ad
Deshabhimani

സംസ്ഥാനത്ത് ഉഷ്ണതരംഗ സാധ്യത: ജനങ്ങൾ 'സ്വയം ലോക്ക്ഡൗൺ' പാലിക്കണം

summer

എ ഐ പ്രതീകാത്മക ചിത്രം

വെബ് ഡെസ്ക്

Published on Apr 26, 2026, 03:34 PM | 2 min read

തിരുവനന്തപുരം: സംസ്ഥാനത്ത് ഉഷ്ണതരംഗ സമാന സാഹചര്യം നിലനിൽക്കുകയാണ്. ഈ ഘട്ടത്തിൽ പൊതുജനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു. കഠിനമായ ചൂടും ഈർപ്പവും മരണത്തിന് വരെ കാരണമായേക്കാവുന്ന ആരോഗ്യപ്രശ്നങ്ങൾ സൃഷ്ടിക്കാനിടയുള്ളതിനാൽ സുരക്ഷാ നിർദേശങ്ങൾ കർശനമായി പാലിക്കണം.


പ്രധാന നിർദ്ദേശങ്ങൾ:


പകൽ 11 മുതൽ 3 വരെ പുറത്തിറങ്ങരുത്: ഈ സമയത്ത് നേരിട്ട് വെയിലേൽക്കുന്നത് പൂർണമായും ഒഴിവാക്കുക. അത്യാവശ്യ ഘട്ടങ്ങളിൽ പുറത്തിറങ്ങുന്നവർ കുട, പാദരക്ഷകൾ, സൺഗ്ലാസ് എന്നിവ നിർബന്ധമായും ഉപയോഗിക്കണം. ഇളം നിറത്തിലുള്ള അയഞ്ഞ കോട്ടൺ വസ്ത്രങ്ങൾ ധരിക്കുക.


സ്വയം ലോക്ക്ഡൗൺ: നിലവിലെ സാഹചര്യം കണക്കിലെടുത്ത് പകൽ സമയങ്ങളിൽ ജനങ്ങൾ സ്വയം നിയന്ത്രണം ഏർപ്പെടുത്തണമെന്ന് അധികൃതർ അഭ്യർത്ഥിക്കുന്നു.


പ്രത്യേക ശ്രദ്ധ വേണ്ടവർ: ഹൃദ്രോഗം. പ്രമേഹം, ചർമരോഗങ്ങൾ, കാൻസർ പോലെയുള്ള ആരോഗ്യ പ്രശ്നങ്ങൾ ഉള്ളവരും പ്രായമായവർ, ഗർഭിണികൾ, മുലയൂട്ടുന്ന അമ്മമാർ, കുട്ടികൾ, ആൽബനിസം പോലെയുള്ള അവസ്ഥയുള്ളവർ എന്നിവർ പകൽ സമയത്ത് പുറത്തിറങ്ങുന്നത് നിർബന്ധമായും ഒഴിവാക്കണം. വീടിനകത്തും ഇവർക്ക് പ്രത്യേക ശ്രദ്ധ ഉറപ്പാക്കുക.


ധാരാളം വെള്ളം കുടിക്കുക: നിർജ്ജലീകരണം ഒഴിവാക്കാൻ ദാഹം തോന്നിയില്ലെങ്കിലും ധാരാളമായി ശുദ്ധജലം കുടിക്കുക. വായുസഞ്ചാരമുള്ള ഇടങ്ങളിൽ ഇരിക്കാൻ ശ്രദ്ധിക്കണം.


ജോലി ക്രമീകരണം: കഠിനമായ വെയിലത്തുള്ള ജോലികൾ പകൽ 11 മുതൽ 3 വരെ പൂർണ്ണമായും ഒഴിവാക്കണം. വീട്ടിലെ ജോലികളിൽ ഏർപ്പെടുന്നവർ കൃത്യമായ ഇടവേളകളിൽ വിശ്രമിക്കണം.


പരിപാടികൾക്ക് നിയന്ത്രണം: പൊതുയോഗങ്ങൾ, കായിക മത്സരങ്ങൾ, സെലക്ഷൻ ട്രയൽസുകൾ, തൊഴിൽമേളകൾ എന്നിവ പകൽ സമയത്ത് ഒഴിവാക്കണം. ഉത്സവങ്ങളിലെ വെടിക്കെട്ട്, ആന എഴുന്നള്ളിപ്പ് എന്നിവ ഒഴിവാക്കാൻ നിർദേശിക്കുന്നു.


മറ്റ് ജാഗ്രതകൾ


  • മൃഗങ്ങൾക്കും കരുതൽ: മൃഗങ്ങൾക്കും കഠിന ചൂട് അസ്വസ്ഥതകൾ സൃഷ്ടിക്കും എന്നതിനാൽ വന്യജീവി ആക്രമണം, തെരുവ് നായ ആക്രമണം ഒക്കെ വർദ്ധിക്കാനുള്ള സാധ്യത മുന്നിൽ കാണണം. വളർത്തു മൃഗങ്ങൾക്കും അലഞ്ഞു തിരിയുന്ന മൃഗങ്ങൾക്കും വെള്ളവും ഭക്ഷണവും നൽകാൻ ശ്രദ്ധിക്കണം. വീട്ടിലെ മൃഗങ്ങൾക്ക് തണൽ ഒരുക്കുകയും പകൽ സമയത്ത് മേയാൻ വിടുന്നത് ഒഴിവാക്കുകയും ചെയ്യണം.


  • സന്നദ്ധ പ്രവർത്തനം:ഹോട്ടലുടമകൾ, കുടുംബശ്രീ, യുവജന-സാംസ്‌കാരിക സംഘടനകൾ, ക്ലബ്ബുകൾ, മറ്റ് സന്നദ്ധ സംഘടനകൾ എന്നിവര്‍ സഹകരിച്ചു കൊണ്ട് കുടിവെള്ള വിതരണം, വഴിയാത്രക്കാർക്കായി തണ്ണീർ പന്തലുകൾ എന്നിവ ഉറപ്പാക്കണം.


  • അടിയന്തര സഹായം: തളർച്ചയോ മറ്റ് അസ്വസ്ഥതകളോ അനുഭവപ്പെട്ടാൽ ഉടൻ വൈദ്യസഹായം തേടുക. സൂര്യതാപമേറ്റ ആളെ കണ്ടാൽ ഉടൻ തണലിലേക്ക് മാറ്റുകയും ശരീരം തണുപ്പിക്കാൻ സഹായിക്കുകയും ചെയ്യുക.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home