Deshabhimani

ലഷ്‌കർ ഭീകരരുടെ ഒളിത്താവളമായ വീട് എൻഐഎ കണ്ടുകെട്ടി

nia
വെബ് ഡെസ്ക്

Published on Oct 12, 2026, 09:10 PM | 1 min read

ശ്രീനഗർ: പാകിസ്ഥാൻ ഭീകരസംഘടനയായ ലഷ്‌കർ-ഇ-തൊയ്ബയുടെ ഭീകരർ ഒളിത്താവളമായി ഉപയോഗിച്ചിരുന്ന ശ്രീനഗറിലെ വീട് എൻഐഎ കണ്ടുകെട്ടി. ശ്രീനഗറിന്റെ പ്രാന്തപ്രദേശമായ ദാനിഹാമയിലുള്ള വീടാണ് യുഎപിഎ പ്രകാരം കണ്ടുകെട്ടിയത്.


കേസിലെ പ്രതിയായ ഗുലാം മുഹമ്മദ് മിർ എന്ന മാമ ഗാസിന്റെ ഉടമസ്ഥതയിലുള്ളതാണ് വീട്. പാക് ഭീകരരായ അബു ഹുറൈറയ്ക്കും ഖുബൈബിനും ഇവിടെ അഭയം നൽകുകയും അവർക്ക് ആവശ്യമായ സഹായങ്ങൾ ഒരുക്കുകയും ചെയ്തെന്നാണ് എൻഐഎയുടെ കണ്ടെത്തൽ. വീട്ടിൽ നടത്തിയ പരിശോധനയിൽ ഭീകരപ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട തെളിവുകൾ ലഭിച്ചതായും ഏജൻസി അറിയിച്ചു.


മാർച്ച് 31-ന് ശ്രീനഗറിലെ സാക്കൂറ പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസ് പിന്നീട് എൻഐഎ ഏറ്റെടുക്കുകയായിരുന്നു. അന്വേഷണത്തിൽ ഭീകരർക്ക് അഭയവും മറ്റ് സഹായങ്ങളും നൽകുന്ന പ്രാദേശിക ഓവർഗ്രൗണ്ട് വർക്കർമാരുടെ ശൃംഖല കണ്ടെത്തിയതായും എൻഐഎ വ്യക്തമാക്കി.


പാകിസ്ഥാൻ ആസ്ഥാനമായുള്ള ഭീകരസംഘങ്ങളുമായി ഏകോപിച്ച് പ്രവർത്തിക്കുന്നവരാണ് ഇവരെന്നാണ് ആരോപണം. ഭീകരർക്ക് അഭയം നൽകുകയും അവരുടെ നീക്കങ്ങൾക്ക് സഹായം ചെയ്യുകയും ചെയ്യുന്നവർക്കെതിരായ നടപടികളുടെ ഭാഗമായാണ് സ്വത്ത് കണ്ടുകെട്ടിയത്. ഭീകരരെ സഹായിക്കുന്നവർക്കെതിരെയും കർശന നടപടി തുടരുമെന്ന് സുരക്ഷാ ഉദ്യോഗസ്ഥർ അറിയിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home