എസ്‌ഐടി അന്വേഷണത്തിൽ പൂർണതൃപ്‌തി , 20 വർഷത്തെ ഇടപാടുകൾ അന്വേഷിക്കണം
print edition കൊടിമരക്കൊള്ള അന്വേഷിക്കണം ; ശബരിമലയിൽ യുഡിഎഫ് കാലത്ത് നടന്നത് വൻ അഴിമതി

പി വി ബിന്ദു
Published on Jan 20, 2026, 02:15 AM | 2 min read
കൊച്ചി
യുഡിഎഫ് നേതൃത്വത്തിലുള്ള തിരുവിതാംകൂർ ദേവസ്വംബോർഡ് ഭരണസമിതിയുടെ കാലത്ത് ശബരിമലയിലെ കൊടിമരം മാറ്റിവച്ചതിൽ സംഘടിതകൊള്ളയും ദേവസ്വത്തിന്റെ വിലപിടിപ്പുള്ള വസ്തുക്കളുടെ ദുരുപയോഗവും നടന്നിട്ടുണ്ടെന്ന് ഹെെക്കോടതി. ദേവന്റെ സ്വത്തും വിലപിടിപ്പുള്ള വസ്തുക്കളും സംരക്ഷിക്കാൻ കടമയുണ്ടായിരുന്ന വ്യക്തികളുടെ ഒത്താശയിലും പ്രോത്സാഹനത്തിലുമാണ് വൻ അഴിമതി നടന്നത്. ഇതിൽ ഗുരുതരമായ വീഴ്ചയും കെടുകാര്യസ്ഥതയും വ്യക്തമാണെന്നും കോടതി പറഞ്ഞു. കൊടിമരം മാറ്റി സ്ഥാപിച്ചതിലും വാജിവാഹനം തന്ത്രിക്ക് കെെമാറിയതിലും വിശദ അന്വേഷണം നടത്താനും ജസ്റ്റിസുമാരായ വി രാജ വിജയരാഘവൻ, കെ വി ജയകുമാർ എന്നിവരുടെ ദേവസ്വം ബെഞ്ച് പ്രത്യേക അന്വേഷക സംഘത്തോട് നിർദേശിച്ചു. എസ്‌ഐടിയുടെ അന്വേഷണത്തിൽ ഹൈക്കോടതി ഡിവിഷൻബെഞ്ച് പൂർണതൃപ്‌തിയും രേഖപ്പെടുത്തി.
എസ്ഐടി പിടിച്ചെടുത്ത രേഖകളിൽനിന്നുതന്നെ അഴിമതി വ്യക്തമാണെന്ന് കോടതി പറഞ്ഞു. തേയ്മാനവും ചിതൽശല്യവും മൂലം പഴയ കൊടിമരം നശിച്ചുപോയെന്ന് തെറ്റിദ്ധരിപ്പിച്ചാണ് പുതിയത് സ്ഥാപിക്കാൻ ബോർഡിൽനിന്ന് അനുമതി തേടിയത്. നല്ല വിശ്വാസത്തിലും ദേവന്റെ താൽപ്പര്യത്തിലുമാണ് ഇതെന്ന് തുടക്കത്തിൽ തോന്നിപ്പിച്ചെങ്കിലും വൻ അഴിമതിയാണ് നടന്നത്. അന്ന് തന്ത്രി കണ്ഠര് രാജീവർക്ക് കെെമാറിയ, 10.68 കിലോയുള്ള പഞ്ചലോഹത്തിൽ സ്വർണം പൊതിഞ്ഞ വാജിവാഹനം എസ്ഐടി പിടിച്ചെടുത്തിട്ടുണ്ട്.
ദ്വാരപാലക വിഗ്രഹങ്ങളുമായി ബന്ധപ്പെട്ടാണ് അന്വേഷണം തുടങ്ങിയതെങ്കിലും ലഭ്യമായ തെളിവ് വ്യക്തമാക്കുന്നത് ഗുരുതരമായ ക്രമക്കേടുകളാണ്. അതിന്റെ അടിസ്ഥാനത്തിൽ അന്വേഷണം 20 വർഷക്കാലത്തെ അനുബന്ധ ഇടപാടിലേക്കും വ്യാപിപ്പിക്കേണ്ടതുണ്ട്. ശബരിമലയിലെ അഷ്ടദിക്പാലക വിഗ്രഹങ്ങളെക്കുറിച്ച് അന്വേഷണം വേണമെന്നും കോടതി പറഞ്ഞു.
നിലവിൽ സ്റ്റോർ മുറിയിൽ സൂക്ഷിച്ചിട്ടുള്ള, ശ്രീകോവിലിന്റെ പഴയ വാതിലുകളിലെ സ്വർണത്തിന്റെ അളവ് എസ്‌ഐടി ചൊവ്വാഴ്‌ച തിട്ടപ്പെടുത്തും. ഇതിന് ഹൈക്കോടതി അനുമതി നൽകി. നട അടഞ്ഞുകിടക്കുന്ന സമയത്താകും പരിശോധന. കേസ് ഫെബ്രുവരി ഒന്പതി-ന് വീണ്ടും പരിഗണിക്കും.
കോൺഗ്രസ് നേതാവും 2017ലെ യുഡിഎഫ് ഭരണസമിതിയിലെ ദേവസ്വം ബോർഡംഗവുമായ അജയ് തറയിലിന്റെയും അന്നത്തെ പ്രസിഡന്റ് അന്തരിച്ച പ്രയാർഗോപാലകൃഷ്‌ണന്റെയും നേതൃത്വത്തിലാണ് കൊടിമരം മാറ്റി സ്ഥാപിച്ചത്.
തന്ത്രി പ്രചാരക് സഭയ്‌ക്ക് രൂക്ഷവിമർശം
ശബരിമല സ്വർണമോഷണക്കേസിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് അഖില തന്ത്രി പ്രചാരക് സഭ നൽകിയ ഹർജിയെ രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി. എന്താണ് സംഭവിക്കുന്നതെന്ന് തന്ത്രി പ്രചാരക് സഭയ്ക്ക് ധാരണയില്ലേയെന്ന് കോടതി ചോദിച്ചു.
ശബരിമല സ്വർണമോഷണക്കേസിൽ ഹൈക്കോടതി ഇതുവരെ 10 ഇടക്കാല ഉത്തരവുകളിറക്കി. ഇതിനുശേഷവും സിബിഐ അന്വേഷണ ആവശ്യം ഉന്നയിക്കുന്നതിൽ എന്തെങ്കിലും കാരണമുണ്ടോ. പ്രതികൾ നിരപരാധികളാണെന്നാണോ വാദം. കേസിലെ പ്രതികളെ സംരക്ഷിക്കാനാണോ ആക്ഷേപം ഉയർത്തുന്നതെന്നും ജസ്റ്റിസുമാരായ വി രാജാ വിജയരാഘവൻ, കെ വി ജയകുമാർ എന്നിവരടങ്ങിയ ദേവസ്വംബെഞ്ച് ചോദിച്ചു. സമാന ആവശ്യം ഉന്നയിച്ച് ബിജെപി പ്രസിഡന്റ് രാജീവ് ചന്ദ്രശേഖറും ഹർജി നൽകിയിട്ടുണ്ട്.










0 comments