സൈനികനായ മകന്റെ മരണ വാർത്തയറിഞ്ഞ പിതാവ് ആത്മഹത്യ ചെയ്തു

വിശാഖ്, ഋഷികേശന്‍ നായര്‍
മാറനല്ലൂർ (തിരുവനന്തപുരം): സൈനികനായ മകൻ ആത്മഹത്യ ചെയ്ത വിവരമറിഞ്ഞതിന് പിന്നാലെ പിതാവിനെ വീടിന് സമീപത്തെ റബർ മരത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. തിരുവനന്തപുരം മാറനല്ലൂർ ചീനിവിള ചെമ്മോട് ഹരിശ്രീയിൽ ഋഷികേശൻ നായർ (69) ആണ് മരിച്ചത്. ഡൽഹിയിൽ സൈനികസേവനത്തിലുള്ള മകൻ വിശാഖ് തൂങ്ങിമരിച്ചെന്ന വിവരം സെപ്റ്റംബർ 14ന് രാവിലെ ഏഴരയോടെയാണ് ഋഷികേശൻ നായർ അറിഞ്ഞത്. തുടർന്ന് രാവിലെ എട്ടരയോടെ വീടിന് പുറകുവശത്തെ റബർ മരത്തിൽ ഋഷികേശൻ നായരെ തൂങ്ങിനിൽക്കുന്ന നിലയിൽ കണ്ടെത്തുകയായിരുന്നു.
ബന്ധുക്കളും നാട്ടുകാരും ചേർന്ന് ഇദ്ദേഹത്തെ ഉടൻ അഴിച്ചിറക്കി മണിയറവിള ഗവ ആശുപത്രിയിലെത്തിച്ചു. എന്നാൽ ആശുപത്രിയിൽ നടത്തിയ പരിശോധനയിൽ മരണം സ്ഥിരീകരിച്ചു. സംഭവത്തിൽ മാറനല്ലൂർ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
തങ്കമണിയാണ് ഋഷികേശൻ നായരുടെ ഭാര്യ മകൾ: കാർത്തിക. മരുമകൻ: അജിത്ത്. അന്തരിച്ച വിശാഖിന്റെ ഭാര്യ ശ്രീജയാണ്. മക്കൾ: ദിവ്യദർശിനി, സ്വാതിലക്ഷ്മി.
ഋഷികേശൻ നായരുടെ മൃതദേഹം മോർച്ചറിയിലാണ്. വിശാഖിന്റെ മൃതദേഹം നാട്ടിലെത്തിച്ച ശേഷം ഇരുവരുടെയും സംസ്കാരം നടക്കും.
(ശ്രദ്ധിക്കുക, ആത്മഹത്യ ഒന്നിനും പരിഹാരമല്ല. എന്തെങ്കിലും ബുദ്ധിമുട്ടുകളുണ്ടായാൽ ഉടൻ മാനസികാരോഗ്യ വിദഗ്‌ധരുടെ സഹായം തേടുക. ദിശ ഹെൽപ്പ്‍ലൈൻ നമ്പർ: 1056, 04712 552056)









0 comments