print edition ലോക്‌സഭ സീറ്റ് വർധനയ്ക്ക് പിന്നിൽ ഗൂഢലക്ഷ്യം: ജോസ് കെ മാണി

കോട്ടയം: വനിതാ സംവരണം 2029ൽ നടപ്പാക്കുന്നതിനോടൊപ്പം ലോക്‌സഭ സീറ്റുകൾ 50 ശതമാനം വർധിപ്പിക്കാനുള്ള കേന്ദ്രസർക്കാർ നീക്കം ഇന്ത്യയുടെ ഫെഡറൽ സംവിധാനത്തെ ദുർബലപ്പെടുത്താനും അധികാരം നിലനിർത്താനുമുള്ള ബിജെപിയുടെ ഗൂഢലക്ഷ്യമാണെന്ന് കേരള കോൺഗ്രസ് എം ചെയർമാൻ ജോസ് കെ മാണി എംപി. വനിതാ സംവരണ ബിൽ രാജ്യത്തെ സ്ത്രീ ശാക്തീകരണത്തെ വലിയ തോതിൽ സഹായിക്കും. ഇതിന്റെ മറവിൽ സീറ്റുകൾ വർധിപ്പിക്കുന്നതു വഴി വടക്കുകിഴക്കൻ സംസ്ഥാനങ്ങൾക്കും ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾക്കും പാർലമെന്റിൽ വലിയതോതിലുള്ള പ്രാതിനിധ്യക്കുറവുണ്ടാക്കും.
ജനസംഖ്യാടിസ്ഥാനത്തിലാണ് പാർലമെന്റ് മണ്ഡലങ്ങളുടെ പുനർനിർണയം നടക്കുക. രാജ്യത്ത് കുടുംബാസൂത്രണവും ജനസംഖ്യാ നിയന്ത്രണവും കാര്യക്ഷമമായി നടപ്പിലായത് ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലാണ്. ഇക്കാരണത്താൽ കേരളവും തമിഴ്നാടുമടക്കം ജനസംഖ്യ കുറഞ്ഞ സംസ്ഥാനങ്ങളിൽ പാർലമെന്റ് സീറ്റുകളുടെ എണ്ണം കുറയുകയോ അല്ലെങ്കിൽ വർധന ഇല്ലാതിരിക്കുകയോ ചെയ്യും. രാജ്യഭരണം ആർക്കായിരിക്കണമെന്ന തീരുമാനം ഉത്തരേന്ത്യൻ സംസ്ഥാനങ്ങൾ നിശ്ചയിക്കണമെന്ന അജണ്ട നടപ്പാക്കാനാണ് കേന്ദ്രസർക്കാർ സീറ്റ് വർധനവിലൂടെ ശ്രമിക്കുന്നത്. മാത്രമല്ല മണ്ഡലങ്ങൾ പുനർനിർണയിക്കുമ്പോൾ നഗര ഗ്രാമീണ മേഖലകൾ തമ്മിൽ വലിയ അന്തരങ്ങളുണ്ടാവും. വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെയും ദക്ഷിണേന്ത്യയിലെയും ജനങ്ങളുടെ ഭാഷ, സാംസ്കാരികത്തനിമ എന്നിവയ്ക്ക്മേൽ വലിയ ഭീഷണികൾ ഉയരും. ഇതു മറച്ചുപിടിക്കാനാണ് സംസ്ഥാന നിയമസഭകളിലും 50 ശതമാനം സീറ്റുകൾ വർധിപ്പിക്കണമെന്ന നിബന്ധന കൂട്ടിച്ചേർത്തിട്ടുള്ളതെന്നും ജോസ് കെ മാണി പ്രസ്‌താവനയിൽ ചൂണ്ടിക്കാട്ടി.










0 comments