print edition ഹൃദയം നിറഞ്ഞ പുഞ്ചിരി ; ദുർഗ കാമിയെ വെന്റിലേറ്ററിൽനിന്ന് മാറ്റി

വെന്റിലേറ്ററിൽനിന്നു മാറ്റിയ നേപ്പാൾ സ്വദേശിനി ദുർഗ കാമിയെ അനുജൻ തിലക് കാമി കാണുന്നു
കൊച്ചി
തീവ്രപരിചരണ വിഭാഗത്തിലെ കട്ടിലിനരികിൽനിന്ന് ദുർഗയുടെ കൈയിൽ പതിയെ ചേർത്തുപിടിച്ച് വേദനയുണ്ടോയെന്ന് അനുജൻ തിലക് പതുക്കെ ചോദിച്ചു. ഇല്ലെന്ന് കൈവീശി ദുർഗ.
എറണാകുളം ജനറൽ ആശുപത്രിയിൽ ഹൃദയം മാറ്റിവയ്‌ക്കൽ ശസ്ത്രക്രിയയ്ക്ക് വിധേയയായ നേപ്പാൾ സ്വദേശിനി ദുർഗ കാമി (22)യെ വ്യാഴം രാവിലെ 10.30ഓടെയാണ് വെന്റിലേറ്ററിൽനിന്ന് മാറ്റിയത്. തുടർന്ന് അനുജൻ തിലകിനെയും ഒപ്പമുണ്ടായിരുന്നവരെയും കാണാൻ അനുവദിച്ചു. ചെറുപുഞ്ചിരിയോടെ ദുർഗ എല്ലാവരെയും നോക്കി കൈവീശി. നിമിഷങ്ങൾ മാത്രമുള്ള കൂടിക്കാഴ്‌ച. ചേച്ചി പുതിയ ജീവിതത്തിലേക്ക് തിരികെ വരുന്നതിന്റെ സന്തോഷം തിലകിന്റെ മുഖത്ത് നിറഞ്ഞു.
ദുർഗയെ വെന്റിലേറ്ററിൽനിന്ന് മാറ്റിയ വിവരം ആരോഗ്യമന്ത്രി വീണാ ജോർജും സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചു. പുതുവത്സരദിനത്തിൽ കേരളത്തിന് ആഹ്ലാദം പകരുന്നതായി ദുർഗയുടെ പുഞ്ചിരി. കുറച്ചുദിവസങ്ങൾകൂടി ദുർഗ തീവ്രപരിചരണ വിഭാഗത്തിൽ തുടരുമെന്നും ആരോഗ്യനിലയിൽ മികച്ച പുരോഗതിയുണ്ടെന്നും ആശുപത്രി സൂപ്രണ്ട് ഡോ.ആർ ഷാഹിർഷ പറഞ്ഞു. 22നാണ് രാജ്യത്ത് ആദ്യമായി ജില്ലാ ജനറൽ ആശുപത്രിയിൽ ഹൃദയംമാറ്റിവയ്‌ക്കൽ ശസ്‌ത്രക്രിയ നടന്നത്. മസ്‌തിഷ്‌കമരണം സംഭവിച്ച കൊല്ലം സ്വദേശി ഷിബുവിന്റെ ഹൃദയമാണ് ദുർഗയ്‌ക്ക് മാറ്റിവച്ചത്.









0 comments