എസ് എസ് എൽ സി, ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി ഗ്രേസ് മാർക്ക്: മാനദണ്ഡങ്ങളിൽ ഭേദഗതി

തിരുവനന്തപുരം: കേരള സർക്കാർ എസ് എസ് എൽ സി, ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി വിദ്യാർത്ഥികൾക്ക് നൽകുന്ന ഗ്രേസ് മാർക്കിന്റെ മാനദണ്ഡങ്ങളിൽ ഭേദഗതി വരുത്തി പുതിയ ഉത്തരവ് ഇറക്കി . വിദ്യാർത്ഥികളുടെ അക്കാദമിക് നേട്ടങ്ങളോടൊപ്പം കല, ശാസ്ത്രം, കായികം, സാമൂഹിക സേവനം തുടങ്ങിയ മേഖലകളിൽ കൂടുതൽ അംഗീകാരം നൽകുകയാണ് പുതിയ ഭേദഗതിയുടെ പ്രധാന ലക്ഷ്യമെന്ന് ഉത്തരവിൽ വ്യക്തമാക്കുന്നു.
സംസ്ഥാന സ്കൂൾ കലോത്സവം, ശാസ്ത്രമേള, സംസ്ഥാനതല ശാസ്ത്ര സെമിനാർ, സി വി രാമൻ ഉപന്യാസ മത്സരം, ശ്രീനിവാസ രാമാനുജൻ മെമ്മോറിയൽ പേപ്പർ പ്രെസന്റേഷൻ, സംസ്ഥാനതല വാർത്താവായന മത്സരം, ശാസ്ത്ര ടാലന്റ് സെർച്ച് പരീക്ഷ, സാമൂഹ്യശാസ്ത്ര ടാലന്റ് സെർച്ച് പരീക്ഷ, ഗണിതശാസ്ത്ര ടാലന്റ് സെർച്ച് പരീക്ഷ, ശാസ്ത്രമാഗസിൻ മത്സരം തുടങ്ങിയ ഇനങ്ങളിൽ എ ഗ്രേഡിന് 20 മാർക്ക്, ബി ഗ്രേഡിന് 15 മാർക്ക്, സി ഗ്രേഡിന് 10 മാർക്ക് നൽകും. ഒന്നാം, രണ്ടാം, മൂന്നാം സ്ഥാനങ്ങൾ നിശ്ചയിക്കുന്ന ഇനങ്ങളിൽ യഥാക്രമം 20, 17, 14 മാർക്കുകൾ അനുവദിക്കും.
കേരള സ്കൂൾ സ്‌കിൽ ഫെസ്റ്റിവലിലെ 19 തത്സമയ മത്സര ഇനങ്ങൾക്കും എ ഗ്രേഡിന് 20, ബി ഗ്രേഡിന് 15, സി ഗ്രേഡിന് 10 മാർക്ക് ലഭിക്കും. പ്രത്യേക സ്കൂൾ കലോത്സവത്തിൽ എ ഗ്രേഡ് 25, ബി ഗ്രേഡ് 20, സി ഗ്രേഡ് 15 മാർക്കുകളാണ് അനുവദിച്ചിരിക്കുന്നത്. ജൂനിയർ റെഡ് ക്രോസിന് 10 മാർക്കും സ്റ്റുഡന്റ് പോലീസ് കേഡറ്റ് പദ്ധതിക്ക് 20 മാർക്കും നൽകും. സംസ്ഥാന ബാലശാസ്ത്ര കോൺഗ്രസിൽ എ ഗ്രേഡിന് 20, ബി ഗ്രേഡിന് 15, സി ഗ്രേഡിന് 10 മാർക്കും ദേശീയ ബാലശാസ്ത്ര കോൺഗ്രസിൽ ദേശീയതലത്തിൽ പങ്കെടുക്കുന്നവർക്ക് 25 മാർക്കും അനുവദിച്ചിട്ടുണ്ട്.
സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് പ്രവർത്തനങ്ങളിൽ ഹൈയർ സെക്കൻഡറി വിഭാഗത്തിൽ 80 ശതമാനം ഹാജറോടുകൂടിയ പങ്കാളിത്തത്തിന് 25 മാർക്ക് ലഭിക്കും. രാജ്യപുരസ്കാർ അല്ലെങ്കിൽ ചീഫ് മിനിസ്റ്റർ ഷീൽഡ് നേടിയവർക്ക് 40 മാർക്കും രാഷ്ട്രപതി അവാർഡ് നേടിയവർക്ക് 50 മാർക്കും നൽകും. ഹൈസ്കൂൾ വിഭാഗത്തിൽ 80 ശതമാനം ഹാജറുള്ള പങ്കാളിത്തത്തിന് 18 മാർക്ക്, രാജ്യപുരസ്കാർ അല്ലെങ്കിൽ ചീഫ് മിനിസ്റ്റർ ഷീൽഡിന് 20 മാർക്ക്, രാഷ്ട്രപതി അവാർഡിന് 25 മാർക്ക് അനുവദിച്ചിട്ടുണ്ട്.
എൻ സി സി പ്രവർത്തനങ്ങളിലും വിവിധ തലങ്ങളിൽ ഗ്രേസ് മാർക്ക് അനുവദിച്ചിട്ടുണ്ട്. റിപ്പബ്ലിക് ഡേ പരേഡ് ക്യാമ്പ്, ഓൾ ഇന്ത്യ നൗസൈനിക് ക്യാമ്പ്, ഓൾ ഇന്ത്യ വായു സൈനിക് ക്യാമ്പ്, എസ് പി എൽ , നാഷണൽ ഇന്റഗ്രേഷൻ ക്യാമ്പ്, യൂത്ത് എക്സ്ചേഞ്ച് പ്രോഗ്രാം തുടങ്ങിയ കേന്ദ്രതല ക്യാമ്പുകളിൽ പങ്കെടുക്കുന്ന എൻ സി സി കേഡറ്റുകൾക്ക് 40 മാർക്ക് നൽകും. മറ്റു എൻ.സി.സി പരിശീലന ക്യാമ്പുകളിൽ പങ്കെടുക്കുന്നവർക്ക് 30 മാർക്കും 75 ശതമാനം അല്ലെങ്കിൽ അതിൽ കൂടുതൽ പരേഡ് ഹാജർ ഉള്ളവർക്ക് 20 മാർക്കും അനുവദിക്കും
എൻ എസ് എസ് പ്രവർത്തനങ്ങളിൽ റിപ്പബ്ലിക് ഡേ ക്യാമ്പിൽ പങ്കെടുത്ത വോളണ്ടിയർമാർക്ക് 40 മാർക്ക്, ദേശീയ തല ക്യാമ്പുകളിൽ പങ്കെടുത്തവർക്ക് 25 മാർക്ക്, എൻ.എസ്.എസ് സർട്ടിഫിക്കറ്റ് ഉള്ളവർക്ക് 20 മാർക്ക് നൽകും. ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾക്ക് 15 മാർക്കും ജവഹർലാൽ നെഹ്രു നാഷണൽ സയൻസ് എക്സിബിഷനിൽ പങ്കെടുക്കുന്നവർക്ക് 25 മാർക്കും നൽകും. ബാലശ്രീ അവാർഡ് നേടിയവർക്ക് 15 മാർക്കും അനുവദിച്ചിട്ടുണ്ട്.
കേരള സ്റ്റേറ്റ് ലീഗൽ സർവീസസ് അതോറിറ്റിയുടെ ക്വിസ് മത്സരത്തിൽ ഒന്നാം സ്ഥാനം നേടുന്ന ടീമിന് 5 മാർക്കും രണ്ടാം സ്ഥാനം നേടുന്ന ടീമിന് 3 മാർക്കും അനുവദിക്കും.സർവോത്സവം മത്സരങ്ങളിൽ എ ഗ്രേഡ് നേടിയവർക്ക് 15 മാർക്കും ബി ഗ്രേഡ് നേടിയവർക്ക് 10 മാർക്കും നൽകും.സതേൺ ഇന്ത്യ സയൻസ് ഫെയറിൽ ആദ്യ മൂന്ന് സ്ഥാനങ്ങൾ നേടുന്ന വിദ്യാർത്ഥികൾക്ക് 22 മാർക്ക് ഗ്രേസ് മാർക്കായി അനുവദിക്കും.
