തും. ഭക്ഷണത്തിന്റെ ഗുണനിലവാരം ഉൾപ്പെടെ ഇത്തരം സംരംഭങ്ങളിൽ പരിശോധിക്കപ്പെടുന്നില്ല.
ആരോഗ്യവകുപ്പിന്റെ യാതൊരു നിയന്ത്രണവുമില്ലാതെയാണ് ഇത്തരം സ്ഥാപനങ്ങൾ പ്രവർത്തിക്കുന്നത്. അടുത്തടുത്തുള്ള ഭക്ഷണശാലകളിൽ ഒരേയിനം ഭക്ഷണത്തിന് പല വില ഈടാക്കുന്നത് തികച്ചും ഏകപക്ഷീയ നിലപാടാണ്. ഭക്ഷണ സാധനങ്ങൾ പാഴ്‌സൽ നല്‌കുമ്പോൾ ഇത്തരത്തിൽ അമിതമായി പണം ഈടാക്കുന്നത് ഒഴിവാക്കണമെന്നും നാട്ടുകാർ പറയുന്നു. ഹോട്ടലുകളിൽ വിലവിവരപ്പട്ടിക പ്രദർശിപ്പിച്ചിട്ടുണ്ടോയെന്ന് അധികൃതർ ഉറപ്പുവരുത്തണെമെന്നും അമിതവില ഈടാക്കുന്നത് തടയാൻ കർശന നടപടി ഉണ്ടാകണമെന്നും ഉപഭോക്തൃ സംരക്ഷണ സമിതി ഭാരവാഹികളും വിവിധ സംഘടനകളും ആവശ്യപ്പെട്ടു.









0 comments