print edition സൂരജ് ലാമ കേസ് ; നാടുകടത്തിയതിന്റെ രേഖകൾ ഹാജരാക്കണം

കൊച്ചി
ബംഗളൂരു സ്വദേശി സൂരജ് ലാമയെ കാണാതായ കേസിൽ അദ്ദേഹത്തെ കുവെെത്തിൽനിന്ന് നാടുകടത്തിയതിന്റെ രേഖകൾ ഹാജരാക്കണമെന്ന് ഹെെക്കോടതി. അറബിഭാഷയിലുള്ള രേഖയുടെ പരിഭാഷയാണ് ഹാജരാക്കേണ്ടതെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ, ജസ്റ്റിസ് എം ബി സ്നേഹലത എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് നിർദേശിച്ചു.
സൂരജ് ലാമയെ കാണാതായതിൽ കോടതിയുടെ പല ചോദ്യങ്ങൾക്കും ഉത്തരം ലഭിച്ചിട്ടില്ലെന്നും കിട്ടിയവയിൽ വ്യക്തതയുമില്ലെന്നും കോടതി വിമർശിച്ചു.
ബംഗളൂരുവിൽ ഇറങ്ങേണ്ടയാൾ കൊച്ചിയിൽ എത്താനുണ്ടായ സാഹചര്യം മനസ്സിലാകുന്നില്ല. പിന്നീട് പൊലീസ് ആംബുലൻസിൽ കയറ്റി എറണാകുളം മെഡിക്കൽ കോളേജിലേക്ക് അയച്ചു. ആംബുലൻസ് ഡ്രൈവറാണ് ഒപി ടിക്കറ്റെടുത്തതെന്ന് മെഡിക്കൽ കോളേജ് സൂപ്രണ്ടിന്റെ റിപ്പോർട്ടിൽ പറയുന്നു. ഇതുസംബന്ധിച്ച പൊലീസ് രേഖകളും ഹാജരാക്കണം. സൂരജ് ലാമയുടെ മകൻ സാന്തൻ ലാമ നൽകിയ ഹർജി തിങ്കളാഴ്ച വീണ്ടും പരിഗണിക്കും.
കുവൈത്തിൽനിന്ന് ഓർമ നഷ്ടപ്പെട്ടനിലയിൽ സൂരജ് ലാമയെ ഒക്ടോബർ അഞ്ചിനാണ് കൊച്ചിയിലേക്ക് വിമാനത്തിൽ കയറ്റിവിട്ടത്. കഴിഞ്ഞദിവസം കളമശേരി എച്ച്എംടിക്ക് സമീപത്തെ കുറ്റിക്കാട്ടിൽ ഒരു മൃതദേഹം കണ്ടെത്തിയിരുന്നു. ഇത് സൂരജ് ലാമയുടേതാണെന്ന സംശയം ഉയർന്നതോടെ ഡിഎൻഎ പരിശോധന നടത്തിയിരുന്നു. ഇതിന്റെ ഫലം പുറത്തുവന്നിട്ടില്ല.










0 comments