ad
Deshabhimani

വേനൽമഴ നൽകിയത് താത്കാലിക ആശ്വാസം; സംസ്ഥാനത്ത് കൊടും ചൂട് തുടരും

summer

എ ഐ പ്രതീകാത്മക ചിത്രം

വെബ് ഡെസ്ക്

Published on Apr 20, 2026, 02:12 PM | 3 min read

തിരുവനന്തപുരം: സംസ്ഥാനത്ത് വേനൽമഴ നൽകിയത് താത്കാലിക ആശ്വാസം മാത്രം. വിവിധ ജില്ലകളിൽ വെള്ളിയാഴ്ച വരെ താപനില ഉയർന്ന് നിൽക്കും. 12 ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് പ്രഖ്യാപിച്ച യെല്ലോ അലർട്ട് തുടരുന്നു. വയനാട്, ഇടുക്കി ഒഴികെയുള്ള ജില്ലകളിലാണ് മുന്നറിയിപ്പുള്ളത്.


പാലക്കാട് ജില്ലയിൽ 40 ഡി​ഗ്രി സെൽഷ്യസ് വരെയും കൊല്ലം ജില്ലയിൽ 39 ഡി​ഗ്രി സെൽഷ്യസ് വരെയും ആലപ്പുഴ, പത്തനംതിട്ട, കോട്ടയം, എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ 37 ഡി​ഗ്രി സെൽഷ്യസ് വരെയും തിരുവനന്തപുരത്ത് 36 ഡി​ഗ്രി സെൽഷ്യസ് വരെയും താപനില ഉയരും. സാധാരണയെക്കാൾ 3 മുതൽ 4 ഡി​ഗ്രി സെൽഷ്യസ് വരെ കൂടുതലാണിത്.


ഉയർന്ന താപനിലയും ഈർപ്പമുള്ള വായുവും കാരണം ഈ ജില്ലകളിൽ (മലയോര മേഖലകളിലൊഴികെ) ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്. പകല്‍ കഴിയുന്നതും നേരിട്ട് വെയില്‍ ഏല്‍ക്കുന്നത് ഒഴിവാക്കണമെന്നും നിര്‍ജലീകരണവും സൂര്യാതപവും ഉണ്ടാകാതെ ശ്രദ്ധിക്കണമെന്നും മുന്നറിയിപ്പുണ്ട്.


അതേസമയം സംസ്ഥാനത്തെ വൈദ്യുതി ഉപഭോഗത്തിൽ കുറവ് രേഖപ്പെടുത്തി. അവധി ദിവസമായതിനാലും സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ലഭിച്ച വേനൽ മഴയും കാരണമാണ് ഉപഭോഗം കുറഞ്ഞത്. കഴിഞ്ഞ കുറച്ചുദിവസങ്ങളായി 110 ദശലക്ഷം യൂണിറ്റിന് മുകളിൽ തുടർന്ന ഉപഭോഗം താഴേക്ക് വന്നത് ആശ്വാസമായിട്ടുണ്ട്. സംസ്ഥാനത്തിന്റെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന വൈദ്യുതി ഉപഭോഗം ഏപ്രിൽ 17 വെള്ളിയാഴ്ചയാണ് രേഖപ്പെടുത്തിയത്. 116.11 ദശലക്ഷം യൂണിറ്റ് വൈദ്യുതിയാണ് അന്ന് മാത്രം മലയാളികൾ ഉപയോഗിച്ചു തീർത്തത്.


ചൂടിനെ നിയന്ത്രിക്കാൻ നമ്മുടെ നിത്യജീവിതത്തിലെ ശീലങ്ങളിൽ തന്നെ കാതലായ മാറ്റം വരുത്തേണ്ടത് അനിവാര്യമാണ്. സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി പൊതുജനങ്ങൾക്കായി ജാഗ്രത നിർദേശങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ട്. അവ എന്തെല്ലാമെന്ന് നോക്കാം.


  • പകൽ 11 മുതല്‍ 3 വരെയുള്ള സമയത്ത് നേരിട്ട് ശരീരത്തിൽ കൂടുതൽ സമയം തുടർച്ചയായി സൂര്യപ്രകാശം ഏൽക്കുന്നത് ഒഴിവാക്കുക.

