ad
Deshabhimani

print edition നീതിക്ക്‌ നൽകേണ്ടത്‌ ജീവിതം

hani babu
avatar
കെ എ നിധിൻ നാഥ്‌ [email protected]

Published on Feb 19, 2026, 02:15 AM | 2 min read


തൃശൂർ

‘നിയമം അതിന്റെ വഴിക്ക്‌ പോകും, എന്തായാലും ഇത്‌ പെട്ടെന്ന്‌ അവസാനിക്കുന്ന പോരാട്ടമല്ല. നീതി ലഭിക്കുമെന്ന്‌ തന്നെയാണ്‌ പ്രതീക്ഷ. എത്ര സമ്മർദമുണ്ടായാലും കോടതി നിഷ്‌പക്ഷമായി പ്രവർത്തിക്കുമെന്ന വിശ്വാസമുണ്ട്‌. പക്ഷേ, അന്തിമ തീർപ്പിന്‌ നൽകേണ്ടത്‌ ബാക്കിയുള്ള ജീവിതമാകും’ –ഭീമ കൊറേഗാവ്‌ കേസിൽ യുഎപിഎ ചുമത്തി ജയിലിലടയ്‌ക്കപ്പെട്ട മലയാളി ഹാനിബാബു പറഞ്ഞു. അഞ്ച്‌ വർഷവും നാലു മാസവും കഴിഞ്ഞാണ്‌ സ്വാതന്ത്ര്യത്തിന്റെ വായു ശ്വസിക്കുന്നത്‌. ജാമ്യം ലഭിച്ചശേഷം ഉമ്മ ഫാത്തിമയെ കാണാൻ കോടതിയുടെ പ്രത്യേക അനുമതിയോടെയാണ്‌ സ്വദേശമായ തൃശൂരിലെത്തിയത്‌. വൈകി ലഭിക്കുന്ന നീതി, നിഷേധിക്കപ്പെടുന്ന നീതിയാണ്.


ആറുവർഷമായി വിചാരണ പോലും തുടങ്ങിയിട്ടില്ല. തടവറയിൽനിന്ന് പുറത്തുവന്നെങ്കിലും ജീവിതം സാധാരണ നിലയിലാകാൻ ഒരുപാട്‌ ദൂരം താണ്ടണം. നിയന്ത്രണങ്ങൾക്ക്‌ നടുവിലാണ്‌ ജീവിതം. ബോംബെ ഹൈക്കോടതി പരിധി വിട്ട്‌ പോകാൻ കോടതിയുടെ അനുമതി വേണം. മുംബൈയിൽ താമസിക്കാൻ സ്ഥലം അന്വേഷിച്ച്‌ ഒരുപാട്‌ നടന്നു. ഫോൺ അന്വേഷകസംഘത്തിന്റെ കസ്റ്റഡിയിലാണ്‌. നന്പർ നഷ്‌ടമായി. ബാങ്ക്‌ അക്ക‍ൗണ്ട്‌, യുപിഐ ഇടപാട്‌, ആധാർ കാർഡ്‌ എല്ലാം വീണ്ടും ശരിയാക്കേണ്ടി വന്നു. ഡൽഹി സർവകലാശാലയിൽനിന്ന്‌ സസ്‌പെൻഷനിലാണ്‌. ജോലി തിരികെ ലഭിക്കാൻ കത്ത്‌ നൽകിയിട്ടുണ്ട്‌.


നവി മുംബൈ തലോജ സെൻട്രൽ ജയിലിലെ ചെറിയ സെല്ലിൽ ആദ്യ 30 ദിവസം പുറത്തിറങ്ങാനായില്ല. ആരെയും കാണാനുമായില്ല. തമിഴും ഉറുദുവും അറബിയും പഠിച്ചും കുറേ വായിച്ചും എഴുതിയുമാണ്‌ അഞ്ച്‌ വർഷം ചെലവിട്ടത്‌. ക്വാണ്ടം തിയറി പഠിക്കാനുള്ള ശ്രമം നടന്നില്ല. നീതി ലഭിക്കുമെന്ന വിശ്വാസത്തിൽ നഷ്‌ടമായ നാളുകൾ തിരിച്ചുപിടിക്കാനുള്ള യാത്രയിലാണ്‌.


​കേരളത്തിൽ 
ചികിത്സാച്ചെലവ്‌ കുറവ്‌

തിമിരശസ്‌ത്രക്രിയ ചെയ്യണം. മുംബൈയിൽ 1.5 ലക്ഷം രൂപ വേണം. ഇവിടെയാണെങ്കിൽ 40,000 മതി. അവിടെ ഡോക്‌ടറെ കാണാൻ 1000 മുതൽ 3000വരെയാണ്‌ ചെലവ്‌. കേരളത്തിൽ വിശ്വസിച്ച്‌ ചികിത്സിക്കാനാകും. മുംബൈയിൽ പലയിടത്തും ശരിയായ ചികിത്സ ലഭിക്കില്ല. വലിയ ആശുപത്രികളിൽ പോകാൻ സാധാരണക്കാർക്ക്‌ കഴിയില്ലെന്നും ഹാനിബാബു പറഞ്ഞു.


ഡൽഹി സർവകലാശാലയിൽ ഇംഗ്ലീഷ്‌ വിഭാഗം അസോസിയേറ്റ്‌ പ്രൊഫസറായിരുന്ന ഹാനിബാബുവിനെ 2020 ജൂലൈ 28നാണ്‌ എൻഐഎ അറസ്‌റ്റ്‌ ചെയ്‌തത്‌. തൃശൂർ പുന്നയൂർക്കുളത്താണ്‌ കുടുംബവീട്‌. വർഷങ്ങളായി തൃശൂർ കേരളവർമ കോളേജിനു സമീപമാണ്‌ കുടുംബം താമസിക്കുന്നത്‌. ഭാര്യ: ജെന്നി റൊവേന.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home