മദ്യപിച്ച് വാഹനമോടിക്കൽ ; ശ്വാസത്തിലെ ആൽക്കഹോൾ പരിശോധന , റീഡിങ് പൂജ്യമെന്ന് ഉറപ്പാക്കണം

കൊച്ചി
ശ്വാസത്തിലെ ആൽക്കഹോൾ സാന്നിധ്യം പരിശോധിക്കുന്ന പൊലീസിന്റെ ബ്രെത്തലൈസർ ഉപകരണത്തിൽ ഓരോ തവണയും റീഡിങ് ‘പൂജ്യം’ ആണെന്ന് ഉറപ്പാക്കണമെന്ന് ഹൈക്കോടതി. അല്ലെങ്കിൽ മദ്യപിച്ച് വാഹനമോടിച്ചെന്ന് ആരോപിക്കുന്നവരുടെ പരിശോധന ആധികാരികമാകില്ലെന്നും കോടതി പറഞ്ഞു.
പൊലീസ് നടപടിക്രമങ്ങളിലെ പിഴവുകൾ ചൂണ്ടിക്കാട്ടി ഹർജി നൽകിയ തിരുവനന്തപുരം ബാലരാമപുരം സ്വദേശി ശരൺകുമാറിനെതിരായ കേസ് ഭാഗികമായി റദ്ദാക്കിയാണ് ജസ്റ്റിസ് വി ജി അരുണിന്റെ ഉത്തരവ്. ഇക്കാര്യത്തിൽ പൊലീസിന് സർക്കുലർ നൽകാൻ സംസ്ഥാന പൊലീസ് മേധാവിയോടും നിർദേശിച്ചു.
2024 ഡിസംബർ 30ന് മദ്യപിച്ച് അപകടകരമായി ഇരുചക്രവാഹനം ഓടിച്ചുവെന്ന് ആരോപിച്ച് തിരുവനന്തപുരം മെഡിക്കൽ കോളേജ് പൊലീസാണ് ശരൺകുമാറിനെതിരെ കേസെടുത്തത്. കോടതിയിൽ കുറ്റപത്രം സമർപ്പിച്ചതോടെയാണ് ഹൈക്കോടതിയെ സമീപിച്ചത്.
ശ്വാസത്തിലെ ആൽക്കഹോളിന്റെ അംശം നിർണയിക്കുന്ന ഉപകരണം വ്യക്തികളിൽ ഉപയോഗിക്കുന്നതിനു മുന്നോടിയായി വായുവിൽ പരീക്ഷിച്ച് പ്രവർത്തനക്ഷമമെന്ന് ഉറപ്പാക്കണം. ‘എയർ ബ്ലാങ്ക് ടെസ്റ്റ്’ എന്ന ഈ പരീക്ഷണം നിർബന്ധമാണ്. തുടർന്ന് റീഡിങ് പൂജ്യമാക്കിയശേഷം വേണം അടുത്ത പരിശോധന. ഹർജിക്കാരന്റെ ശ്വാസം പരിശോധിച്ചപ്പോൾ 100 മില്ലിയിൽ മദ്യത്തിന്റെ അംശം 41 മില്ലിഗ്രാം എന്നു കാണിച്ചു. അനുവദനീയമായത് 30 മില്ലിഗ്രാമാണ്. എന്നാൽ, അതിനു മുമ്പെടുത്ത ബ്ലാങ്ക് ടെസ്റ്റിൽ 412 എംജിയാണ് റീഡിങ്. ഈ അപാകം ചൂണ്ടിക്കാട്ടിയാണ് ഹർജിക്കാരൻ വാദിച്ചത്.
ബ്രെത്തലൈസർ പരിശോധന വൈകിയതും രക്തപരിശോധന നിശ്ചിതസമയത്ത് നടത്താത്തതും ചൂണ്ടിക്കാട്ടി. സാധുവായ ലൈസൻസ് ഉണ്ടെന്നും ബോധിപ്പിച്ചു. ഈ വാദം കോടതി അംഗീകരിച്ചു. ഹർജിക്കാരനെതിരെ മദ്യപിച്ച് വാഹനമോടിക്കൽ, ലൈസൻസില്ലാത്ത ഡ്രൈവിങ് കുറ്റങ്ങൾ റദ്ദാക്കുകയും ചെയ്തു. അതേസമയം, അപകടകരമായ ഡ്രൈവിങ്ങിന് ചുമത്തിയ കുറ്റത്തിന് തെളിവുകളുടെ അടിസ്ഥാനത്തിൽ വിചാരണ ചെയ്യാമെന്നും കോടതി വ്യക്തമാക്കി.
പൊലീസിന് നിർദേശം നൽകുമ്പോൾ വിമാന ജീവനക്കാരുടെ പരിശോധന സംബന്ധിച്ച് സിവിൽ വ്യോമയാന ഡയറക്ടർ ജനറൽ ഇറക്കിയ സർക്കുലർ മാതൃകയാക്കാമെന്നും വ്യക്തമാക്കി.










0 comments