ബി ഗോപാലകൃഷ്ണന്റെ വിദ്വേഷപ്രസംഗത്തിന്റെ ആഘാതം എങ്ങനെ മറികടക്കും; തെരഞ്ഞെടുപ്പ് കമ്മീഷനോട് ഹൈക്കോടതി

കൊച്ചി: ഗുരുവായൂരിലെ ബിജെപി സ്ഥാനാർത്ഥി ബി ഗോപാലകൃഷ്ണന്റെ വിദ്വേഷ പരാമർശങ്ങൾക്കെതിരെ കർശന നിലപാടുമായി ഹൈക്കോടതി. ഗോപാലകൃഷ്ണന്റെ പ്രസ്താവന രാജ്യത്തിനും സമൂഹത്തിനും ഉണ്ടാക്കിയ ആഘാതം എങ്ങനെ മറികടക്കുമെന്നും, ഇത് തടയാൻ തെരഞ്ഞെടുപ്പ് കമ്മീഷൻ എന്ത് നടപടിയാണ് സ്വീകരിച്ചതെന്നും കോടതി ചോദിച്ചു.
വിദ്വേഷ പ്രസംഗങ്ങൾ ജനാധിപത്യ പ്രക്രിയയെയും സാമൂഹിക ഐക്യത്തെയും തകർക്കുന്നതാണെന്ന് കോടതി നിരീക്ഷിച്ചു. ഇത്തരം പ്രവണതകൾക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷൻ സ്വീകരിച്ച നടപടികൾ വിശദീകരിക്കാൻ കോടതി ആവശ്യപ്പെട്ടു.
ഗുരുവായൂരിൽ കഴിഞ്ഞ 50 വർഷമായി ഹിന്ദു എംഎൽഎ ഇല്ലെന്നും ഇടതു-വലതു മുന്നണികൾ ഹിന്ദു വിഭാഗത്തിൽ നിന്നുള്ളവരെ സ്ഥാനാർത്ഥിയായി പരിഗണിക്കുന്നില്ലെന്നുമായിരുന്നു ഗോപാലകൃഷ്ണന്റെ പ്രകോപനപരമായ പ്രസംഗം.
മലപ്പുറം ജില്ലയിലെ സ്ഥാനാർത്ഥി നിർണ്ണയത്തെയും വർഗീയമായ രീതിയിൽ അദ്ദേഹം പരാമർശിച്ചു. വിദ്വേഷ പ്രസംഗം വിവാദമായതോടെ മണ്ഡലം വരണാധികാരി ഷീബ എസ് നൽകിയ പരാതിയിൽ ഗോപാലകൃഷ്ണനെതിരെ പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തു.
വിവിധ വിഭാഗങ്ങൾക്കിടയിൽ ശത്രുത വളർത്താൻ ശ്രമിച്ചതിന് മൂന്ന് വർഷം വരെ തടവ് ലഭിക്കാവുന്ന കുറ്റമാണ് ചെയ്തിരിക്കുന്നതെന്നും കോടതി പറഞ്ഞു. മതവികാരം വ്രണപ്പെടുത്തുന്ന തരത്തിൽ പ്രചരണം നടത്തിയതിനും കേസെടുത്തിട്ടുണ്ട്.
സംഭവത്തിൽ ജില്ലാ കളക്ടറോട് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ രത്തൻ യു ഖേൽക്കർ റിപ്പോർട്ട് തേടിയിട്ടുണ്ട്. റിപ്പോർട്ട് ലഭിച്ചാലുടൻ തുടർനടപടികൾ ഉണ്ടാകുമെന്നും വർഗീയ പരാമർശങ്ങൾക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടി സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.










0 comments