print edition എസ് ശ്രീജിത്തിനെതിരെ വിജിലൻസ് അന്വേഷണമില്ല; ആഭ്യന്തരവകുപ്പിന് വീണ്ടും രൂക്ഷവിമർശം

കൊച്ചി: ഡിജിപി എസ് ശ്രീജിത്ത് എഡിജിപിയായിരിക്കെ അനുമതിയില്ലാതെ വിദേശയാത്ര നടത്തിയെന്നും സ്വകാര്യ സ്ഥാപനത്തിന്റെ ഉദ്ഘാടനത്തിൽ യൂണിഫോം ധരിച്ച് പങ്കെടുത്തെന്നുമുള്ള പരാതിയിൽ ഇപ്പോൾ വിജിലൻസ് അന്വേഷണമില്ലെന്ന് ആഭ്യന്തര വകുപ്പ് ഹൈക്കോടതിയെ അറിയിച്ചു. വിജിലൻസ് വകുപ്പിന്റെ ചുമതലയുള്ള അഡീ. ചീഫ് സെക്രട്ടറി മിൻഹാജ് ആലമാണ് ഹൈക്കോടതിയിൽ നേരിട്ട് ഹാജരായി ഇക്കാര്യം അറിയിച്ചത്.
ഇപ്പോൾ ഇല്ലെങ്കിൽ പിന്നെ എപ്പോൾ അന്വേഷണം ഉണ്ടാകുമെന്ന് കോടതി ആരാഞ്ഞു. ആഭ്യന്തര സെക്രട്ടറിയുടേത് പ്രധാന തസ്-തികയാണെന്നും ഉത്തരവാദിത്തം കാണിച്ചില്ലെങ്കിൽ നിരന്തരം വിളിച്ചുവരുത്തുമെന്നും കോടതിയലക്ഷ്യം നേരിടേണ്ടി വരുമെന്നും ജസ്റ്റിസ് എ ബദറുദ്ദീൻ മുന്നറിയിപ്പ് നൽകി.
കോടതിയിൽ ഹാജരാകാതിരിക്കാൻ അഡീ.ചീഫ് സെക്രട്ടറി കീഴുദ്യോഗസ്ഥനെക്കൊണ്ട് അവധി അപേക്ഷ സമർപ്പിച്ചതിനെയും സിംഗിൾബെഞ്ച് വിമർശിച്ചു. ഇത് വില്ലേജ് ഓഫീസോ താലൂക്ക് ഓഫീസോ അല്ല, സംസ്ഥാനത്തെ പരമോന്നത കോടതിയാണ്. നടപടികൾ അതിന്റേതായ ഗൗരവത്തിലെടുക്കണമെന്നും ഓർമിപ്പിച്ചു.
എസ് ശ്രീജിത്തിനെതിരെ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജിയിൽ മുൻ ഉത്തരവ് നടപ്പാക്കാത്തതാണ് ഹൈക്കോടതിയുടെ വിമർശത്തിനിടയാക്കിയത്. നടപടിക്കായി കൂടുതൽ സമയം തേടിയാണ് അഡീ. ചീഫ് സെക്രട്ടറി മറ്റൊരു ഉദ്യോഗസ്ഥൻ മുഖേന അപേക്ഷ സമർപ്പിച്ചത്. സാവകാശം ആവശ്യപ്പെടണമെങ്കിൽ നേരിട്ട് അപേക്ഷ നൽകണമെന്നും ക്ലർക്ക് മുഖേനയല്ല വേണ്ടതെന്നും കോടതി പറഞ്ഞു. ഈ ശൈലി തുടർന്നാൽ വലിയ പിഴ ചുമത്തുമെന്നും അറിയിച്ചു.
ശ്രീജിത്തിനെതിരെ പരാതി നൽകിയ ദിപിൻ എടവനയെ തനിച്ചിരുത്തി ഹിയറിങ് നടത്തണമെന്ന കോടതി നിർദേശം പാലിക്കുമെന്ന് മിൻഹാജ് ആലം അറിയിച്ചതിനാൽ ഹർജി തീർപ്പാക്കി. ആരോപണവിധേയനെയും പരാതിക്കാരനെയും ഒരുമിച്ചിരുത്തി മൊഴിയെടുക്കാനുള്ള വിജിലൻസിന്റെ നീക്കമാണ് കോടതിയുടെ അതൃപ്തിക്ക് ഇടയാക്കിയത്.










0 comments