ശശികല ഭീഷണിപ്പെടുത്തിയെന്ന് ഗോപികയുടെ കുടുംബം; ’ആഭ്യന്തര വകുപ്പ് നടപടിയെടുക്കണം’

ഗോപികയുടെ മാതാപിതാക്കൾ വാർത്താസമ്മേളനത്തിൽ
പാലക്കാട്: നെടുമ്പാശേരിയിൽ കാറപകടത്തിൽ കൊല്ലപ്പെട്ട ഗോപികയുടെ കുടുംബത്തെ ഹിന്ദു ഐക്യവേദി നേതാവ് കെ പി ശശികല ഭീഷണിപ്പെടുത്തിയെന്ന് ഗോപികയുടെ അച്ഛന്റെ സഹോദരൻ എം ആർ അനിൽകുമാർ. അർധരാത്രി എന്തിനാണ് ഇവർ പുറത്തുപോയതെന്ന് ചോദിച്ചാണ് അപമാനിക്കുന്നത്. ഇക്കാര്യം പുറത്തുപറഞ്ഞ തനിക്കെതിരെ ‘മാനഷ്ടത്തിന് കേസ് കൊടുക്കുമെന്നും കരുതിയിരുന്നോളൂ’ എന്നാണ് ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തിയതെന്ന് അനിൽകുമാർ മാധ്യമങ്ങളോട് പറഞ്ഞു.
ഞങ്ങളുടെ മകൾ പോയി. ആ വേദനയിൽ കഴിയുന്നവരെ അപമാനിക്കുകയാണ് ശശികല. ഇതിനെതിരെ സർക്കാർ നടപടിയെടുക്കണം. അനവധി പോസ്‌റ്റുകൾ സർക്കാർ നിർദേശം അനുസരിച്ച് മെറ്റ നീക്കംചെയ്യുന്നുണ്ടല്ലോ. ഇതും നീക്കംചെയ്യാൻ ആഭ്യന്തര വകുപ്പ് നടപടിയെടുക്കണം. രാത്രി പുറത്തിറങ്ങാൻ നിയന്ത്രണമില്ലാത്ത നാടാണിത്. ഞങ്ങളുടെ കുടുംബം എങ്ങനെയാണ് ജീവിക്കുന്നതെന്ന് അവർ അന്വേഷിക്കട്ടെ. മരിച്ച കുട്ടികളെ അപമാനിക്കുന്ന ശശികലയെപ്പോലുള്ളവർക്കെതിരെ ആഭ്യന്തര വകുപ്പ് നടപടിയെടുക്കണമെന്നും അനിൽകുമാർ പറഞ്ഞു. പട്ടാമ്പി കോളേജിലെ റിട്ട. മലയാളം അധ്യാപകനാണ് ഇദ്ദേഹം.









0 comments