ad
Deshabhimani

കനത്ത മഴ: കേരളത്തിൽ രണ്ട് മരണം; അഞ്ച് ജില്ലകളിൽ ഓറഞ്ച് അലർട്ട്

rain
വെബ് ഡെസ്ക്

Published on Oct 27, 2025, 04:09 PM | 2 min read

തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം വ്യാപക മഴയ്ക്ക് സാധ്യത. ഇന്ന് അഞ്ച് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. കോഴിക്കോട്, കാസർകോട്, കണ്ണൂർ, കോട്ടയം, പത്തനംതിട്ട ജില്ലകളിലാണ് ഓറഞ്ച് അലർട്ട്. അടുത്ത 24 മണിക്കൂറിനുള്ളിൽ 115.6 മില്ലിമീറ്റർ മുതൽ 204 മില്ലിമീറ്റർ വരെ മഴ പെയ്യാൻ സാധ്യതയുണ്ടെന്ന് ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് (IMD) അറിയിച്ചു.


വയനാട്, മലപ്പുറം, പാലക്കാട്, തൃശൂർ, എറണാകുളം, ഇടുക്കി, ആലപ്പുഴ ജില്ലകളിൽ യെല്ലോ അലർട്ടാണ്. 64.5-115.5 മില്ലിമീറ്റർ വരെ മഴ പെയ്യാൻ സാധ്യതയുണ്ട്. സംസ്ഥാനത്തെ എല്ലാ ജില്ലകളിലും ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. പല ജില്ലകളിലും ശക്തമായ കാറ്റിനൊപ്പം കനത്ത മഴ പെയ്തതോടെ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറി.


ആലപ്പുഴയിൽ ശക്തമായ കാറ്റിനെ തുടർന്ന് അർത്തുങ്കൽ തീരത്തിനടുത്ത് ബോട്ട് മറിഞ്ഞ് ഒരു മത്സ്യത്തൊഴിലാളി മരിച്ചു. അർത്തുങ്കൽ സ്വദേശിയായ പോൾ ദേവസ്തിയാണ് മരിച്ചത്. പുലർച്ചെ മീൻ പിടിക്കാൻ പോയ പോൾ അപകടത്തിൽപ്പെടുകയായിരുന്നു. മറ്റ് മത്സ്യത്തൊഴിലാളികൾ പോളിനെ രക്ഷപ്പെടുത്തി ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചതായി പൊലീസ് പറഞ്ഞു.


അതേസമയം, അങ്കമാലിക്കടുത്ത് മുക്കനൂരിൽ ഇടിമിന്നലേറ്റ് പശ്ചിമ ബംഗാൾ സ്വദേശിയായ ഒരാൾ മരിച്ചു. വർക്ക് ഷോപ്പിൽ ജോലി ചെയ്തിരുന്ന കൊഖൻ മിസ്ത്രി (45) ആണ് മരിച്ചത്. രാവിലെ 8.15 ഓടെ മുക്കനൂരിലെ വാടക വീട്ടിൽ ഇടിമിന്നലേറ്റാണ് മരണം.


വടക്കൻ ജില്ലകളിൽ പുലർച്ചെ മുതൽ കനത്ത മഴ പെയ്തു. കോഴിക്കോട് നഗരത്തിന്റെ ചില ഭാഗങ്ങളിൽ വെള്ളക്കെട്ട് രൂപപ്പെട്ടു. കെഎസ്ആർടിസി ബസ് സ്റ്റേഷന് സമീപമുള്ള നിരവധി കടകളിൽ വെള്ളം കയറി. മലപ്പുറം, കണ്ണൂർ എന്നിവിടങ്ങളിലെ ഹൈറേഞ്ച് മേഖലകളിലും ശക്തമായ മഴ റിപ്പോർട്ട് ചെയ്തു. അതേസമയം തീരദേശ മേഖലകളിൽ ശക്തമായ കാറ്റ് നാശം വിതച്ചു.


എറണാകുളം, ആലപ്പുഴ ഉൾപ്പെടെയുള്ള മധ്യകേരളത്തിലും രാവിലെ മഴ ശക്തമായി. കനത്ത മഴയെ തുടർന്ന് പെരുമ്പാവൂരിനടുത്തുള്ള ആലുവ-മൂന്നാർ റോഡിന്റെ ഒരു ഭാഗം തകർന്നു. പ്രദേശത്ത് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. ചൊവ്വാഴ്ചയും ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. പ്രക്ഷുബ്ധമായ കാലാവസ്ഥ കണക്കിലെടുത്ത് മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.





deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home