കോപ്‌റ്റർ വാടക പുനരധിവാസത്തിന് ഉപയോഗിക്കാം : ഹെെക്കോടതി

കൊച്ചി
സംസ്ഥാനത്തെ മുൻകാല ദുരന്തങ്ങളിൽ സൈന്യം നടത്തിയ സേവനത്തിന് ഹെലികോപ്‌റ്റർ വാടകയടക്കം സർക്കാർ നൽകേണ്ട തുക മുണ്ടക്കൈ പുനരധിവാസത്തിന് വിനിയോഗിക്കാമെന്ന് ഹൈക്കോടതി. സൈന്യത്തിന് നൽകാൻ സംസ്ഥാന ദുരന്ത പ്രതികരണ നിധിയിൽ കരുതിയ 120 കോടി രൂപ ചെലവഴിക്കാനാണ് ജസ്റ്റിസ് എ കെ ജയശങ്കരൻ നമ്പ്യാർ, ജസ്റ്റിസ് പി എം മനോജ് എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ച് അനുമതി നൽകിയത്. മുണ്ടക്കൈ ദുരന്തപശ്ചാത്തലത്തിൽ സ്വമേധയാ സ്വീകരിച്ച ഹർജി പരിഗണിക്കുകയായിരുന്നു കോടതി.
പുനരധിവാസ പദ്ധതിയുടെ ഭാഗമായുള്ള നിർമാണം പുരോഗമിക്കുകയാണെന്ന് സംസ്ഥാന സർക്കാർ അറിയിച്ചു. കോഴിക്കോട് ജില്ലയിലെ ആനക്കാംപൊയിൽമുതൽ വയനാട്ടിലെ കള്ളാടിവരെ നീളുന്ന നാലുവരി തുരങ്കപാതയ്‌ക്ക് ജൂൺ 17ന് കേന്ദ്ര വനംപരിസ്ഥിതി മന്ത്രാലയം അനുമതി നൽകിയെന്നും അഡ്വക്കറ്റ് ജനറൽ കെ ഗോപാലകൃഷ്‌ണക്കുറുപ്പ് അറിയിച്ചു. ഉരുൾപൊട്ടൽ മേഖലയിലെ അവശിഷ്‌ടങ്ങൾ നീക്കുന്നതിന്റെ ദൃശ്യങ്ങളും ഹൈക്കോടതി പരിശോധിച്ചു.
ബാങ്ക് വായ്‌പകൾ എഴുതിത്തള്ളുന്നതിൽ തീരുമാനമെടുക്കാൻ മൂന്നാഴ്‌ചകൂടി കേന്ദ്രസർക്കാർ സമയം തേടിയത് ഹൈക്കോടതിയെ ചൊടിപ്പിച്ചു. ഇക്കാര്യത്തിൽ ആഭ്യന്തര, -ധന മന്ത്രാലയങ്ങൾ ചർച്ച തുടരുകയാണെന്നും തീരുമാനമുണ്ടാകുമെന്നും അഡീഷണൽ സോളിസിറ്റർ ജനറൽ എ ആർ എൽ സുന്ദരേശൻ അറിയിച്ചു. ഇതോടെ, ദുരന്തബാധിതർക്ക് ഗുണകരമാകുംവിധം കേന്ദ്രത്തിൽ സമ്മർദം ചെലുത്താൻ അഡീഷണൽ സോളിസിറ്റർ ജനറലിനോട് ഹെെക്കോടതി നിർദേശിച്ചു. രണ്ടാഴ്‌ചകൂടി സമയം അനുവദിച്ചു.
ദുരന്തബാധിതരുടെ വായ്‌പകൾ എഴുതിത്തള്ളുന്നതിന് ദേശീയ ദുരന്തനിവാരണ അതോറിറ്റിക്ക് അധികാരം നൽകുന്ന 13–-ാം വകുപ്പ് ദുരന്തനിവാരണ നിയമത്തിൽനിന്ന് ഒഴിവാക്കിയതായി കേന്ദ്രസർക്കാർ നേരത്തേ ഹൈക്കോടതിയെ അറിയിച്ചിരുന്നു. കേന്ദ്രനിലപാടിനെ അന്ന് രൂക്ഷമായി വിമർശിച്ച കോടതി, സർക്കാരിനുള്ള സവിശേഷാധികാരം ഉപയോഗിക്കാനാകില്ലേയെന്നും മൂന്നാഴ്‌ചയ്‌ക്കകം തീരുമാനമെടുക്കാനും നിർദേശിച്ചിരുന്നു. ഹർജി 25ന് വീണ്ടും പരിഗണിക്കും. സർക്കാരിനുവേണ്ടി സ്‌പെഷൽ ഗവ. പ്ലീഡർ സി ഇ ഉണ്ണിക്കൃഷ്‌ണൻ ഹാജരായി.










0 comments