print edition ചട്ടം ലംഘിച്ച് ആരോഗ്യവകുപ്പ്; വിജ്ഞാപനം അട്ടിമറിച്ച് വീണ്ടും സ്ഥലംമാറ്റം


അഖില ബാലകൃഷ്ണൻ
Published on Nov 27, 2026, 01:48 AM | 1 min read
തിരുവനന്തപുരം : ആരോഗ്യവകുപ്പിൽ പൊതുസ്ഥലംമാറ്റത്തിനുള്ള സമയക്രമം നിശ്ചയിച്ച് ഉത്തരവിറങ്ങിയതിന് തൊട്ടുപിന്നാലെ മാനദണ്ഡം ലംഘിച്ച് വീണ്ടും കൂട്ടസ്ഥലംമാറ്റം. പൊതുസ്ഥലംമാറ്റ വിജ്ഞാപനം വന്നുകഴിഞ്ഞാൽ അച്ചടക്ക നടപടിയല്ലാതെ മറ്റ് സ്ഥലംമാറ്റങ്ങൾ നടത്താൻ പാടില്ലെന്ന കർശന വ്യവസ്ഥയുണ്ട്. ഇത് അട്ടിമറിച്ചാണ് ജീവനക്കാരുടെ അവകാശം നിഷേധിച്ച് ഉത്തരവുകളിറങ്ങിയത്.
ആരോഗ്യവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി എ പി എം മുഹമ്മദ് ഹനീഷ് തിങ്കളാഴ്‌ചയാണ് പൊതുസ്ഥലംമാറ്റത്തിനുള്ള മാർഗനിർദേശങ്ങളും സമയക്രമവും പുറത്തിറക്കിയത്. ഡിസംബർ ഒന്നിന് അപേക്ഷ ക്ഷണിച്ച് 2027 ഏപ്രിൽ 30-നകം സ്ഥലംമാറ്റ നടപടികൾ പൂർത്തിയാക്കണമെന്നാണ് ഉത്തരവിൽ. സംസ്ഥാനതലത്തിൽ ഉത്തരവിറങ്ങിയശേഷമേ ജില്ലാതല സ്ഥലംമാറ്റ പട്ടിക പ്രസിദ്ധീകരിക്കാവൂ എന്നും പ്രത്യേകം നിർദേശമുണ്ട്. എന്നാൽ, വിജ്ഞാപനം ഇറങ്ങിയതിനുപിന്നാലെ 24, 25, 26 തീയതികളിലായി തിരുവനന്തപുരം(10), കൊല്ലം (17), പത്തനംതിട്ട (10), ഇടുക്കി (7), കണ്ണൂർ (4) ജില്ലകളിലെ ജില്ലാ മെഡിക്കൽ ഓഫീസർമാർ വിവിധ തസ്-തികകളിലുള്ള നിരവധി ജീവനക്കാരെ സ്ഥലംമാറ്റി.
പൊതുസ്ഥലംമാറ്റ പട്ടികയിലൂടെ അർഹരായ ജീവനക്കാർക്ക് ലഭിക്കേണ്ട ഒഴിവുകളിലേക്കാണ് ‘ഭരണസൗകര്യം' എന്ന പേരിൽ തിരക്കിട്ട് നിയമനം നടത്തിയത്. ഉത്തരവുകളിൽ 25–ാം തീയതിയിലെ ആരോഗ്യവകുപ്പ് ഡയറക്-ടറുടെ ഉത്തരവ് പ്രകാരമാണ് സ്ഥലംമാറ്റിയതെന്ന് പരാമർശിച്ചിട്ടുണ്ട്. എന്നാൽ, അത്തരമൊരു ഉത്തരവ് ഡയറക്-ടറുടെ വെബ്‌സൈറ്റിൽപോലും ലഭ്യമല്ല. സ്ഥലംമാറ്റിയ ജീവനക്കാരെ പകരക്കാരെ കാത്തുനിൽക്കാതെ ഉടൻ തന്നെ ജോലിയിൽ നിന്ന് വിടുതൽ ചെയ്യണമെന്ന് സ്ഥാപന മേധാവികൾക്ക് ഡിഎംഒമാർ കർശന നിർദ്ദേശവും നൽകി. രാഷ്ട്രീയ പ്രേരിത സ്ഥലംമാറ്റങ്ങൾക്കെതിരെ ജീവനക്കാരിൽ പ്രതിഷേധം ശക്തമാണ്.








0 comments