എൽദോസ് പോളിനും ട്രീസ ജോളിക്കും ജി വി രാജ പുരസ്‌കാരം; ലൈഫ്ടൈം അച്ചീവ്മെന്റ് പുരസ്‌കാരം ഡോ. പി ടി ജോസഫിന്

തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ ജി വി രാജ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു. 2022 ലെ കോമൺവെൽത്ത് ഗെയിംസിൽ സ്വർണം നേടിയ ട്രിപ്പിൾജമ്പ് താരം എൽദോസ് പോൾ, ഏഷ്യൻ വനിതാ ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിൽ സ്വർണം നേടിയ ട്രീസ ജോളി എന്നിവർക്കാണ് പുരസ്‌കാരം. 3 ലക്ഷം രൂപയും ഫലകവും പ്രശസ്‌തിപത്രവും സമ്മാനിക്കും.
ഒളിമ്പ്യൻ സുരേഷ് ബാബു സ്‌മാരക ലൈഫ് ടൈം അച്ചീവ്മെന്റ് അവാർഡിന് അധ്യാപകനും പരിശീലകനുമായ ഡോ. പി ടി ജോസഫ് അർഹനായി. 2 ലക്ഷം രൂപയും ഫലകവും പ്രശസ്തിപത്രവുമാണ് പുരസ്‌കാരം. ആൻസി സോജൻ ഉൾപ്പെടെയുള്ള താരങ്ങളുടെ നേട്ടങ്ങൾക്ക് സംഭാവന നൽകിയ അനൂപ് ജോസഫിനെ മികച്ച പരിശീലകനായും തിരഞ്ഞെടുത്തു. കോളേജ് വിഭാഗത്തിലെ മികച്ച കായികാധ്യാപകനായി ഡോ. സി എസ് സദാനന്ദനെയും മികച്ച കോളേജായി ഇരിങ്ങാലക്കുട സെന്റ് ജോസഫ്‌സ് കോളേജിനെയും തിരഞ്ഞെടുത്തു. മികച്ച സ്പോർട്‌സ് ഹോസ്റ്റൽ കായികതാരമായി വോളിബോളിലെ എഡ്വിൻ പോൾ സിബിയും പി അനാമികയും തെരഞ്ഞെടുക്കപ്പെട്ടു.
മലയാള മനോരമയിലെ അജയ് ബെന്നിനെ മികച്ച റിപ്പോർട്ടറായും മാതൃഭൂമിയിലെ കെ കെ സന്തോഷിനെ മികച്ച ഫോട്ടോഗ്രാഫറായും തിരഞ്ഞെടുത്തു. മികച്ച സ്പോർട്‌സ് ദൃശ്യമാധ്യമ പരിപാടി പുരസ്‌കാരം ഏഷ്യാനെറ്റിലെ ശ്രാവൺ കൃഷ്‌ണയ്‌ക്കും കായികപുസ്‌തക പുരസ്‌കാരം ബി ടി സിജിൻ രചിച്ച 'ഉണരൂ ആരാധകരേ ഉണരൂ'വിനും ലഭിച്ചു. അന്തർദേശീയ പാരാപവർലിഫ്റ്റിങ് താരം ജോബി മാത്യു, മുൻ ഇന്ത്യൻ ഗോൾ കീപ്പർ വിക്ടർ മഞ്ഞില എന്നിവർ പ്രത്യേക പരാമർശത്തിന് അർഹരായി.
അഞ്‌ജു ബോബി ജോർജ്, പി ആർ ശ്രീജേഷ്, ഡോ. ബിനു ജോർജ് വർഗീസ്, സനിൽ പി തോമസ് എന്നിവരുൾപ്പെട്ട സമിതിയാണ് പുരസ്‌കാരങ്ങൾ നിർണയിച്ചത്. ചൊവ്വ വൈകിട്ട് 6.30ന് തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തിൽ നടക്കുന്ന സ്‌പോർട്‌സ് നൈറ്റിൽ പുരസ്‌കാരങ്ങൾ വിതരണം ചെയ്യും. ചടങ്ങിൽ ദേശീയ, അന്തർദേശീയ മത്സരങ്ങളിൽ ശ്രദ്ധേയമായ പ്രകടനം കാഴ്ചവച്ചവരെ ആദരിക്കും.









0 comments