print edition വഖഫ് ബോർഡിലെ അമുസ്ലിം നിയമനം: സർക്കാർ സത്യവാങ്‌മൂലം ആർഎസ്‌എസിനുള്ള ഉറപ്പ്

റഷീദ് ആനപ്പുറം
Published on Jul 21, 2026, 12:00 AM | 1 min read
തിരുവനന്തപുരം: കേരള വഖഫ് ബോർഡിലെ അമുസ്ലിങ്ങളുടെ നിയമനവുമായി ബന്ധപ്പെട്ട ഹർജിക്ക് മറുപടിയായി സംസ്ഥാന സർക്കാർ ഹൈക്കോടതിയിൽ നൽകിയ സത്യവാങ്‌മൂലം വ്യക്തമാക്കുന്നത് ആർഎസ്‌എസ് നയം നടപ്പാക്കുമെന്ന ഉറപ്പ്. കേന്ദ്ര സർക്കാർ കൊണ്ടുവന്ന വഖഫ് നിയമ ഭേദഗതിയിലെ ഏറ്റവും അപകടംപിടിച്ച ഭാഗം ബോർഡിൽ രണ്ട് അമുസ്ലിങ്ങളുടെ പങ്കാളിത്തമാണ്. ഇതുൾപ്പെട്ട 14–ാം വകുപ്പ് കർശനമായി പാലിച്ച് ബോർഡ് പുനഃസംഘടിപ്പിക്കുമെന്നാണ് സംസ്ഥാന സർക്കാർ ഹൈക്കോടതിയിൽ സത്യവാങ്‌മൂലം നൽകിയത്.
മാർച്ചിൽ എൽഡിഎഫ് സർക്കാർ നിയമിച്ച വഖഫ് ബോർഡിൽ മുസ്ലിം ഇതര അംഗമില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് ഷോൺ ജോർജ് ഹൈക്കോടതിയിൽ ഹർജി നൽകിയത്. വഖഫ് നിയമത്തിലെ 14-ാം വകുപ്പ് പ്രകാരമാണ് സംസ്ഥാന വഖഫ് ബോര്‍ഡ് രൂപീകരിക്കുന്നത്. പുതിയ ഭേദഗതിപ്രകാരം 11ല്‍ കവിയാത്ത അംഗങ്ങളെ സര്‍ക്കാര്‍ നോമിനേറ്റ് ചെയ്യണം. അംഗങ്ങളില്‍ രണ്ടുപേര്‍ അമുസ്ലിം ആയിരിക്കണം. ഭേദഗതി സംബന്ധിച്ച ഹർജി സുപ്രീംകോടതിയുടെ മുന്നിലായതിനാൽ ആ അംഗങ്ങളെ ഒഴിവാക്കിയുള്ള ഒന്പതുപേരെയാണ് നിയമിച്ചത്. സുപ്രീംകോടതിയുടെ അന്തിമവിധി വന്നശേഷമേ രണ്ടുപേരുടെ കാര്യത്തിൽ തീരുമാനമാകൂ.
മുഖ്യമന്ത്രി, വഖഫ് മന്ത്രി, അഡ്വക്കറ്റ് ജനറൽ, സ്‌പെഷ്യൽ ഗവ.പ്ലീഡർ എന്നിവരുടെ അറിവോടെയാണ് യുഡിഎഫ് സർക്കാർ ആർഎസ്‌എസ് അനുകൂല തീരുമാനമെടുത്തത്.ബി ജെപി ഭരിക്കുന്ന സംസ്ഥാനങ്ങൾ മാത്രമാണ് അമുസ്ലിങ്ങളെ ബോർഡിൽ ഉൾപ്പെടുത്തിയിട്ടുള്ളത്.
ഇൗ വിഷയത്തിൽ കൊടിയ വഞ്ചന കാണിച്ചത് ലീഗാണ്. ന്യുനപക്ഷ സമുദായങ്ങളെ അവർ വഞ്ചിച്ചു. ലീഗ് അധ്യക്ഷൻ നിരവധി പള്ളികളുടെ ഖാസിയാണ്. ഇതിൽ പല മഹല്ലുകമ്മിറ്റികൾക്കും കോടികൾ വിലമതിക്കുന്ന വഖഫ് ആസ്തിയുണ്ട്. ഇൗ ആസ്‌തികളുടെ ഭാവി ഇനി അപകടത്തിലാകും.










0 comments