print edition അതിവേഗ റെയിൽ പദ്ധതി; നിർദേശങ്ങളുമായി സതീശനെ കണ്ട് ഇ ശ്രീധരൻ

തിരുവനന്തപുരം : എൽഡിഎഫ് ആവിഷ്‌കരിച്ച അർധ അതിവേഗ പാത പദ്ധതി അധികാരമേറ്റ ഉടൻ റദ്ദാക്കിയ മുഖ്യമന്ത്രി വി ഡി സതീശന് മുന്നിൽ തന്റെ പദ്ധതി അവതരിപ്പിച്ച് ഇ ശ്രീധരൻ. വെള്ളിയാഴ്‌ച സെക്രട്ടറിയറ്റിലെത്തിയായിരുന്നു കൂടിക്കാഴ്‌ച. തിരുവനന്തപുരം – കണ്ണൂർ വരെയുള്ള അതിവേഗ റെയിൽ പദ്ധതിയാണ് അവതരിപ്പിച്ചത്. ഇതേ പദ്ധതിക്ക് സ്വന്തംനിലയിൽ ഡിപിആർ തയ്യാറാക്കി നൽകുന്നതിന് ഫെബ്രുവരിയിൽ പൊന്നാനിയിൽ ഓഫീസ് തുറന്നിരുന്നു.
റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് ഡിപിആർ തയ്യാറാക്കാൻ തന്നോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നായിരുന്നു ശ്രീധരന്റെ അവകാശവാദം. റെയിൽവേയുടെ ഭാഗത്ത് നിന്നോ മന്ത്രിയുടെ ഭാഗത്ത് നിന്നോ ഇതുസംബന്ധിച്ച് ഔദ്യോഗിക പ്രതികരണങ്ങളൊന്നും ഉണ്ടായിരുന്നില്ല. ബ്രോഡ്‌ഗേജ് അടിസ്ഥാനമാക്കിയുള്ള പദ്ധതിയാണ് ശ്രീധരന്റേത്. ലോകത്ത് സ്റ്റാൻഡേർഡ് ഗേജിലാണ് അതിവേഗ പാതയൊരുക്കുന്നത്.
എൽഡിഎഫ് സർക്കാർ അതിവേഗ പദ്ധതി കൊണ്ടുവന്നപ്പോൾ ‘ആർക്കാണിത്ര ധൃതി’ എന്ന് പറഞ്ഞായിരുന്നു വി ഡി സതീശന്റെ നേതൃത്വത്തിൽ യുഡിഎഫ് എതിർപ്പ് ഉയർത്തിയത്. 10 വർഷമാണ് ഇതിന്റെ ഭാഗമായി പാഴായത്. സിൽവർലൈൻ പദ്ധതിക്ക് അനുമതി ലഭിക്കാൻ വൈകുന്നതിനാൽ ഇൗ വർഷത്തിന്റെ തുടക്കത്തിൽ റീജണൽ റാപ്പിഡ് ട്രാൻസിറ്റ് സിസ്റ്റം (ആർആർടിഎസ്) പദ്ധതിയുമായി കേന്ദ്ര നഗരകാര്യ മന്ത്രാലയത്തെ എൽഡിഎഫ് സമീപിച്ചിരുന്നു. കത്തും നൽകിയിരുന്നു. ഇതിനോട് കേന്ദ്രസർക്കാർ പ്രതികരിച്ചില്ല. താൽപ്പര്യമറിയിച്ചാൽ തുടർനടപടിയെടുക്കാമെന്ന് നഗരകാര്യമന്ത്രി അറിയിച്ചപ്പോഴാണ് സംസ്ഥാനം കത്ത് നൽകിയത്.









0 comments