ജിം ട്രെയിനറെ കൊല്ലാന്‍ ശ്രമിച്ച കേസ്: പ്രതികള്‍ പിടിയില്‍

പ്രതീകാത്മക ചിത്രം
കണ്ണൂർ: കണ്ണൂരിൽ ജിം ട്രെയിനറെ ക്രിക്കറ്റ് ബാറ്റ് കൊണ്ട് അടിച്ചു കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതികൾ പിടിയിൽ. കീഴുന്ന സ്വദേശികളായ സി പി അർജുൻ (20), കെ വി റിവിത്ത് (32), ദീഷിത്ത്, തോട്ടട സ്വദേശി കൃഷ്ണദാസ് (25) എന്നിവരെയാണ് എടക്കാട് പൊലീസ് ബംഗളൂരുവിൽ നിന്ന് പിടികൂടിയത്.
കീഴുന്ന പാലപറമ്പ് മുത്തപ്പൻ ക്ഷേത്രത്തിന് സമീപത്തെ ജിം ട്രെയിനറായ പി പി റജീഷിന് നേരെയാണ് ആക്രമണമുണ്ടായത്. ജൂൺ ഏഴിന് രാത്രി 11.30 ഓടെയാണ് കേസിനാസ്പദമായ സംഭവം. വീട്ടിലേക്ക് നടന്നു പോവുകയായിരുന്ന റജീഷിനെയും സുഹൃത്തിനെയും പ്രതികൾ തടഞ്ഞുനിർത്തുകയായിരുന്നു. തുടർന്ന് ക്രിക്കറ്റ് ബാറ്റും മരത്തിന്റെ പട്ടികയും ഉപയോഗിച്ച് അടിച്ച് മാരകമായി പരിക്കേൽപ്പിച്ചു. നിസ്സാര കാര്യത്തിന്റെ പേരിലുണ്ടായ വാക്കേറ്റമാണ് കൊലപാതക ശ്രമത്തിൽ കലാശിച്ചത്. ഗുരുതരമായി പരിക്കേറ്റ റജീഷ് ചാലയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.
ആക്രമണത്തിന് ശേഷം പ്രതികൾ വിവിധ സ്ഥലങ്ങളിൽ ഒളിവിൽ കഴിയുകയായിരുന്നു. കാർ മാർഗം കൂത്തുപറമ്പിലെത്തിയ പ്രതികൾ പിന്നീട് ബസ് മാർഗമാണ് മൈസൂരിലെത്തിയത്. പ്രതികൾക്ക് ബംഗളൂരുവിൽ ഒളിത്താവളം ഒരുക്കി നൽകിയ തലശ്ശേരി സ്വദേശിയും കീഴുന്നയിലെ റിസോർട്ട് മാനേജറുമായ ഷഹബാസിനെയും പൊലീസ് പിടികൂടിയിട്ടുണ്ട്. ബംഗളൂരുവിലെ ഹോട്ടൽ മുറിയിൽ നിന്നാണ് ഇവരെല്ലാം പിടിയിലായത്.
എടക്കാട് പൊലീസ് ഇൻസ്പെക്ടർ അനൂപ് കുമാറിന്റെ മേൽനോട്ടത്തിൽ എസ്ഐ ഖലീൽ എം പി, പൊലീസ് ഉദ്യോഗസ്ഥരായ ലിനീഷ്, ലവൻ, റിജിൽ നിധീഷ്, നിതിൻ, സനിത്ത്, മിഥുൻ, നിധീഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്. വധശ്രമത്തിന് കേസെടുത്ത പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.









0 comments