ad
Deshabhimani

ദുർഗ കാമി സുഖംപ്രാപിക്കുന്നു

print edition തിലക്‌ കണ്ടു ചേച്ചിയെ ; കാത്തിരുന്ന്‌ കേരളവും

Heart Transplantation surgery Ernakulam General Hospital

തിലക്‌ കാമി

avatar
ആർ ഹേമലത

Published on Dec 24, 2025, 02:03 AM | 2 min read


കൊച്ചി

വെന്റിലേറ്ററിന്റെ ചില്ലുജാലകത്തിലൂടെ ചേച്ചിയെ കാണാൻ അക്ഷമനായി വീണ്ടും വീണ്ടും എത്തിനോക്കിയ തിലക്‌ കാമിക്ക്‌ അരികിലെത്തി ഡോക്ടർമാർ പറഞ്ഞു, ‘‘ശസ്‌ത്രക്രിയ വിജയകരമാണ്‌. കാത്തിരിക്കൂ’’. അവന്റെ കണ്ണുകൾ നിറഞ്ഞു, ഇത്തവണ സന്തോഷംകൊണ്ട്‌. അതിർത്തികൾ മായ്‌ച്ച സ്‌നേഹത്തിന്റെയും കരുതലിന്റെയും നിറവിൽ ഡോക്ടർമാർക്ക്‌ തിലക്‌ ഒരിക്കൽക്കൂടി തൊഴുകൈയോടെ നന്ദി പറഞ്ഞു.


എറണാകുളം ജനറൽ ആശുപത്രിയിൽ തിങ്കളാഴ്‌ച ഹൃദയംമാറ്റിവയ്‌ക്കൽ ശസ്‌ത്രക്രിയക്ക്‌ വിധേയയായ നേപ്പാൾ സ്വദേശിനി ദുർഗ കാമി (22)യുടെ അനുജനാണ്‌ തിലക്‌ കാമി. ശസ്‌ത്രക്രിയയ്‌ക്കുശേഷം ദുർഗ കാമി സുഖംപ്രാപിക്കുന്നതായി ആശുപത്രി അധികൃതർ അറിയിച്ചു. വെന്റിലേറ്റർ സപ്പോർട്ട്‌ തുടരുകയാണ്‌. 72 മണിക്കൂർ നിർണായകമാണെന്നും ആരോഗ്യനിലയിൽ പുരോഗതിയുണ്ടെന്നും ശസ്‌ത്രക്രിയയ്‌ക്ക്‌ നേതൃത്വം വഹിച്ച ഡോ. ജോർജ്‌ വാളൂരാൻ പറഞ്ഞു. കൂടുതൽ ദിവസം വെന്റിലേറ്ററിൽ തുടരേണ്ടിവന്നേക്കാമെന്നും അദ്ദേഹം പറഞ്ഞു.


ചേച്ചിയെ ശസ്‌ത്രക്രിയക്ക്‌ കയറ്റിയതുമുതൽ ആശങ്ക നിറഞ്ഞ മിഴികളുമായി പുറത്ത്‌ അനുജനുണ്ടായിരുന്നു. ആശുപത്രി ജീവനക്കാർ ഇടയ്‌ക്കിടെ ധൈര്യം പകർന്നു. ‘‘കേരളം മുഴുവനും നിനക്കൊപ്പമുണ്ട്‌’’ എന്ന്‌ പറഞ്ഞ സൂപ്രണ്ട്‌ ഷാഹിർഷായുടെ കൈകളിൽ അവൻ മുറുകെ പിടിച്ചു. ‘‘ സുഖമായാൽ നാട്ടിലേക്ക്‌ മടങ്ങണം. പഠനം തുടരണം, ജോലി ചെയ്ത്‌ ജീവിക്കണം. ഇതെല്ലാം സാധ്യമായത്‌ കേരളത്തിലായതുകൊണ്ടാണ്‌. ഡോക്ടർമാർക്ക്‌, നഴ്‌സുമാർക്ക്‌, ജീവനക്കാർക്ക്‌, സർക്കാരിന്‌, ഇ‍ൗ നാടിന്‌ നന്ദി’’– തിലകിന്റെ സന്തോഷം വാക്കുകളിലും തുടിച്ചു.


ഒരുവർഷമായി ഹൃദയംമാറ്റിവയ്‌ക്കൽ ശസ്‌ത്രക്രിയയ്‌ക്കായി കാത്തിരിക്കുകയായിരുന്നു ദുർഗ. ഇന്ത്യയ്‌ക്ക്‌ പുറത്തുനിന്നുള്ള ആളായതിനാൽ കേന്ദ്രനിയമം കുരുക്കായി. ആ തടസ്സം നീങ്ങിയത്‌ ഹൈക്കോടതിയിൽനിന്ന്‌ അനുകൂല ഉത്തരവുണ്ടായതോടെയാണ്‌. സംസ്ഥാന സർക്കാർ അതിവേഗം ഹൃദയമാറ്റ ശസ്‌ത്രക്രിയയും സാധ്യമാക്കി.​