  • ദാഹമില്ലെങ്കിലും വെള്ളം കുടിക്കുന്നത് തുടരുക. പരമാവധി ശുദ്ധജലം കുടിക്കുക.

  • നിർജലീകരണമുണ്ടാക്കുന്ന മദ്യം, കാപ്പി, ചായ, കാർബണേറ്റഡ് സോഫ്റ്റ് ഡ്രിങ്കുകൾ തുടങ്ങിയ പാനീയങ്ങള്‍ പകല്‍ സമയത്ത് ഒഴിവാക്കുക.

  • അയഞ്ഞ, ഇളം നിറത്തിലുള്ള കോട്ടൺ വസ്ത്രങ്ങള്‍ ധരിക്കുക.

  • പുറത്തിറങ്ങുമ്പോൾ പാദരക്ഷകൾ ധരിക്കുക. കുടയോ തൊപ്പിയോ ഉപയോഗിക്കുന്നത് നല്ലതായിരിക്കും.

  • പഴങ്ങളും പച്ചക്കറികളും ധാരാളമായി കഴിക്കുക. ORS ലായനി, സംഭാരം തുടങ്ങിയവയുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുക.

  • മാർക്കറ്റുകൾ, കെട്ടിടങ്ങൾ, മാലിന്യശേഖരണ-നിക്ഷേപ കേന്ദ്രങ്ങൾ (ഡംപിങ് യാർഡ്) തുടങ്ങിയ ഇടങ്ങളിൽ തീപിടുത്തങ്ങൾ വർധിക്കാനും വ്യാപിക്കാനുമുള്ള സാധ്യത കൂടുതലാണ്. ഫയർ ഓഡിറ്റ് നടത്തേണ്ടതും കൃത്യമായ സുരക്ഷാ മുൻകരുതൽ സ്വീകരിക്കുകയും ചെയ്യേണ്ടതാണ്. ഇവയോട് ചേർന്ന് താമസിക്കുന്നവരും സ്ഥാപനങ്ങൾ നടത്തുന്നവരും പ്രത്യേകം ജാഗ്രത പാലിക്കുക.

  • ചൂട് അധികരിക്കുന്ന സാഹചര്യത്തിൽ കാട്ടുതീ വ്യാപിക്കാനുള്ള സാധ്യതയുണ്ട്. വനമേഖലയോട് ചേർന്ന് താമസിക്കുന്നവരും വിനോദ സഞ്ചാരികളും പ്രത്യേകം ജാഗ്രത പാലിക്കണം. കാട്ടുതീ ഉണ്ടാകാനുള്ള സാഹചര്യങ്ങൾ ഒഴിവാക്കണം. വനം വകുപ്പിൻറെ നിർദേശങ്ങൾ കർശനമായി പാലിക്കണം.

  • അംഗനവാടി കുട്ടികൾക്ക് ചൂട് ഏൽക്കാത്ത തരത്തിലുള്ള സംവിധാനം നടപ്പാക്കാൻ അതാത് പഞ്ചായത്ത്‌ അധികൃതരും അംഗനവാടി ജീവനക്കാരും പ്രത്യേകം ശ്രദ്ധിക്കണം.

  • കിടപ്പ് രോഗികൾ, പ്രായമായവർ, ഗർഭിണികൾ, കുട്ടികൾ, ഭിന്നശേഷിക്കാർ, മറ്റ് രോഗങ്ങൾ മൂലമുള്ള അവശത അനുഭവിക്കുന്നവർ തുടങ്ങിയ വിഭാഗങ്ങൾ പകൽ 11 മുതൽ 3 വരെ നേരിട്ട് സൂര്യപ്രകാശം ഏൽക്കാതെയിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. ഇത്തരം വിഭാഗങ്ങൾക്ക് എളുപ്പത്തിൽ സൂര്യാഘാതം ഏൽക്കാനുള്ള സാധ്യതയുള്ളതിനാൽ ഇവരുടെ കാര്യത്തിൽ പ്രത്യേക ശ്രദ്ധ പുലർത്തേണ്ടതാണ്.