സ്കൂൾ സോഷ്യൽ സർവീസ് സ്കീം പ്രവർത്തനങ്ങളിൽ എ ഗ്രേഡ് നേടിയവർക്ക് 25 മാർക്കും ബി ഗ്രേഡ് നേടിയവർക്ക് 15 മാർക്കും സി ഗ്രേഡ് നേടിയവർക്ക് 10 മാർക്കും നൽകും.വൈ ഐ പി ശാസ്ത്രപഥം സംസ്ഥാനതല വിജയികൾക്ക് 10 മാർക്ക് ഗ്രേസ് മാർക്കായി അനുവദിക്കും.
കായിക രംഗത്തും ഉയർന്ന ഗ്രേസ് മാർക്കുകൾ അനുവദിച്ചിട്ടുണ്ട്. അന്താരാഷ്ട്ര മത്സരങ്ങളിൽ ഒന്നാം സ്ഥാനത്തിന് 100 മാർക്ക്, രണ്ടാം സ്ഥാനത്തിന് 90 മാർക്ക്, മൂന്നാം സ്ഥാനത്തിന് 80 മാർക്ക് ലഭിക്കും. അന്താരാഷ്ട്ര മത്സരങ്ങളിൽ പങ്കെടുക്കുന്നവർക്ക് 75 മാർക്ക് അനുവദിക്കും. ദേശീയ മത്സരങ്ങളിൽ ഒന്നാം സ്ഥാനത്തിന് 50, രണ്ടാം സ്ഥാനത്തിന് 45, മൂന്നാം സ്ഥാനത്തിന് 40 മാർക്ക് ലഭിക്കും. ദേശീയ മത്സരങ്ങളിൽ പങ്കെടുക്കുന്നവർക്ക് 35 മാർക്കും അനുവദിച്ചിട്ടുണ്ട്.
പൊതുവിദ്യാഭ്യാസ വകുപ്പ് നടത്തുന്ന കായിക മത്സരങ്ങളിൽ ഒന്നാം സ്ഥാനത്തിന് 20 മാർക്ക്, രണ്ടാം സ്ഥാനത്തിന് 17, മൂന്നാം സ്ഥാനത്തിന് 14, നാലാം സ്ഥാനത്തിന് 10, അഞ്ചാം സ്ഥാനത്തിന് 8, ആറാം സ്ഥാനത്തിന് 6, ഏഴാം സ്ഥാനത്തിന് 4, എട്ടാം സ്ഥാനത്തിന് 2 മാർക്ക് അനുവദിക്കും.
വിവിധ ഇനങ്ങളിൽ വിദ്യാർത്ഥികൾക്ക് ഗ്രേസ് മാർക്കിന് അർഹത ലഭിച്ചാൽ അതിൽ ഏറ്റവും കൂടുതൽ മാർക്ക് ലഭിക്കുന്ന ഒരു ഇനത്തിന് മാത്രമേ ഗ്രേസ് മാർക്ക് അനുവദിക്കൂ. കൂടാതെ ഗ്രേസ് മാർക്ക് ഒരിക്കൽ മാത്രമേ നൽകൂ; പിന്നീട് അഡ്മിഷനിൽ അധിക ഇൻഡക്സ് അല്ലെങ്കിൽ ബോണസ് മാർക്ക് അനുവദിക്കില്ലെന്നും ഉത്തരവിൽ വ്യക്തമാക്കുന്നു. 2025 ജൂൺ 1 മുതൽ 2026 മേയ് 31 വരെ നടന്ന മത്സരങ്ങളിൽ ലഭിച്ച സർട്ടിഫിക്കറ്റുകൾ മാത്രമേ ഗ്രേസ് മാർക്കിനായി പരിഗണിക്കുകയുള്ളൂ എന്നും സർക്കാർ വ്യക്തമാക്കി.ഇത്തരത്തിലുള്ള ഭേദഗതികൾ വിദ്യാർത്ഥികളുടെ സമഗ്ര വളർച്ച പ്രോത്സാഹിപ്പിക്കാനും വിവിധ മേഖലകളിലെ കഴിവുകൾ അംഗീകരിക്കാനും സഹായകരമാകുമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് വിലയിരുത്തുന്നു.











0 comments