ഈ നൂറ്റാണ്ടിൽ കീഴടക്കിയ 
ഏറ്റവും വലിയ ഉയരം : ഡോ. ജോസ്‌ ചാക്കോ പെരിയപ്പുറം

‘‘കേരളത്തിലെ പൊതുജനാരോ​ഗ്യരം​ഗം ഈ നൂറ്റാണ്ടിൽ കീഴടക്കിയ ഏറ്റവും വലിയ ഉയരമാണിത്‌’’. എറണാകുളം ജനറൽ ആശുപത്രിയിൽ നടത്തിയ ഹൃദയം മാറ്റിവയ്‌ക്കൽ ശസ്‌ത്രക്രിയയെ ഇങ്ങനെ വിശേഷിപ്പിക്കാനാണ്‌ ആഗ്രഹിക്കുന്നതെന്ന്‌ പ്രശസ്‌ത ഹൃദയശസ്‌ത്രക്രിയാ വിദഗ്‌ധൻ ഡോ. ജോസ്‌ ചാക്കോ പെരിയപ്പുറം. നമ്മുടെ സംസ്ഥാനത്തെ സർക്കാർ ആശുപത്രികൾ എത്രത്തോളം വളർന്നു എന്നതിന്റെ സ്പന്ദിക്കുന്ന ഉദാഹരണമാണ്‌ ഇതെന്നും അദ്ദേഹം സമൂഹമാധ്യമത്തിൽ കുറിച്ചു.


‘‘ഹൃദയശസ്ത്രക്രിയകൾക്കൊപ്പം മാത്രം സഞ്ചരിക്കുന്ന സംഘത്തിലെ ആളെന്ന നിലയിൽ അഭിമാനം തോന്നിയ കാഴ്ചയായിരുന്നു അത്‌. ഇന്ത്യയിലാദ്യമായാണ് ഒരു ജില്ലാ സർക്കാർ ആശുപത്രിയിൽ ഹൃദയം മാറ്റിവയ്ക്കപ്പെട്ടത്. നമ്മൾ സഞ്ചരിച്ച കഠിനപാതകൾ ഒടുവിൽ ലക്ഷ്യം കാണുമ്പോൾ ഉണ്ടാകുന്ന ചാരിതാർഥ്യം വാക്കുകളിൽ ഒതുക്കാവുന്നതല്ല. കെ- സോട്ടോ ഉൾപ്പെടെയുള്ള സർക്കാർ സംവിധാനങ്ങൾക്കും എറണാകുളം ജനറൽ ആശുപത്രിയിലെ കാർഡിയോ തൊറാസിക് സർജൻ ഡോ. ജോർജ് വാളൂരാന്റെ നേതൃത്വത്തിലുള്ള എല്ലാ ഡോക്ടർമാർക്കും അഭിനന്ദനങ്ങൾ. ഇടറിപ്പോയ ഇടനെഞ്ചുകളിലേക്ക് ഇനിയും ഹൃദയങ്ങൾ പറവയായി പറന്നുവരട്ടെ’’ എന്ന ശുഭപ്രതീക്ഷയും അദ്ദേഹം പങ്കുവച്ചു.


2003 മെയ് 13ന് കേരളത്തിൽ ആദ്യമായി നടന്ന ഹൃദയം മാറ്റിവയ്‌ക്കൽ ശസ്‌ത്രക്രിയയെക്കുറിച്ചുള്ള ഓർമകളും അദ്ദേഹം കുറിച്ചു. സംസ്ഥാനത്ത്‌ ആദ്യ ഹൃദയമാറ്റ ശസ്‌ത്രക്രിയയ്‌ക്ക്‌ നേതൃത്വം നൽകിയത്‌ ഡോ. ജോസ്‌ ചാക്കോ പെരിയപ്പുറമാണ്‌.


ഹൃദയം നിറഞ്ഞ അഭിനന്ദനം: മമ്മൂട്ടി

ഹൃദയം മാറ്റിവയ്ക്കൽ ശസ്ത്രക്രിയ നടത്തിയ രാജ്യത്തെ ആദ്യ ജില്ലാ ആശുപത്രിയായി മാറാന്‍ എറണാകുളം ജനറൽ ആശുപത്രിക്ക് സാധിച്ചതിൽ അഭിനന്ദനവുമായി മെ​ഗാസ്റ്റാർ മമ്മൂട്ടി. വൈദ്യശാസ്ത്രരം​ഗത്തെ ചരിത്രപരമായ നാഴികക്കല്ലാണ് ഈ നേട്ടമെന്ന് മമ്മൂട്ടി സമൂഹമാധ്യമത്തിൽ കുറിച്ചു.


‘സർക്കാർ ആശുപത്രിയിൽ രാജ്യത്തെ ആദ്യത്തെ ഹൃദയം മാറ്റിവയ്ക്കൽ ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കി എന്ന വാർത്ത വായിച്ചു. വലിയ അഭിമാനമുണ്ട്. ചരിത്രപരമായ വൈദ്യശാസ്ത്ര നേട്ടം കൈവരിച്ച എറണാകുളം ജനറൽ ആശുപത്രിയിലെ മുഴുവൻ ടീമിനും എന്റെ അഭിവാദ്യങ്ങളും ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങളും നേരുന്നു’–- മമ്മൂട്ടി കുറിച്ചു.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home