  • ഇരുചക്ര വാഹനങ്ങളിൽ ഓൺലൈൻ ഭക്ഷണ വിതരണം നടത്തുന്നവർ ഉച്ച സമയത്ത് (പകല്‍ 11 മുതല്‍ 3 വരെ) സുരക്ഷിതരാണെന്ന് അതാത് സ്ഥാപനങ്ങൾ ഉറപ്പുവരുത്തേണ്ടതാണ്. അവർക്കു ചൂട് ഏൽക്കാതിരിക്കാൻ ഉതകുന്ന രീതിയിലുള്ള വസ്ത്രധാരണം നടത്താൻ നിർദേശം നൽകുകയും, അതുപോലെ, ആവശ്യമെങ്കിൽ യാത്രക്കിടയിൽ അല്പസമയം വിശ്രമിക്കാനുള്ള അനുവാദം നൽകുകയും ചെയ്യേണ്ടതാണ്.

  • മാധ്യമപ്രവർത്തകരും പൊലീസ് ഉദ്യോഗസ്ഥരും ഈ സമയത്ത് (പകല്‍ 11 മുതല്‍ 3 വരെ) കുടകൾ ഉപയോഗിക്കുകയും നേരിട്ട് വെയിൽ ഏൽക്കാതിരിക്കാൻ ശ്രദ്ധിക്കുകയും ചെയ്യുക. ജോലിയിൽ ഏർപ്പെട്ടിരിക്കുന്ന ഉദ്യോഗസ്ഥർക്കു കുടിവെള്ളം നൽകി നിർജലീകരണം തടയുവാൻ സഹായിക്കുക.

  • പൊതുപരിപാടികൾ, സമ്മേളനങ്ങൾ എന്നിവ നടത്തുമ്പോൾ പങ്കെടുക്കുന്നവർക്ക് ആവശ്യമായ കുടിവെള്ളം, തണൽ എന്നിവ ലഭ്യമാണെന്ന് സംഘാടകർ ഉറപ്പുവരുത്തുക. പകൽ 11 മുതല്‍ 3 വരെ കഴിവതും സമ്മേളനങ്ങൾ ഒഴിവാക്കുക.

  • യാത്രയിലേർപ്പെടുന്നവർ ആവശ്യമായ വിശ്രമത്തോടെ യാത്ര തുടരുന്നതാകും നല്ലത്. വെള്ളം കയ്യിൽ കരുതുക.

  • നിർമാണത്തൊഴിലാളികൾ, കർഷകത്തൊഴിലാളികൾ, വഴിയോരക്കച്ചവടക്കാർ, മറ്റേതെങ്കിലും കാഠിന്യമുള്ള ജോലികളിൽ ഏർപ്പെടുന്നവർ എന്നിവർ ജോലി സമയം ക്രമീകരിക്കുക. ജോലിയിൽ ആവശ്യമായ വിശ്രമം ഉറപ്പ് വരുത്തുക.

  • ഉച്ചവെയിലിൽ കന്നുകാലികളെ മേയാൻ വിടുന്നതും മറ്റു വളർത്തുമൃഗങ്ങളെ വെയിലത്ത് കെട്ടിയിടുന്നതും ഒഴിവാക്കണം. മൃഗങ്ങൾക്കും പക്ഷികൾക്കും ജല ലഭ്യത ഉറപ്പാക്കുക.

  • കുട്ടികളെയോ വളർത്തുമൃഗങ്ങളെയോ പാർക്ക് ചെയ്ത വാഹനങ്ങളിൽ ഇരുത്തി പോകാൻ പാടില്ല.

  • ജലം പാഴാക്കാതെ ഉപയോഗിക്കാനും മഴ ലഭിക്കുമ്പോൾ പരമാവധി ജലം സംഭരിക്കാനുമുള്ള നടപടികൾ സ്വീകരിക്കണം. നിര്‍ജലീകരണം തടയാന്‍ കുടിവെള്ളം എപ്പോഴും ഒരു ചെറിയ കുപ്പിയില്‍ കയ്യില്‍ കരുതുക.

  • അസ്വസ്ഥകൾ അനുഭവപ്പെട്ടാൽ ഉടനെ വിശ്രമിക്കുകയും വൈദ്യസഹായം തേടുകയും ചെയ്യുക.

  • കാലാവസ്ഥ വകുപ്പിൻ്റെയും ദുരന്ത നിവാരണ അതോറിറ്റിയുടെയും ഔദ്യോഗിക മുന്നറിയിപ്പുകൾ ശ്രദ്ധിക്കുകയും അനുസരിക്കുകയും ചെയ്യുക



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home