ad
Deshabhimani

ഗുരുവായൂരിലെ ആനകളുടെ ക്ഷേമത്തിന് നിർദേശങ്ങളുമായി ഹൈക്കോടതി

kerala highcourt new
വെബ് ഡെസ്ക്

Published on Jul 28, 2026, 09:31 AM | 1 min read

കൊച്ചി : ഗുരുവായൂർ ദേവസ്വത്തിന് കീഴിലെ പുന്നത്തുർ ആനക്കോട്ടയിലെ ആനകളുടെ ക്ഷേമത്തിന് നിർദേശങ്ങളുമായി ഹൈക്കോടതി. ആനകളെ അശാസ്ത്രീയമായി തളയ്‌ക്കുന്നത് ഒഴിവാക്കണം, ആനക്കോട്ടയിലെ സ്ഥലപരിമിതി, അശാസ്ത്രീയ ഭക്ഷണരീതി തുടങ്ങിയവ പരിഹരിക്കണം തുടങ്ങിയവയടക്കം നിർദേശങ്ങളാണ് ജസ്റ്റിസ് വി രാജ വിജയരാഘവൻ, ജസ്റ്റിസ് കെ വി ജയകുമാർ എന്നിവരടങ്ങുന്ന ദേവസ്വം ബെഞ്ച് നൽകിയത്. ആനക്കോട്ടയിലെ അസൗകര്യവും ശുചിത്വത്തിലെയും പരിപാലനത്തിലെയും അപാകങ്ങളും ആനകളുടെ ആരോഗ്യത്തെ ബാധിക്കുന്നതായി ചൂണ്ടിക്കാട്ടി ഏഷ്യൻ എലിഫന്റ്‌ സൊസൈറ്റി പ്രസിഡന്റ്‌ സംഗീത അയ്യർ നൽകിയ ഹർജിയാണ് പരിഗണിച്ചത്.


മദപ്പാടുള്ള സമയത്തൊഴികെ ആനകളെ തളയ്‌ക്കാൻ ഇരുമ്പുചങ്ങലയ്‌ക്ക് പകരം പരുത്തിക്കയറുകളോ മറ്റോ ഉപയോഗിക്കണം, തുടർച്ചയായി ഒരേസ്ഥലത്ത് കെട്ടിയിടുന്നത് ഒഴിവാക്കണം, കാലുകൾ മാറിമാറി തളക്കണം തുങ്ങിയവയാണ് പ്രധാന നിർദേശങ്ങൾ. 2019ലെ സർക്കാർ സർക്കുലർപ്രകാരമുള്ള ശാസ്ത്രീയമായ ഭക്ഷണക്രമം ആനകൾക്ക് ഉറപ്പാക്കണം. ശുദ്ധമായ കുടിവെള്ളത്തിനായി ആർഒ പ്ലാന്റ്‌ പ്രവർത്തനക്ഷമമാക്കണം. ആനകൾക്ക്‌ ദിവസം അഞ്ചുകിലോമീറ്റർവരെ നടക്കാൻ അവസരമൊരുക്കണം. ആഴ്ചയിലൊരിക്കലെങ്കിലും ഒഴുക്കുള്ള വെള്ളത്തിൽ കുളിപ്പിക്കണം, ആനക്കോട്ടയിൽ സിസിടിവി കാമറകൾ സ്ഥാപിക്കണം തുടങ്ങിയവയാണ് മറ്റു നിർദേശങ്ങൾ. ആനകൾക്ക് ആവശ്യമായ സ്ഥലം ലഭ്യമാക്കാൻ ദേവസ്വം അടിയന്തരമായി കൂടുതൽ ഭൂമി ഏറ്റെടുക്കാനുള്ള നടപടികൾ സ്വീകരിക്കണം. ഉത്തരവുകൾ നടപ്പാക്കുന്നത് നിരീക്ഷിക്കാൻ ചീഫ് വൈൽഡ് ലൈഫ് വാർഡനെ ചുമതലപ്പെടുത്തിയ കോടതി, ഹർജി വീണ്ടും പരിഗണിക്കുന്ന സെപ്തംബർ രണ്ടിന് റിപ്പോർട്ട് നൽകാനും നിർദേശിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home