print edition ഗുരുവായൂരിൽ വിഷുക്കണി ദർശിച്ച് ആയിരങ്ങൾ

ഗുരുവായൂർ ക്ഷേത്രം
ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്രത്തിൽ വിഷുക്കണി ദർശിച്ച് ആയിരങ്ങൾ. തലേദിവസം രാവിലെ വിഷുക്കണിദർശനത്തിനായുള്ള പ്രത്യേക വരിയിൽ വിശ്വാസികൾ സ്ഥാനം പിടിച്ചിരുന്നു. തിരക്ക് കണക്കിലെടുത്ത് പ്രത്യേക ക്രമീകരണങ്ങളാണ് ഗുരുവായൂർ ക്ഷേത്രത്തിൽ ഒരുക്കിയിരുന്നത്. ബുധൻ പുലർച്ചേ 2.55 മുതൽ 3.55 വരെയുള്ള ഒരു മണിക്കൂറായിരുന്നു വിഷുക്കണി ദർശനം. ക്ഷേത്രത്തിലെ നാഴികമണി രണ്ടടിച്ചതോടെ മേൽശാന്തി ടി എം നാരായണൻ നമ്പൂതിരി ആദ്യം കണികണ്ട ശേഷം ദേവനെ കണികാണിച്ചു.
ക്ഷേത്രത്തിലെ സ്വർണ തിടമ്പ് ആലവട്ടവും വെഞ്ചാമരവും കൊണ്ടലങ്കരിച്ച് സ്വർണ സിംഹാസനത്തിൽവച്ചിരുന്നു. ഇതിന് താഴെയായാണ് കീഴ്ശാന്തിമാർ ചേർന്ന് ഓട്ടുരുളിയിൽ കണിക്കോപ്പ് ഒരുക്കിയിരുന്നത്. ഓട്ടുരുളിയിൽ അഷ്ടമംഗല്യവും കോടിമുണ്ടും വാൽക്കണ്ണാടിയും ഗ്രന്ഥവും നാണയവും വെച്ച് കണിഒരുക്കി. കാർഷിക സംസ്കാരത്തിന്റെ ഓർമപ്പെടുത്തലായി കണിവെള്ളരിയും ചക്കയും മാങ്ങയും ഉൾപ്പെടെയുള്ള ഫലങ്ങളും കണിത്താലത്തിൽ നിറഞ്ഞു. വിഷുക്കണി ദർശനത്തിനായി കിഴക്കേ ഗോപുരവാതിൽ തുറന്നതോടെ ജനം ക്ഷേത്രത്തിലേക്ക് ഓടിക്കയറി. കണിയും കണ്ട് തൊഴുതു. ദർശനം കഴിഞ്ഞവർക്ക് മേൽശാന്തി വിഷുകൈ നീട്ടം നൽകി. വിഷുക്കണി ദർശനത്തിനുശേഷം ക്ഷേത്രത്തിൽ നിർമാല്യം വാകച്ചാർത്ത് സപ്തശുദ്ധി അഭിഷേകം തുടങ്ങിയ പതിവ് ചടങ്ങുകൾ നടന്നു. വിഷുക്കണി ദർശനം സാധ്യമാകാത്തവർ അതിനുശേഷം ദർശനം നടത്തി.










0 comments