ഹിമാനി നർവാളിനെ കൊന്നത് മൊബൈൽ ചാർജർ കേബിൾ കഴുത്തിൽക്കുരുക്കി; ആഭരണങ്ങളും മൊബൈൽഫോണും കെെക്കലാക്കി

റോഹ്ത്തക്ക്: ഹരിയാണയിലെ റോഹ്ത്തക്കിൽ കോൺഗ്രസ് വനിതാ നേതാവിനെ സുഹൃത്ത് കൊലചെയ്തത് മൊബൈൽ ചാർജർ കേബിൾ കഴുത്തിൽക്കുരുക്കിയെന്ന് പോലീസ് റിപ്പോർട്ട് . യൂത്ത് കോൺഗ്രസ് പ്രാദേശിക നേതാവായ ഹിമാനി നർവാളിനെയാണ് സുഹൃത്തായ സച്ചിൻ അതിക്രൂരമായി കൊലപ്പെടുത്തിയത്.
രണ്ടുദിവസം മുൻപാണ് ഹിമാനി നർവാളിന്റെ മൃതദേഹം സ്യൂട്ട്‌കേസിലാക്കി ഉപേക്ഷിച്ചനിലയിൽ സാംപ്ല ബസ് സ്റ്റാൻഡിന് സമീപത്തുനിന്ന് കണ്ടെത്തിയത്.സംഭവത്തിൽ പ്രതിയായ ഝജ്ജർ സ്വദേശി സച്ചിനെ അറസ്റ്റ് ചെയ്തതായും ഇയാൾ കുറ്റം സമ്മതിച്ചതായും പോലീസ് അറിയിച്ചു.
കൊലപാതകത്തിന് ശേഷം യുവതിയുടെ ആഭരണങ്ങളും മൊബൈൽഫോണും ലാപ്‌ടോപ്പും പ്രതി കൈക്കലാക്കിയിരുന്നു. തുടർന്ന് മൃതദേഹം സ്യൂട്ട്‌കേസിലാക്കി സൂക്ഷിച്ചു. ആദ്യം വീട്ടിൽ സൂക്ഷിച്ച സ്യൂട്ട്‌കേസ് പിന്നീടാണ് ബസ് സ്റ്റാൻഡിന് സമീപത്ത് ഉപേക്ഷിച്ചത്. യുവതിയുടെ ആഭരണങ്ങളും മൊബൈലും ലാപ്‌ടോപ്പും പ്രതിയുടെ കടയിലാണ് ഒളിപ്പിച്ചിരുന്നതെന്നും പോലീസ് പറഞ്ഞു.
അതേസമയം, പ്രതിയും യുവതിയും തമ്മിൽ വഴക്കിടാനുള്ള കാരണമെന്താണെന്ന് ഇതുവരെ വ്യക്തമല്ല. ഇരുവരും തമ്മിൽ സാമ്പത്തിക ഇടപാടുകൾ ഉണ്ടായിരുന്നതായി പോലീസ് കണ്ടെത്തിയിട്ടുണ്ട്.










0 comments