print edition ക്രിട്ടിക്കൽ കെയർ യൂണിറ്റ് നിർമാണം ഉടൻ ആരംഭിക്കും: മന്ത്രിയുടെ ഇല്ലാക്കഥ ജാള്യം മറയ്‌ക്കാൻ

അമ്പലപ്പുഴ: ആലപ്പുഴ മെഡിക്കൽ കോളേജിലെ ക്രിട്ടിക്കൽ കെയർ യൂണിറ്റ് നിർമാണത്തെച്ചൊല്ലി ആരോഗ്യമന്ത്രി പറഞ്ഞുപരത്തുന്നത് കള്ളക്കഥ. സൗജന്യ ഉച്ചഭക്ഷണം സംബന്ധിച്ച പ്രതികരണം തിരിച്ചടിച്ചതിന്റെ ജാള്യം മറയ്‌ക്കാനാണിത്. ആയുഷ്‌മാൻ ഭാരത് പദ്ധതിയിൽ ഉൾപ്പെടുത്തി യൂണിറ്റ് നിർമിക്കാൻ ടെൻഡർ നൽകികഴിഞ്ഞു. പണി ഉടൻ ആരംഭിക്കും. വസ്‌തുത ഇതായിരിക്കെയാണ് ‘ക്രിട്ടിക്കൽ കെയർയൂണിറ്റ് നിർമാണം ആരംഭിക്കാൻ തീരുമാനിച്ചെങ്കിലും മുന്നോട്ടുകൊണ്ടുപോകാൻ കഴിയാത്തതിന്റെ കാരണം മറന്നതാണോ’ എന്ന നുണയുമായി മന്ത്രി സമൂഹമാധ്യമത്തിൽ പോസ്‌റ്റിട്ടത്.
സേവാഭാരതിയുടെ കെട്ടിടം പൊളിച്ചുനീക്കാൻ കഴിയാഞ്ഞതെന്തെന്നും ചോദിക്കുന്നു. എന്നാൽ, കെട്ടിടം പൊളിച്ചത് എൽഡിഎഫ് സർക്കാരിന്റെ കാലത്താണെന്നത് മറച്ചുവച്ചു. സേവാഭാരതിക്ക് ആശുപത്രി കോന്പൗണ്ടിൽ പുതിയ സ്ഥലം അനുവദിച്ചത് മറച്ചുവയ്‌ക്കാനാണ് മന്ത്രി ശ്രമിക്കുന്നത്. സ്ഥലം എംഎൽഎയും എംപിയും അറിഞ്ഞുള്ള തീരുമാനത്തിന് മറ്റ് സംഘടനകൾ എതിരായപ്പോഴാണ് എംഎൽഎ സൗജന്യ ഉച്ചഭക്ഷണത്തെ അപഹസിച്ച് രംഗത്ത് എത്തിയത്.
ക്രിട്ടിക്കൽ കെയർ യൂണിറ്റിന് 2025 -– 26 സാമ്പത്തിക വർഷം 23.75 കോടി രൂപയാണ് അനുവദിച്ചത്. അത്യാധുനിക ഉപകരണങ്ങൾ വാങ്ങാൻ മൂന്നുകോടിയും അനുവദിച്ചു. 2025 നവംബർ 11ന് നിർമാണത്തിന് സ്ഥലംവിട്ടുനൽകിയെങ്കിലും പഴയ കെട്ടിടം പൊളിക്കുന്നതിലെ കാലതാമസമാണ് പ്രവൃത്തികൾ വൈകിച്ചത്. ഈ ആഴ്‌ച പൈലിങ് ജോലിക്കുള്ള പ്രാഥമിക പ്രവർത്തനം തുടങ്ങും. മൂന്ന് നിലയിലായി 34,000 ചതുരശ്ര മീറ്ററിലാണ് കെട്ടിടം.50 കിടക്കയുണ്ടാകും. എംഎൽഎയായിരുന്ന എച്ച് സലാമിന്റെ നിരന്തര ഇടപെടലിലാണ് തെരഞ്ഞെടുപ്പിനുമുന്പ് ടെൻഡർ നടപടി പൂർത്തിയാക്കിയത്. എച്ച്എൽഎൽ ലൈഫ് കെയർ യൂണിറ്റാണ് നിർമാണം നടത്തുക.










0 comments