അതിശക്ത മഴയും ഉരുൾപൊട്ടലും; കോട്ടയത്ത് ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു

തിരുവനന്തപുരം: സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ കോട്ടയത്ത് ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു. ഇതുവരെ ആറു കേന്ദ്രങ്ങളില്ലാണ് ക്യാമ്പുകൾ തുറന്നത്. ജെ ജെ മർഫി സ്കൂൾ എന്തയാർ, സി.എം.എസ് എൽ.പി സ്കൂൾ കൂട്ടിക്കൽ, ശങ്കർ മെമ്മോറിൽ സ്കൂൾ ഇളംകാട്, തുഷാര ക്ലബ് പെരുന്തുരുത്ത്, സി എം എസ് എൽ പി സ്കൂൾ മുണ്ടക്കയം, സെൻറ് ജോസഫ് ഹൈസ്കൂൾ പുത്തൻചന്ത എന്നിവിടങ്ങളിലാണ് ക്യാമ്പുകൾ തുറന്നത്.
തഹസിൽദാർമാരുടെ നേതൃത്വത്തിൽ പൊലീസും ഫയർഫോഴ്സും തദ്ദേശ സ്ഥാപനങ്ങളും ആളുകളെ സുരക്ഷിത സ്ഥാനത്തേക്ക് നീക്കുന്നതിന് നടപടി സ്വീകരിച്ചുവരുന്നതായി കളക്ടർ അറിയിച്ചു. നദികളിൽ ജലനിരപ്പ് ഉയരുന്ന സാഹചര്യം പരിഗണിച്ച് അധികൃതരുടെ നിർദേശം പാലിച്ച് സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറാൻ തയ്യാറാകണമെന്നും കളക്ടർ നിർദേശിച്ചു.
എല്ലാ കേന്ദ്രങ്ങളിലും ദുരിതാശ്വാസ ക്യാമ്പുകൾ സജ്ജമാക്കുന്നതിന് നിർദേശം നൽകിയിട്ടുണ്ടെന്നും കളക്ടർ അറിയിച്ചു. കോട്ടയം ജില്ലയിൽ ദുരന്തനിവാരണ പ്രവർത്തനങ്ങളുടെ ഏകോപനത്തിനായി താലൂക്ക് ആസ്ഥാനങ്ങളിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റുമുകൾ തുറന്നു.
കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ മീനച്ചിൽ, കാഞ്ഞിരപ്പള്ളി താലൂക്കുകളിൽ ചെറിയ തോതിൽ ഉരുൾപൊട്ടലുകളുണ്ടായി. ആളപായമോ നാശനഷ്ടങ്ങളോ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. മണിമലയാറിൻറെയും മീനച്ചിലാറിൻറെയും തീരങ്ങളിലും മണ്ണിടിച്ചിൽ സാധ്യതയുള്ള മേഖലകളിലും താമസിക്കുന്നവർ ജാഗ്രത പുലർത്തണമെന്ന് കോട്ടയം ജില്ലാ കളക്ടർ ചേതൻകുമാർ മീണ അറിയിച്ചു.
ഫോൺ നമ്പരുകൾ ചുവടെ.
ജില്ലാ കൺട്രോൾ റൂം, കളക്ടറേറ്റ് -94465 62236
താലൂക്ക് കൺട്രോൾ റൂമുകൾ
കോട്ടയം- 85479 85727
ചങ്ങനാശേരി- 9496014587
മീനച്ചിൽ-9496686325
കാഞ്ഞിരപ്പള്ളി-9495265800
വൈക്കം- 9496174871
പത്തനംതിട്ടയിൽ പല ഭാഗങ്ങളിലും നദികൾ കരകവിഞ്ഞൊഴുകി ജനവാസ മേഖലകളിലേക്ക് വെള്ളം കയറി തുടങ്ങിയിട്ടുണ്ട്. പത്തനംതിട്ട ജില്ലാ പൊലീസ് ഓഫീസിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂം പ്രവർത്തനം ആരംഭിച്ചു.
പൊതുജനങ്ങൾക്ക് മഴക്കെടുതിയുമായ ബന്ധപ്പെട്ട വിവരങ്ങൾ അറിയിക്കുന്നതിനും ഏത് സമയത്തും സഹായം അഭ്യർത്ഥിക്കുന്നതിനുമായി 9497960963 , 9497908045 എന്നീ മൊബൈൽ നമ്പറുകളിലും 0468 2222600 എന്ന ലാൻഡ് ലൈൻ നമ്പറിലും വിളിക്കാവുന്നതാണ്. ജില്ലാ കളക്ടറേറ്റിലെ ദുരന്തനിവാരണ വിഭാഗവുമായി ചേർന്ന് അടിയന്തര സഹായങ്ങൾ ഉടനടി ലഭ്യമാക്കുമെന്നും ജില്ലാ പോലീസ് മേധാവി അറിയിച്ചു.









0 comments