print edition ഗ്രേറ്റ് കേരള ഫെസ്റ്റിവൽ തുടങ്ങി ; 90 ദിവസത്തെ വിപണനോത്സവം

കൊച്ചി
വ്യാപാരികൾക്കും ഉപഭോക്താക്കൾക്കും ഷോപ്പിങ് ആഘോഷമൊരുക്കി ഗ്രേറ്റ് കേരള ഫെസ്റ്റിവലിന് (ജികെഎഫ്) തുടക്കമായി. 90 ദിവസത്തെ വിപണനോത്സവത്തിൽ അവശ്യസാധനങ്ങളുൾപ്പെടെ ഓഫറിൽ വാങ്ങാമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു. വ്യാപാരികൾക്ക് ഫെസ്റ്റിവലിന്റെ ഭാഗമാകാൻ www.greatkeralafestival.com വെബ്സൈറ്റിലൂടെ രജിസ്റ്റർചെയ്യാം.
ഉപഭോക്താക്കളെയും വ്യാപാരികളെയും ബന്ധിപ്പിച്ച്, പരമ്പരാഗത ഷോപ്പിങ് രീതികളും ഡിജിറ്റൽ സാധ്യതകളും സമന്വയിപ്പിച്ചാണ് വിപണനമേള. ചെറുകിട വ്യാപാരികളുടെ ഉൽപ്പന്നങ്ങൾക്ക് ഡിജിറ്റൽ പ്ലാറ്റ്‌ഫോം നൽകുന്നതിലൂടെ വലിയ സാധ്യതയാണ് തുറക്കുന്നത്.
കേരളത്തിലുടനീളം ഉപഭോക്താക്കളെ കാത്തിരിക്കുന്നത് ഉറപ്പായ സമ്മാനങ്ങളും ഓഫറുകളുമാണെന്ന് ഭാരവാഹികൾ പറഞ്ഞു. പരസ്യപ്രചാരണങ്ങൾ വഴിയും ഓൺലൈൻ മാർക്കറ്റിങ്ങിലൂടെയും ജികെഎഫ് ക്യൂആർ കോഡുകൾ ലഭിക്കും. ഇവ സ്കാൻ ചെയ്താൽ സമീപത്തെ കടകളിലെ ഓഫറുകൾ ലഭിക്കും. ജനുവരി 31 വരെ ഫെസ്റ്റിവൽ തുടരുമെന്ന് ജികെഎഫ് മൊമെന്റ്‌സ് പാർട്‌ണർമാരായ ഫ്രാൻസിസ് കണ്ണൂർക്കാടൻ, മുഹമ്മദ് ഷഹ്‌ജാദ്, വ്യാപാരി വ്യവസായി സമിതി സംസ്ഥാന സെക്രട്ടറി ഇ എസ് ബിജു, ജില്ലാ ട്രഷറർ അബ്ദുൾ വാഹിദ് എന്നിവർ പറഞ്ഞു.











0 comments