ad
Deshabhimani

ദുർഘട മേഖലയിൽ സമഗ്ര ആരോഗ്യ പരിരക്ഷ ഉറപ്പാക്കാൻ സർക്കാർ; ട്രൈബൽ മൾട്ടി പർപ്പസ് സെന്റർ മലപ്പുറത്ത് സജ്ജം

Tribal Multipurpose Center
വെബ് ഡെസ്ക്

Published on Feb 19, 2026, 05:22 PM | 2 min read

മലപ്പുറം: സംസ്ഥാനത്തെ ആദ്യത്തെ ട്രൈബൽ ഹബ്ബ് (ട്രൈബൽ മൾട്ടി പർപ്പസ് സെന്റർ) മലപ്പുറം വാളാംന്തോട്ടിൽ സജ്ജമായി. ദുർഘട മേഖലയിലുള്ള ആദിവാസി നഗറുകളിൽ സമഗ്ര ആരോഗ്യ പരിരക്ഷ ഉറപ്പുവരുത്തുന്നതിനായി ആരോഗ്യ വകുപ്പിന് കീഴിൽ അനുവദിച്ച കേരളത്തിലെ ആദ്യത്തെ ട്രൈബൽ മൾട്ടിപർപ്പസ് സെന്ററാണ് മലപ്പുറം ജില്ലയിലെ ചാലിയാർ പഞ്ചായത്തിലെ വാളംന്തോട് ട്രൈബൽ ഹബ്ബ്.


വിവിധ സർക്കാർ വകുപ്പുകളുടെ സേവനങ്ങളും അടിസ്ഥാന സൗകര്യങ്ങളും എത്തിപ്പെടാൻ പ്രയാസമുള്ള ഉൾനാടൻ ഗോത്രവർഗ മേഖലകളിൽ എല്ലാ സേവനങ്ങളും ഒരൊറ്റ മേൽക്കൂരയ്ക്ക് കീഴിൽ ലഭ്യമാക്കുക എന്നതാണ് ഈ സെന്ററിന്റെ ലക്ഷ്യമെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ് പറഞ്ഞു. നിലവിൽ ജനകീയ ആരോഗ്യ കേന്ദ്രങ്ങൾ മുഖേനെ ലഭിച്ചുവരുന്ന സേവനങ്ങൾക്ക് പുറമേ മറ്റ് സേവനങ്ങളും ഈ ഹബ്ബിലൂടെ നൽകുന്നു. ആരോഗ്യവകുപ്പ്, ഐസിഡിഎസ്, ഐടിഡിപി, തദ്ദേശ സ്വയംഭരണ വകുപ്പ് തുടങ്ങിയ വകുപ്പുകളുടെ ഏകോപനത്തോടെയാണ് ഈ സെന്ററിന്റെ പ്രവർത്തനം. ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്‌സിന്റെ സേവനവും ഉറപ്പുവരുത്തും. കൂടാതെ വാളാന്തോട് മേഖലയിലെ ആദിവാസി നഗറുകളിലെ ഊരുമിത്രം ആശമാർ, അംഗൻവാടി പ്രവർത്തകർ തുടങ്ങിയവരും ഈ കേന്ദ്രവുമായി ചേർന്ന് പ്രവർത്തിക്കുമെന്നും മന്ത്രി വ്യക്തമാക്കി.


ചാലിയാർ ഗ്രാമപഞ്ചായത്തിൽ മലപ്പുറം കോഴിക്കോട് ജില്ലകളുടെ അതിർത്തി പങ്കിടുന്ന മലയോര പ്രദേശമാണ് വാളംന്തോട്. ദുർഘട മേഖലയിലുള്ള ആദിവാസി നഗറുകളായ വെണ്ടേക്കുംപൊയിൽ, അമ്പുമല, സുപ്രീംനഗർ, തോട്ടപ്പള്ളി, നായാടംപൊയിൽ, കണ്ടിലപ്പാറ എന്നീ ട്രൈബൽ നഗറുകളിൽ നിന്നും 37 കിലോമീറ്റർ യാത്ര ചെയ്തുവേണം ചാലിയാർ കുടുംബാരോഗ്യ കേന്ദ്രത്തിലേക്ക് എത്താൻ. ചുരം റോഡ് വഴിയുള്ള ഗതാഗത സൗകര്യം വളരെ കുറവായതിനാൽ ഈ നഗറുകളിലെ ഗോത്ര ജനവിഭാഗങ്ങൾക്ക് ചികിത്സാ സൗകര്യം ലഭ്യമാക്കുക എന്നത് കഠിനമായിരുന്നു. ഈ പ്രയാസങ്ങൾ തിരിച്ചറിഞ്ഞാണ് 67.5 ലക്ഷം രൂപ ചെലവഴിച്ച് സമഗ്ര ആരോഗ്യ പരിരക്ഷയ്ക്കായി കെട്ടിടം നിർമ്മിച്ചത്.


ഗോത്രവർഗ ജനവിഭാഗങ്ങളെ സർക്കാർ മേഖലയിലുള്ള വിവിധ സ്വയംതൊഴിൽ പരിശീലന കേന്ദ്രങ്ങളിലേക്ക് എത്തിക്കുന്നതിനും അഭ്യസ്തവിദ്യരായ ഗോത്ര ജനതയ്ക്ക് അവരുടെ വിദ്യാഭ്യാസ യോഗ്യതയ്ക്ക് അനുസരിച്ച് സർക്കാർ, അർദ്ധ സർക്കാർ, സ്വകാര്യ മേഖലകളിൽ തൊഴിൽ കണ്ടെത്തുന്നതിനും ഈ സെന്റർ സഹായിക്കുന്നു. വിവിധ സാമൂഹിക-സാമ്പത്തിക പദ്ധതികളെ കുറിച്ചുള്ള വിവരങ്ങൾ നൽകുന്ന ഏകജാലക സംവിധാനമായും ഇത് പ്രവർത്തിക്കും. ആരോഗ്യ മേഖലയുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ ബോധവൽക്കരണ പരിപാടികൾ നടത്താനും ഈ കേന്ദ്രം ഉപയോഗിക്കും.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home