print edition 4 മിനിറ്റിൽ പറന്നെത്തി ; സല്യൂട്ട്

എം എ അനൂപ് രാജ് / നസീറും സുൽഫിക്കറും
കൊച്ചി
ഗ്രാൻഡ് ഹയാത്ത് ഹോട്ടൽ ഹെലിപാഡിൽനിന്ന് എറണാകുളം ജനറൽ ആശുപത്രിയിലേക്ക് എസ് ഷിബുവിന്റെ ഹൃദയം ‘പറന്നെത്തിയത്’ നാലുമിനിറ്റിൽ. ഹെലികോപ്‌ടറിൽനിന്ന് ഹൃദയവുമായി ഇറങ്ങിയ വൈദ്യസംഘം ജനറൽ ആശുപത്രിയുടെ ആംബുലൻസിൽ കയറിയതോടെ ഡ്രൈവർ പി എ നസീറിന്റെ കാൽ ആക്‌സിലേറ്ററിൽ അമർന്നു. വാഹനം കുതിച്ചു.
2.56ന് പുറപ്പെട്ട ആംബുലൻസ് കൃത്യം മൂന്നിന് ആശുപത്രിയിലെത്തി. സഹഡ്രൈവറായി സുൽഫിക്കറും നസീറിന് ഒപ്പമുണ്ടായി. ‘‘ ഇന്നലെ രാത്രിയാണ് സൂപ്രണ്ട് ഇക്കാര്യം പറഞ്ഞത്. ടെൻഷനുണ്ടായിരുന്നു. എന്നാൽ, കുഴപ്പങ്ങളൊന്നും ഇല്ലാതെ ഹൃദയം എത്തിക്കാൻ കഴിഞ്ഞു. സന്തോഷവും അഭിമാനവുമുണ്ട്. ഗതാഗതം പൊലീസ് സുഗമമാക്കിയിരുന്നു– നസീർ പറഞ്ഞു. ആലുവ കുട്ടമശേരി സ്വദേശിയായ നസീർ, മൂന്നരവർഷമായി ജനറൽ ആശുപത്രിയിലെ ആംബുലൻസ് ഡ്രൈവറാണ്. പ്രധാനമന്ത്രിയും മുഖ്യമന്ത്രിയും ജില്ലയിൽ എത്തുന്പോൾ ആംബുലൻസുമായി പോകാറുണ്ട്.
‘‘പരമാവധി അഞ്ച് മിനിറ്റ്. അതിൽക്കൂടുതൽ ഒരുകാരണവശാലും എടുക്കരുതെന്നായിരുന്നു എസിപിയുടെ നിർദേശം. നാല് മിനിറ്റുകൊണ്ട് ഞങ്ങൾ എത്തി’’. ആംബുലൻസിന് വഴിയൊരുക്കിയ പൊലീസ് ഡ്രൈവർ എം എ അനൂപ്‌രാജ് പറഞ്ഞു. ആദ്യമായിട്ടായിരുന്നു ഇത്തരമൊരു ഉദ്യമം. സെൻട്രൽ പൊലീസ് സ്‌റ്റേഷനിലാണ് സേവനമനുഷ്‌ഠിക്കുന്നത്. ഗതാഗതതടസ്സമുണ്ടാകാൻ സാധ്യതയുള്ള ഇടങ്ങളിലടക്കം പൊലീസിനെ വിന്യസിച്ച് മാർഗതടസ്സം ഉണ്ടാകില്ലെന്ന് ഉറപ്പാക്കിയിരുന്നു. സെൻട്രൽ പൊലീസ് സ്‌റ്റേഷൻ എസ്‌ഐ അനൂപ് ചാക്കോയായിരുന്നു പൈലറ്റ് ഓഫീസർ.









0 comments